'എന്റെ ഒരൊറ്റ ഇടിയിൽ മമ്മൂക്ക കമഴ്ന്നുവീണു, മാപ്പ് തരണമെന്ന് ഞാൻ പറഞ്ഞു..'; വെളിപ്പെടുത്തി മനു വർമ്മ
മലയാളത്തിലെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായിരുന്നു ജഗന്നാഥ വർമ്മ. എൺപതുകളിലും തൊണ്ണൂറുകളിലും പോലീസ് വേഷങ്ങളിൽ ഉൾപ്പെടെ ജഗന്നാഥ വർമ്മയെ അറിയാത്തവർ അധികമുണ്ടാവില്ല. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മകൻ മനു വർമ്മയും സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം കൂടുതലായും ജനങ്ങളിലേക്ക് എത്തിയത്.
മൂന്നര പതിറ്റാണ്ടിൽ അധികമായി സിനിമാ രംഗത്ത് സജീവമാണ് മനു വർമ്മ. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്താനും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് അഭിനയിക്കാനും ഒക്കെ അവസരം കിട്ടിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഒരുപിടി മികച്ച വേഷങ്ങളും ഇക്കാലയളവിൽ അദ്ദേഹത്തിനെ തേടിയെത്തി.

ഭാര്യ സിന്ധു വർമ്മയും സിനിമയിലും സീരിയൽ രംഗത്തും സജീവമാണ്. മനു വർമ്മയും നിരവധി സീരിയലുകളുടെ ഭാഗമാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട താരം കൂടിയാണ് മനു വർമ്മ. സിനിമകളിൽ തുടർന്നും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ ഉള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനു വർമ്മ. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
മനു വർമ്മയുടെ വാക്കുകൾ
നീലഗിരി ചെയ്യുന്ന സമയത്താണ് മമ്മൂക്കയുമായി കൂടുതൽ കോമ്പിനേഷൻ ഉണ്ടായിരുന്നത്. അതിൽ അവസാനം മധുബാലയെ വിവാഹം കഴിക്കാൻ വരുന്ന കഥാപത്രമാണ് എന്റേത്. മധുബാലയ്ക്ക് എന്നെ ഇഷ്‌ടമല്ല. അതുകൊണ്ടാണ് സോമേട്ടന്റെ കഥാപാത്രത്തിന് അടുത്തേക്ക് പോവുന്നത്. സോമേട്ടൻ, വിദ്യാമ്മ ഇവരുടെയൊക്കെ കൂടെ ചെയ്യാൻ കഴിഞ്ഞത് എന്റെയൊക്കെ ഒരു ഭാഗ്യമായി കണക്കാക്കുന്നു. ദൈവം തന്ന ഭാഗ്യമാണ്.
അവസാനം ഞാൻ മമ്മൂക്കയുമായി എന്തോ ക്ലാഷ് വന്നിട്ട് ഒരു പഞ്ച് കൊടുക്കുന്നുണ്ട്. എനിക്ക് അന്ന് 21 വയസേ ഉള്ളൂ. അന്ന് മമ്മൂക്കയെ ഇടിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. രണ്ട് പഞ്ച് കൊടുത്തിട്ടും ക്യാമറ വച്ചിട്ട് ശരിയാവുന്നില്ല. ശശിയേട്ടൻ പറഞ്ഞു, ഇടിക്കെടാ എന്ന്. മമ്മൂക്കയും പറഞ്ഞു, നീ ഇടിക്കെടാ ഒരിടി ഞാൻ കൊണ്ടോളം എന്ന്. എനിക്ക് എന്നിട്ടും ഒരു ധൈര്യം വരുന്നില്ലായിരുന്നു.
ശരിക്കും ഇടിച്ചില്ലെങ്കിൽ ക്യാമറയിൽ ബോർ ആവും. അവസാനം ഞാൻ ഒരിടി ഇടിച്ചു. അവസാനം പുള്ളി കമഴ്ന്നുപോയി. അപ്പൊ പുള്ളി പറഞ്ഞു, ഇത് നല്ല ഇടിയായിപ്പോയി എന്ന്. ഞാൻ മാപ്പ് തരണമെന്ന് പറഞ്ഞു. പക്ഷേ എന്നോട് ഒരു സ്നേഹക്കുറവും അദ്ദേഹം കാണിച്ചിട്ടില്ല. ഫയർമാൻ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഞങ്ങൾ എട്ടോ പത്തോ പേരുണ്ടായിരുന്നു.
