പ്രേമലുവില്‍ കുതിച്ചുയര്‍ന്ന് മമിതയുടെ താരമൂല്യം, പ്രതിഫലവും കുത്തനെ ഉയര്‍ന്നു? വാങ്ങുന്നത് ഇത്ര
മലയാളം നടിമാരില്‍ പുത്തന്‍ താരോദയമാണ് മമിത ബൈജു. നേരത്തെ തന്നെ സിനിമാ മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും സൂപ്പര്‍ ശരണ്യയിലൂടെയാണ് മമിത പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ പ്രേമലുവിലൂടെ മറ്റൊരു നടിക്കും കിട്ടാത്ത അത്ര ഉയരത്തിലേക്ക് എത്തിയിരിക്കുകയാണ് മമിത. ചിത്രം നൂറ് കോടിയില്‍ അധികം നേടി മെഗാ ബ്ലോക് ബസ്റ്റര്‍ ആയിരിക്കുകയാണ്.
തെലുങ്കിലും ചിത്രം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. എസ്എസ് രാജമൗലിയുടെ മകനാണ് പ്രേമലു ആന്ധ്രപ്രദേശില്‍ വിതരണത്തിന് എടുത്തത്. അടുത്തിടെ തമിഴില്‍ വീണ്ടും റിലീസ് ചെയ്ത ചിത്രം അവിടെയും ജനപ്രീതി നേടിയിരിക്കുകയാണ്. ചിത്രത്തിലെ നായികയായ മമിതയെയാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടമായിരിക്കുന്നത്.

മമിതയുടെ അടുത്ത ചിത്രം തമിഴിലാണ്. ജിവി പ്രകാശ് നായകനായ റിബല്‍ ആണ് ചിത്രം. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനോടകം ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമെല്ലാം ഹിറ്റായിരിക്കുകയാണ്. പ്രേമലു മൊഴി മാറ്റി ഇറങ്ങിയതോടെ തെലുങ്കില്‍ നിന്നും മമിതയെ തേടി അവസരങ്ങള്‍ വരുന്നുണ്ട്.
വിഷ്ണു വിശാലിന്റെ നായികയായും മമിതയുടെ ഒരു ചിത്രം വരാനുണ്ട്. മലയാളത്തില്‍ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമിതയുടെ അരങ്ങേറ്റം. അതിന് ശേഷം 15 ചിത്രങ്ങളാണ് നടിയുടേതായി വന്നത്. ഹണി ബീ 2, ഡാകിനി, സ്‌കൂള്‍ ഡയറി, സൂപ്പര്‍ ശരണ്യ, രണ്ട്, പ്രണയ വിലാസം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്നിവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍.
മമിതയുടെ കളര്‍ പടം എന്ന ഷോര്‍ട്ട് ഫിലിമും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം 2020ല്‍ ഖൊ ഖൊ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും മമിത സ്വന്തമാക്കിയിരുന്നു. അതേസമയം പ്രേമലു ഇറങ്ങിയതോടെ മമിത ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നായികയായി മാറുകയായിരുന്നു.
ചിത്രത്തിന്റെ വന്‍ വിജയം മറ്റ് ഭാഷകളില്‍ നിന്ന് വലിയ റോളുകള്‍ നടിയെ തേടി വരാന്‍ കാരണമായിരിക്കുകയാണ്. അത് മാത്രമല്ല പ്രേമലുവിന്റെ വിജയത്തെ തുടര്‍ന്ന് പ്രതിഫലവും മമിത ഉയര്‍ത്തിയിരിക്കുകയാണ്. വന്‍ ഡിമാന്‍ഡ് മമിതയുടെ നായിക റോളുകള്‍ക്ക് ഉള്ളതിനാല്‍ ഇത്രയും വലിയ പ്രതിഫലം നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണ്.
അതേസമയം മുപ്പത് ലക്ഷം രൂപയാണ് മമിത പ്രേമലുവിനായി പ്രതിഫലം വാങ്ങിയത്. ഇത് വലിയൊരു തുക തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിഫലം 20 ലക്ഷം രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ് നടി. 50 ലക്ഷമാണ് ഒരു ചിത്രത്തിന് മമിത പ്രതിഫലമായി വാങ്ങുന്നതെന്നാണ് സാക്ഷി.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കില്‍ നിന്നുള്ള റിപ്പോര്‍ട്ടാണിത്.
വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിലായിരിക്കും ഇത്ര വലിയ പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തെലുങ്കിലെ ആദ്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications