രാജമൗലി ചിത്രത്തിനായി പ്രതിഫലം കുറച്ച് മഹേഷ് ബാബു? ആ നിര്‍ണായക തീരുമാനവും എടുത്തു, വാങ്ങുന്നത് ഇത്ര
ഗുണ്ടൂര്‍ കാരത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മഹേഷ് ബാബു മെഗാ ഡയറക്ടര്‍ എസ്എസ് രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഗുണ്ടൂര്‍ കാരം തന്നെ വമ്പന്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ കൂടിയാണ് മഹേഷ് ബാബു ആയിരം കോടിയോളം ബജറ്റ് വരുന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ആമസോണ്‍ കാടുകളുടെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആരാധകര്‍ ഇപ്പോഴേ വന്‍ പ്രതീക്ഷയിലാണ്.

സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു 29 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേര്. മഹേഷ് ബാബുവിന്റെ കരിയറിലെ 29ാം ചിത്രമാണിത്. മഹേഷ് ബാബു കരിയറില്‍ ഇതുവരെ എടുക്കാത്ത തീരുമാനങ്ങളാണ് രാജമൗലി ചിത്രത്തിനായി എടുത്തിരിക്കുന്നത്. ജര്‍മന്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ പ്രത്യേക മെഡിക്കല്‍ ബോഡി വര്‍ക്കൗട്ടുകളാണ് മഹേഷ് നടത്തുന്നത്.
ഇതെല്ലാം വിദേശത്ത് വെച്ചാണ് നടത്തുന്നത്. കഥാപാത്രമാകാന്‍ വലിയ പരിശീലനമാണ് മഹേഷ് നടത്തുന്നത്. ഇതുവരെ ഇല്ലാത്ത തരത്തില്‍ ശരീര മാറ്റങ്ങള്‍ മഹേഷില്‍ നിന്ന് ഈ ചിത്രത്തിലുണ്ടാവും. സ്‌ക്രിപ്റ്റ് അടക്കം മികച്ചതായതും, രാജമൗലി ചിത്രമായത് കൊണ്ടുമാണ് ഇത്തരമൊരു പരീക്ഷണത്തിന് മഹേഷ് സ്വയം വിട്ടുകൊടുത്തിരിക്കുന്നത്.
ചിത്രത്തിലെ മഹേഷ് ബാബുവിന്റെ പ്രതിഫലം നേരത്തെ ചര്‍ച്ചയായിരുന്നു. 130 കോടി പ്രതിഫലം താരം വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ തീരുമാനത്തിലേക്ക് മഹേഷ് എത്തിയിരിക്കുകയാണ്. ചിത്രത്തിനായി മഹേഷ് പ്രതിഫലം കുറച്ചിരിക്കുകയാണ്. സാധാരണ രാജമൗലിയുടെ സിനിമകള്‍ക്ക് നായകന്മാരെല്ലാം വലിയ പ്രതിഫലം വാങ്ങാറുണ്ട്.
ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. തന്റെ പ്രതിഫലം വെട്ടിക്കുറച്ചത് മാത്രമല്ല, ഒരു രൂപ പോലും വേണ്ടെന്നാണ് മഹേഷ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പകരം ചിത്രം പൂര്‍ത്തിയായി, റിലീസ് ചെയ്ത ശേഷം പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഫലത്തിന് പകരം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് മഹേഷ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ നിന്നുള്ള ലാഭവും, ലാഭ വിവിഹതവുമാണ് മഹേഷിന്റെ പ്രതിഫലം. ചിത്രത്തിന് മറ്റ് സാമ്പത്തിക പ്രതിസന്ധികളൊന്നും വരാതിരിക്കാന്‍ കൂടിയാണ് മഹേഷ് ഈ തീരുമാനമെടുത്തത്. മഹേഷ് ബാബുവിന്റെ രണ്ട് വര്‍ഷത്തെ ഡേറ്റുകളാണ് രാജമൗലി ചിത്രത്തിനായി വാങ്ങിയിരിക്കുന്നത്.
രാജമൗലി ചിത്രത്തിലേക്ക് നായികയായി ദീപിക പദുക്കോണിനെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യന്‍ നടി ചെല്‍സി ഇലാനും ചിത്രത്തിലുണ്ടായേക്കും. രാജമൗലി ചിത്രം ആഗോള തലത്തില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് വിദേശത്തത്തുള്ളവരെയും കൂടി ആകര്‍ഷിക്കാനാണ് നായികമാരായി ഇവരെ ഉള്‍പ്പെടുത്തുന്നത്.












Click it and Unblock the Notifications