റിലീസിന് 2 നാള്‍, ഭ്രമയുഗത്തിനെതിരെ കുഞ്ചമന്‍ ഇല്ലം ഹൈക്കോടതിയില്‍; സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണം
കൊച്ചി: റിലീസിന് രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് അനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നാണ് ആവശ്യം. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്.
വ്യാഴാഴ്ച്ചയാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഹര്‍ജി വന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹര്‍ജിക്കാര്‍. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി അല്ലെങ്കില്‍ പുഞ്ചമന്‍ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും ഇവര്‍ പറയുന്നു.

സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‌പേരിന് ബാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം ഹര്‍ജിയില്‍ ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ചിത്രത്തില്‍ കുഞ്ചമന്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭ്രമയുഗത്തിന്റെ പോസ്റ്ററുകളിലെല്ലാം മമ്മൂട്ടി ദുര്‍മന്ത്രവാദം ചെയ്യുന്നത് കാണാമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറില്‍ നിന്ന് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് വ്യക്തമായിരുന്നു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ കുഞ്ചമന്‍ ഇല്ലക്കാരെ കുറിച്ച് പറയുന്നുണ്ടെന്നും, തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭ്രമയുഗത്തെ കുറിച്ച് ഇതുവരെ വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യ മാലയില്‍ നിന്നുള്ള കഥയാണ് എന്നതാണ്. പക്ഷേ ഭ്രമയുഗത്തിലെ കഥാപാത്രം ദുര്‍മന്ത്രവാദം ചെയ്യുന്നയാളാണ്. ഇത് കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതായും ഇവര്‍ ആരോപിക്കുന്നു.
മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഭ്രമയുഗം ഒരുപാട് സ്വാധീനിക്കാമെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. യാതൊരു വിശദീകരണവും അണിയറപ്രവര്‍ത്തകരോ സംവിധായകനോ ഇക്കാര്യത്തില്‍ അറിയിച്ചില്ല. തങ്ങളെ ഇക്കാര്യം ബന്ധപ്പെട്ടിട്ടുമില്ല.
കുടുംബത്തെ സമൂഹത്തിന് മുന്നില്‍ മനപ്പൂര്‍വം താറടിക്കാനും മാനംകെടുത്താനുമുള്ള ശ്രമമാണെന്ന് ഭയപ്പെടുന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും ചിത്രത്തില്‍ നിന്ന് നീക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications