ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷത്തില്‍ 30 കോടി, സല്‍മാനെയും ഷാരൂഖിനെയും വീഴ്ത്തി മഹേഷ് ബാബു
മുംബൈ: ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. ഇവരില്‍ പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടവരാണ്. എന്നാല്‍ ഇവരില്‍ പലരും അതൊന്നും പരസ്യമാക്കാറില്ല. ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍ അത്തരത്തിലുള്ള സംഘടനയാണ്. സോനു സൂദ് കൊവിഡ് സമയത്ത് നിരവധി പേരെ സഹായിക്കാനായി രംഗത്തിറങ്ങിയിരുന്നു.
അങ്ങനെ നിരവധി താരങ്ങളും ജീവകാരുണ്യത്തിനായി മുന്നിട്ടിറങ്ങാറുണ്ട്. എന്നാല്‍ പല ബോളിവുഡ് താരങ്ങളെയും പിന്നിലാക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ താരം ജീവകാരുണ്യ പ്രവര്‍ത്തനത്തിലുണ്ട്. സ്വന്തം വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഈ താരം ചാരിറ്റിക്കായിട്ടാണ് ചെലവിടുന്നത്.

മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല ആ സൂപ്പര്‍ താരം. തെലുങ്ക് സിനിമയിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മഹേഷ് ബാബുവാണ് തന്റെ ചാരിറ്റി പ്രവര്‍ത്തനം കൊണ്ട് പ്രശസ്തി നേടിയത്. സിനിമയുടെ കാര്യത്തിലും അതുപോലെ തന്നെ ജീവകാരുണ്യത്തിലും മഹേഷ് മുന്നിട്ട് നില്‍ക്കുന്നുണ്ട്. രണ്ട് ദശാബ്ദം നീണ്ട കരിയറില്‍ മഹേഷ് ബാബു വലിയ ആസ്തി തന്നെ സിനിമയില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.
ഇതില്‍ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് താരം ഉപയോഗിക്കുന്നത്. ഇത് മറ്റേതെരു താരത്തേക്കാള്‍ വളരെ കൂടുതലാണ്. തന്റെ വാര്‍ഷിക വരുമാനത്തില്‍ മുപ്പത് ശതമാനം മഹേഷ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് നീക്കി വെക്കുന്നത്.
മുപ്പത് ശതമാനം എന്നാല്‍ മുപ്പത് കോടിയോളം മഹേഷ് ചാരിറ്റിക്കായി നല്‍കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. ഏതൊരു താരത്തെയും സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമാണിത്. മഹേഷ് ബാങ്ക് നിരവധി എന്‍ജിഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കുറച്ചെണ്ണം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.
മഹേഷിന്റെ ഉടമസ്ഥതയിലുള്ള ഈ എന്‍ജിഒകളിലൊന്ന് റെയിന്‍ബോ ചിള്‍ഡ്രന്‍ ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ആയിരത്തില്‍ കുട്ടികള്‍ക്ക് ഇതുവരെ മഹേഷ് ബാബുവിന്റെ സഹായത്താല്‍ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
രണ്ട് ഗ്രാമങ്ങളെയും മഹേഷ് ദത്തെടുത്തിട്ടുണ്ട്. ഈ ഗ്രാമങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, വൈദ്യുതി, സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം മഹേഷ് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം മഹേഷ് ബാബു തെലുങ്ക് സിനിമയില്‍ ബാലതാരമായിട്ടാണ് അരങ്ങേറിയത്. 1979ല്‍ അരങ്ങേറിയ ശേഷം ബാലതാരമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.
24ാം വയസ്സിലാണ് താരം നായകനാവുന്നത്. മുരാരി, ഒക്കഡു പോലുള്ള ചിത്രങ്ങളിലൂടെയാണ് മഹേഷ് താരമായത്. പോക്കിരിയിലൂടെ സൂപ്പര്‍ താരവുമായിരുന്നു. ദൂക്കുഡു, ബിസിനസ്മാന്‍ പോലുള്ള ചിത്രങ്ങള്‍ മഹേഷിന്റെ വന്‍ വിജയങ്ങളായിരുന്നു. എസ്എസ് രാജമൗലിയുടെ ചിത്രത്തിലാണ് മഹേഷ് ഇനി അഭിനയിക്കുക.












Click it and Unblock the Notifications