'ജയൻ അത് പറഞ്ഞില്ലായിരുന്നെങ്കിൽ സുകുവേട്ടനും അപകടം പറ്റിയേനെ'; ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് മല്ലിക
മലയാളത്തിലെ ആദ്യ സൂപ്പർ സ്‌റ്റാർ എന്ന വിശേഷണമുള്ള താരമാണ് നടൻ ജയൻ. ആകാര ഭംഗി കൊണ്ടും അഭിനയ ശേഷി കൊണ്ടും ശൈലി കൊണ്ടുമൊക്കെ മലയാളിയുടെ സിനിമാ മോഹങ്ങളിൽ സിംഹാസനം ഇട്ടിരുന്ന ജയന്റെ വിയോഗം പക്ഷേ അകാലത്തിലായിരുന്നു. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരണപ്പെടുന്നത്.
ഇപ്പോഴിതാ ജയന്റെ മരണത്തിന് കാരണമായ കോളിളക്കം സിനിമയിലെ അപകടവും, അതിൽ സുകുമാരൻ രക്ഷപ്പെടാനുള്ള കാരണവുമൊക്കെ വ്യക്തമാക്കുകയാണ് നടിയും സുകുമാരന്റെ ഭാര്യയും കൂടിയായ മല്ലിക സുകുമാരൻ. അപ്രതീക്ഷിതമായി വന്ന ഒരു ഫോൺ കോളിലൂടെയാണ് അപകട വിവരം അറിഞ്ഞതെന്നും ഞെട്ടലുണ്ടാക്കിയെന്നും മല്ലിക കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ഒരു മൂന്ന് മൂന്നര മണിയായിക്കാണും. അന്ന് ഫിലിം ക്രിട്ടിക്‌സിന്റെ ഒക്കെ ആളായിരുന്ന മണ്ണാറക്കയം ബേബി എന്നെ വിളിച്ചിട്ട് ചോദിക്കുകയാണ് മല്ലികേ ഒരു വാർത്ത കേട്ടല്ലോ എന്ന്. ഞാൻ എന്താണെന്ന് ചോദിച്ചു. നമ്മുടെ കോളിളക്കത്തിന്റെ സ്ഥലത്ത് എന്തോ ഒരു ചെറിയ അപകടം നടന്നു. പുള്ളി കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടായിരുന്നില്ല. അത്തരം വർത്തകളായിരിക്കണം കേട്ടത്' മല്ലിക പറയുന്നു.
'സുകുവേട്ടനും ജയനും ഇന്നലെ ആ പടത്തിന്റെ ഷൂട്ടിനാണ് പോയതെന്ന് ഞാൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. ഇവർ രണ്ട് പേരും കൂടി അഭിനയിച്ച ഒരു രംഗത്തിനിടയ്ക്കാണ് പറ്റിയതെന്ന് പറഞ്ഞു. ആർക്കെങ്കിലും വല്ലതും പറ്റിയോ എന്നായിരുന്നു ഞാൻ ചോദിച്ചത്. അപ്പോൾ പുള്ളി അതിന് മാത്രം ഉത്തരം തന്നില്ല' മല്ലിക അനുഭവങ്ങൾ പങ്കുവച്ചു.
'പിന്നെ മദ്രാസിലെ ഒരുപാട് പേരുടെ നമ്പറിലേക്ക് ഞാൻ വിളിച്ചു. അടൂർ ഭാസി സാറിനെയും വിളിച്ചു. സുഗുണ സ്‌ക്രീനിന്റെ പടമായിരുന്നു അത്, ഹരിഹരൻ സാറിന്റെ. അവസാനം അവരുടെ മറുപടി വന്നു.സുകുവേട്ടന് ഒന്നും പറ്റിയില്ലെന്നും ജയന് പരിക്കുണ്ടെന്നും പറഞ്ഞു. അപ്പോഴും ഇത്രവലിയ അപകടമാണെന്ന് അറിഞ്ഞിരുന്നില്ല' അവർ പറയുന്നു.
'അപ്പോഴാണ് മണ്ണാറക്കയം ബേബി വീണ്ടും വിളിച്ചത്. സുകുമാരന് ഒരു അപകടവും പറ്റിയിട്ടില്ല. അതും ജയനാണ് കുഴപ്പമില്ലാതെ രക്ഷപെടാൻ കാരണമായത്. എന്ന് പറഞ്ഞുകൊണ്ടാണ് അപകടത്തിന്റെ കഥ മുഴുവൻ പറഞ്ഞത്. ഹെലികോപ്റ്ററിൽ സുകുവേട്ടന്റെ തോളത്ത് കൈവെച്ചിരിക്കുന്ന ജയൻ. സുകുവേട്ടനോട് എന്തെങ്കിലും ശബ്‌ദം കേട്ടാൽ വണ്ടി മുന്നോട്ട് എടുക്കാൻ പറയുകയായിരുന്നു.' മല്ലിക പറഞ്ഞു.
'അഥവാ ഞാൻ പിടിക്കുമ്പോൾ ഇതൊന്ന് ചെരിഞ്ഞത് പ്രൊപ്പല്ലർ നിന്റെ തലയിൽ എങ്ങാനും കൊണ്ട് അപകടം വരുമോ എന്നെനിക്ക് പേടിയുണ്ട് എന്നായിരുന്നു ജയൻ പറഞ്ഞത്. എന്നാൽ ഷൂട്ട് ചെയ്യുന്നതിടെ വലിയൊരു ശബ്‌ദം കേട്ട് സുകുവേട്ടൻ തിരിഞ്ഞുനോക്കുമ്പോൾ കുറച്ചുമാറി ഹെലികോപ്റ്റർ താഴെവീണ് കത്തുകയായിരുന്നു, ജയന്റെ മരണം വല്ലാത്തൊരു ഷോക്കായിരുന്നു' മല്ലിക ജയന്റെ ദാരുണന്ത്യത്തിലേക് നയിച്ച അപകടത്തെ കുറിച്ച് പറഞ്ഞു.












Click it and Unblock the Notifications