ഒനിയലിന്റെ ഹൃദയത്തിൽ നിന്ന് വന്ന കണ്ണീർ ആണ്; ലക്ഷ്‌മിയുടെ ജയിൽ നോമിനേഷന് കിട്ടിയ വോട്ട് കണ്ടില്ലേ?
പലവിധ പ്രശ്‌നങ്ങൾ ബിഗ് ബോസിൽ ഉണ്ടാവുന്നത് പ്രേക്ഷകർ ഓരോ ദിവസവും കാണുന്നതാണ്. പ്രത്യേകിച്ച് മലയാളം ബിഗ് ബോസ് ഏഴാം സീസൺ തുടങ്ങിയ ആദ്യ ദിനം മുതൽ പ്രശ്‌നങ്ങളുടെ ഘോഷയാത്ര ആയിരുന്നു. പല മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പല ജീവിതശൈലി പിന്തുടരുന്ന ആളുകൾ, പല വീടുകളിൽ കഴിഞ്ഞിരുന്നവർ ഒരു വീട്ടിൽ എത്തുമ്പോൾ സ്വാഭാവികമായും ചില പടലപ്പിണക്കങ്ങൾ സാധാരണയാണ്.
എന്നാൽ ബിഗ് ബോസിൽ എല്ലാം കണ്ടന്റ് ആണ്. ഇക്കുറി എല്ലാ കാര്യങ്ങളും കണ്ടന്റ് ആയി തന്നെയാണ് മുന്നോട്ട് പോവുന്നത്. അനുമോളുടെ ആര്യൻ-ജിസേൽ പുതപ്പ് വിഷയവും മറ്റും വലിയ റീച്ച് നേടുന്നത് നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് സ്വീകാര്യത കൂടുതൽ ആണെന്ന് കരുതിയിട്ടാവണം കൂടുതൽ മത്സരാർത്ഥികൾ ഈ പാത പിന്തുടരുന്നത്. അതിൽ അവസാനത്തെ ആളാണ് ബിഗ് ബോസിലെ വൈൽഡ് കാർഡ് ആയ വേദ ലക്ഷ്‌മി.

ഒനിയൽ സാബുവിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വേദ ലക്ഷ്‍മി ആരോപണം ഉന്നയിച്ചത്. മസ്‍താനിയാണ് ഇക്കാര്യത്തിൽ ഇരയെങ്കിലും അവർക്ക് പരാതി ഒന്നും ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പക്ഷേ ലക്ഷ്‌മി ഇത് ഏറ്റെടുത്ത് വലിയ വിഷയമായി ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ഹേറ്റ് നേരിടുന്നതും ലക്ഷ്‌മി തന്നെയാണ്.
മസ്‌താനിയെ ഒനിയല്‍ മോശമായി സ്‌പര്‍ശിച്ചു എന്നും അത് ബോധപൂര്‍വ്വമായിരുന്നു എന്നുമായിരുന്നു ലക്ഷ്‌മി പരസ്യമായി ആരോപിച്ചത്. മസ്‍താനി പോലും ആ വിഷയം ഗൗരവമായി എടുക്കാത്ത സാഹചര്യത്തിലാണ് കണ്ടന്റ് കിട്ടിയപ്പോൾ ലക്ഷ്‌മി ചാടിവീണതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇത്രയൊക്കെ ആണെങ്കിലും അതിപ്പോൾ ലക്ഷ്‌മിക്ക് തന്നെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുന്നുവെന്ന് വേണം പറയാൻ.
ഒരു ടാസ്‌ക് പൂർത്തിയാക്കി അതിന്റെ ഫലപ്രഖ്യാപനവേളയില്‍ വിജയിച്ച ടീമംഗമായ താന്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് നീങ്ങവെ കാൽ തെറ്റി വീണപ്പോൾ മസ്‍താനിയെ അറിയാതെ പിടിച്ചതാണെന്നും അപ്പോൾ തന്നെ താൻ മാപ്പ് പറഞ്ഞതാണെന്നും ഒനിയൽ പറഞ്ഞിരുന്നു. ഇതോടെ ബിഗ് ബോസ് വീട്ടിലെ ഭൂരിഭാഗം പേരും ഒനിയൽ സാബുവിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
തുടർന്നാണ് ജയില്‍ നോമിനേഷനിലും ലക്ഷ്‌മിയുടെ ഗെയിമിനോടുള്ള തങ്ങളുടെ എതിര്‍പ്പ് മറ്റ് മത്സരാര്‍ഥികള്‍ കൃത്യമായി അവതരിപ്പിച്ചു എന്നതാണ് ശ്രദ്ധേയായ കാര്യം. ഫലം ഒരു ജയില്‍ നോമിനേഷനില്‍ ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ടുകളില്‍ ഒന്നെന്ന നാണക്കേടിലേക്ക് ലക്ഷ്‌മി ചെന്ന് കയറി. 14 വീട്ടുകാരാണ് ലക്ഷ്‌മിക്ക് എതിരായി നോമിനേഷൻ നൽകിയിരിക്കുന്നത്.
ഇരയെന്ന് ലക്ഷ്‌മി പറയുന്ന മസ്‍താനി പോലും ലക്ഷ്‌മിയ്ക്ക് എതിരായാണ് വോട്ട് ചെയ്‌തത് എന്ന് പറയുമ്പോൾ മനസിലാവുമല്ലോ കാര്യങ്ങളുടെ കിടപ്പ്. താന്‍ സ്വകാര്യമായി ഒനീലിനോട് സംസാരിക്കാന്‍ ഉദ്ദേശിച്ച കാര്യം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്ന് മസ്‍താനി തന്നെ നോമിനേഷൻ സമയത്ത് പറയുന്നത് കേൾക്കാമായിരുന്നു. എന്തായാലും ലക്ഷ്‌മിയുടെ രീതികൾ ഒട്ടും ശരിയായില്ലെന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്.
ഒനിയൽ കരയുന്നത് ഉൾപ്പെടെ ലൈവിൽ കാണാമായിരുന്നു. ഇതിന് പിന്നാലെ പ്രേക്ഷകരും താരത്തിന് പിന്തുണ നൽകി. ഇത് ഹൃദയത്തിൽ നിന്ന് വന്ന കണ്ണീരാണ്. ഈ ഷോയിൽ ഒരിക്കലും കരയില്ല എന്ന് വിചാരിച്ച ഒരു മനുഷ്യൻ ഇങ്ങനെ പൊട്ടിക്കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. സ്വന്തം നേട്ടത്തിന് വേണ്ടി മറ്റൊരാളുടെ മേൽ ഇല്ലാത്ത ആരോപണം ഉന്നയിച്ച് വിവിധ കാർഡുകൾ പുറത്ത് എടുക്കുന്നവർ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ഒനിയലിന് നീതി വേണം; എന്നാണ് ഒരാൾ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.












Click it and Unblock the Notifications