പാര്‍വതിയേക്കാള്‍ മൂന്നിരട്ടി, മാളവികയുടെ പ്രതിഫലം ഇങ്ങനെ; വിക്രമിന് തങ്കലാനില്‍ ലഭിച്ചത് ഇത്ര
ചെന്നൈ: ഈ സ്വാതന്ത്ര്യ ദിനത്തില്‍ തമിഴ് സിനിമാലോകത്ത് വമ്പന്‍ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പാ രഞ്ജിത്തിന്റെ തങ്കലാന്‍. വിക്രമിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് തങ്കലാനില്‍ കണ്ടിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയിലറിലും പോസ്റ്ററുകളിലുമെല്ലാം വിക്രമിന്റെ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു.
തീര്‍ത്തും മനസ്സിലാവാത്ത തരത്തിലുള്ള രൂപമാറ്റമാണ് വിക്രം ഈ ചിത്രത്തിനായി സ്‌ക്രീനില്‍ കൊണ്ടുവന്നത്. അതിന്റെ ഫലം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പതിനഞ്ച് കോടിയോളം ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ട്.

അതേസമയം ചിത്രത്തില്‍ ഓരോ താരത്തിനും ലഭിച്ചിരിക്കുന്ന പ്രതിഫലം വളരെ വലുതാണ്. എന്നാല്‍ നായികമാര്‍ തമ്മിലുള്ള പ്രതിഫലത്തില്‍ വലിയ വ്യത്യാസമുണ്ട്. വിക്രമാണ് തങ്കലാന്‍ എന്ന ടൈറ്റില്‍ ക്യാരക്ടറെ അവതരിപ്പിച്ചത്. തമിഴിലെ സൂപ്പര്‍ താരം കൂടിയായതിനാല്‍ വിക്രമിനാണ് ചിത്രത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത്.
25 കോടിയാണ് വിക്രമിന് തങ്കലാനില്‍ ലഭിച്ച പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളിയായ നടി മാളവികയും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. മാളവികയ്ക്കാണ് പക്ഷേ പാര്‍വതിയേക്കാള്‍ പ്രതിഫലം ലഭിച്ചത്. അഞ്ച് കോടി രൂപയാണ് മാളവികയ്ക്ക് ലഭിച്ചത്.
അതേസമയം ചിത്രത്തിലെ പ്രധാന നായികാ കഥാപാത്രമായിട്ടും, അറിയപ്പെടുന്ന താരമായിട്ടും പാര്‍വതിക്ക് പ്രതിഫലം കുറവായിരുന്നു. 70 ലക്ഷം രൂപയാണ് പാര്‍വതിക്ക് ലഭിച്ച പ്രതിഫലം. തങ്കലാനില്‍ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച പശുപതിക്ക് 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
വിക്രമിനൊപ്പം പശുപതി ഇത് അഞ്ചാം തവണയാണ് അഭിനയിക്കുന്നത്. ബ്രിട്ടീഷ് നടനായ ഡാനിയേല്‍ കാള്‍ട്ടജിറോണ്‍ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്തിട്ടുണ്ട്. പ്രധാന വില്ലനാണ് ഡാനിയേല്‍. 25 ലക്ഷം രൂപയാണ് താരത്തിന്റെ പ്രതിഫലം. സമ്പത്ത് റായിക്ക് ഇരുപത് ലക്ഷം രൂപയാണ് ലഭിച്ചത്. തങ്കലാനില്‍ ഒരുപാട് താരങ്ങളുണ്ടെങ്കിലും രണ്ട് നായികമാര്‍ തമ്മിലുള്ള പ്രതിഫലത്തിലാണ് വലിയ മാറ്റം.
തങ്കലാന്‍ സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍രാജയാണ് നിര്‍മിച്ചത്. ചിത്രത്തിന് വമ്പന്‍ ബജറ്റുമുണ്ട്. 150 കോടി രൂപ മുതല്‍ മുടക്കിലാണ് തങ്കലാന്‍ നിര്‍മിച്ചിരിക്കുന്നത്. പാ രഞ്ജിത്ത് വിക്രമിനൊപ്പം ഒരു ചിത്രം ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. രഞ്ജിത്ത് നേരത്തെ മദ്രാസ്, കബാലി, കാല, സര്‍പ്പാട്ട പരമ്പരൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ്.
രഞ്ജിത്തിന് വന്‍ തുക തന്നെ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. പത്ത് കോടിയാണ് രഞ്ജിത്തിന്റെ പ്രതിഫലം. തങ്കലാന് സംഗീതമൊരുക്കിയത് ജിവി പ്രകാശ് കുമാറാണ്. ഗാനങ്ങളെല്ലാം വമ്പന്‍ ഹിറ്റായി മാറിയിരുന്നു. മൂന്ന് കോടി രൂപയാണ് ജിവി പ്രകാശിന് പ്രതിഫലമായി ലഭിച്ചത്.












Click it and Unblock the Notifications