എന്നോടുള്ള സ്നേഹം വെളിയിൽ കാണിക്കില്ല. എല്ലാർക്കും സീൻ കൊടുത്തില്ലേ, പ്രോംപ്റ്റിംഗ് ഇല്ല കേട്ടോ എന്ന് പറയുമ്പോൾ പുള്ളി എന്നെ നോക്കുന്നുണ്ട്. നാല് പേജുള്ള സീൻ ആയാലും ഞാൻ ഡയലോഗ് പഠിക്കാറുണ്ട്. ദീപു കരുണാകരനാണ് സംവിധാകൻ. രാത്രി നൈറ്റ് സീനിൽ ഞാനും മമ്മൂക്കയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മൊത്തം സയന്റിഫിക്ക് ആയിട്ടുള്ള ഡയലോഗ് ആയിരുന്നു കൂടുതൽ. ഇടയ്ക്ക് ഞാൻ ഒന്ന് തെറ്റിച്ചു. വേഗം മമ്മൂക്കയുടെ കൈയിൽ കേറി പിടിച്ചു, സോറി പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു, അതിനെന്താടാ.. അവൻ അല്ലാതെ തന്നെ കൊനിഷ്ടു പിടിച്ച ഡയലോഗ് ആണ് പറയുന്നേ...അവനൊന്ന് പ്രോംപ്റ്റ് ചെയ്‌തു കൊടുക്ക് എന്ന്. അടുത്ത ഷോട്ടിൽ ഞാൻ അത് ഓക്കേ ആക്കി. നല്ല സ്നേഹമാണ്, എന്റെ പൊന്നിക്കയാണ്.
ഇപ്പൊ ഞാനൊരു മെസേജ് അയച്ചാലും എന്നെ തിരിച്ചുവിളിക്കും. ഇനിയിപ്പോ റംസാൻ സമയത്ത് മെസേജ് അയക്കും. തുടക്കത്തിൽ ഞാൻ അയച്ചിരുന്നു. അപ്പൊ തന്നെ തിരിച്ചുവിളിച്ചു. മമ്മൂക്കയിൽ നിന്ന് ഇതുവരെ വഴക്ക് കിട്ടിയിട്ടില്ല. പിന്നെ സിഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോൾ അത് നിർത്തിക്കൂടെട എന്ന് ചോദിച്ചിരുന്നു. ഫയർമാൻ സമയത്ത് വലിക്കുമായിരുന്നു, ഇപ്പൊ നിർത്തി.
നീലഗിരി സമയത്ത് എനിക്ക് തോന്നുന്നത് ഒരു രണ്ട് രണ്ടര പാക്കറ്റ് ഗണേഷ് ബീഡിയാണ് വലിച്ചോണ്ടിരുന്നത്. അന്ന് സിഗരറ്റ് ഉണ്ടായിരുന്നില്ല. അതിന് മുൻപ് എനിക്ക് ഓർമ്മയുള്ളത്, പുള്ളി പേടിത്തൊണ്ടൻ എസ്‌ഐ ആയി അഭിനയിച്ച സിനിമയിലാണ്. അന്ന് എന്റെ അച്ഛന്റെ പോലീസ് ട്രെയിനിംഗ് കോളജിൽ ആയിരുന്നു ഷൂട്ട് നടന്നത്.
അന്ന് എനിക്ക് ഓർമ്മയുണ്ട് ഇപ്പോഴും ജോൺ പ്ലയേഴ്‌സ് ആയിരുന്നു വലിച്ചോണ്ടിരുന്നത്. മമ്മൂക്ക പെട്ടെന്ന് നിർത്തിയതൊന്നുമല്ല. അന്ന് ഷൂട്ട് നടന്നോണ്ടിരുന്നത് ഊട്ടിയിലാണ്. മമ്മൂക്കയ്ക്ക് ഫുഡ് വന്നിരുന്നത് കോഴിക്കോട് നിന്നാണ്. ഞങ്ങളെയൊക്കെ ഉച്ചയാവുമ്പോൾ വിളിക്കും. 50 പുഴുങ്ങിയ മുട്ടയും മത്തി ഒക്കെയുണ്ടാവും.
അന്ന് എനിക്ക് ഓർമ്മയുള്ള ഒരു സംഭവം എന്തെന്നാൽ പ്രഭുവും ഖുശ്ബുവും അവിടേക്ക് ഷൂട്ടിന് വന്നിരുന്നു. മാസ്‌റ്റർ യദുവും ഉണ്ടായിരുന്നു. അപ്പൊ ഇവൻ എന്നെ പരിചയപ്പെടുത്തി. ഇത് മനു വർമ്മ, നിങ്ങളെ മാതിരി അപ്പ ഒരു ആക്‌ടർ. അത് കേട്ടയുടൻ പ്രഭു എന്നെ കെട്ടിപ്പിടിച്ചു. അതൊക്കെ എനിക്ക് ഭയങ്കര സന്തോഷമായ ഒരു സംഭവം ആയിരുന്നു.
ഇപ്പോഴും അവൻ തിളങ്ങി നിൽക്കുകയാണ്. അവനെ പോലെയൊരു നല്ല ആർട്ടിസ്‌റ്റ് വേറെയില്ല. അവനെ പോലെ നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിയുന്നൊരു വേറെ ആർട്ടിസ്‌റ്റ് ഇല്ലെന്ന് തന്നെ പറയാം. പക്ഷേ ഈ ഒരൊറ്റ കുഴപ്പമേയുള്ളൂ. ഷാജി കൈലാസ് എപ്പോഴും പറയും. നിന്നെ പോലെയല്ല അവനെന്ന്, നിന്നെ വിളിച്ചില്ലേലും നീ ഒന്നും പറയില്ല. അവനെ വിളിച്ചില്ലെങ്കിൽ അവൻ എന്നെ വിളിച്ച് തെറി പറയുമെന്ന്.
അതേസമയം, നിലവിൽ സീരിയൽ രംഗത്തും സജീവമാണ് മനു വർമ്മ. ഇടക്കാലത്ത് കൂടുതലായി മിനിസ്‌ക്രീനിൽ ആയിരുന്നു താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. മനു വർമ്മയുടെ ഭാര്യയായ സിന്ധു വർമ്മയും തിരക്കേറിയ സീരിയൽ താരമാണ്. ഇരുവരും ഒന്നിച്ച് ചില സീരിയലുകളിൽ വേഷമിടുകയും ചെയ്‌തിരുന്നു. പൂക്കാലം വരവായി എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിനിടെ മമ്മൂട്ടിയുടെ പുകവലിയെ കുറിച്ച് മനു വർമ്മ പറഞ്ഞ വാക്കുകൾ ആരാധകർ എടുത്തുപറയുന്നുണ്ട്. അടുത്തിടെയാണ് താരത്തിന് കാൻസർ ആണെന്ന തരത്തിലുള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്‌റ്റാർ ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർക്കൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഷൂട്ടിനിടയിലായിരുന്നു മമ്മൂട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്. തുടർന്നാണ് സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിൽ ചിലതും മമ്മൂട്ടിയുടെ രോഗത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവച്ചത്. എന്നാൽ തുടർച്ചയായ ഷൂട്ടിന്റെ ഫലമായുള്ള ചെറിയ ആരോഗ്യ പ്രശ്‌നം മാത്രമാണ് താരത്തിനുള്ളതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഏപ്രിൽ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ട് വീണ്ടും തുടങ്ങുമെന്ന് അണിയറ പ്രവർത്തകരും അറിയിച്ചിട്ടുണ്ട്.
ബസൂക്കയാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മില്യൺ കണക്കിന് കാഴ്‌ചക്കാരുമായാണ് ചിത്രത്തിന്റെ ട്രെയിലർ മുന്നേറുന്നത്. എല്ലാ അസുഖങ്ങളും ഭേദമായി ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി എത്തുമെന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന പ്രതീക്ഷ.












Click it and Unblock the Notifications