കുഞ്ചമന്‍ പോറ്റി ഭയപ്പെടുത്തും? ഭ്രമയുഗത്തിന് 28 കോടി ബജറ്റ്; റിലീസ് മുമ്പ് ചിത്രം നേടിയത് ഇത്ര
മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി തുടര്‍ച്ചയായി വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് ചെയ്ത് വരുന്നത്. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്. ഐഎംഡിബിയില്‍ ഫെബ്രുവരി മാസത്തിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി കാണിക്കുന്നതും ഭ്രമയുഗമാണ്. ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ പോലും പുറത്തിറങ്ങിയിട്ടില്ല.
വെറുമൊരു ടീസറും അതുപോലെ ഭയപ്പെടുത്തുന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി പുറത്തുവന്നത്. ഇത്രയും ചെറിയ കാര്യങ്ങള്‍ കൊണ്ട് ഹൈപ്പ് ആകാശത്തോളം എത്തിയിരിക്കുകയാണ്. റിലീസിന് മുമ്പ് ചിത്രം നേടിയ കളക്ഷനാണ് ഇപ്പോള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നത്.

ഭ്രമയുഗം വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നുണ്ട്. ബ്രിട്ടനില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതിഗംഭീര തുടക്കമാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസിന് മുമ്പ് ലക്ഷങ്ങളാണ് അഡ്വാന്‍സിലൂടെ ചിത്രം നേടിയിരിക്കുന്നത്. 53 ലൊക്കേഷനുകളിലായിട്ടുള്ള 72 ഷോകളിലേക്കായി 1355 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് ട്വിറ്റര്‍ ഫോറമായ മൂവി പ്ലാനറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണിത്. അതായത് മൊത്തം 8.3 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. എട്ടായിരം പൗണ്ടിന് മുകളില്‍ വരുമിത്. ഒരാഴ്ച്ച കൂടി റിലീസിന് ബാക്കിയുള്ളതിനാല്‍ കളക്ഷന്‍ റെക്കോര്‍ഡ് തന്നെ ചിത്രത്തിന് ബ്രിട്ടനില്‍ നിന്ന് പ്രതീക്ഷിക്കാം.
അതേസമയം കേരളത്തില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. മികച്ച ഹൈപ്പ് ചിത്രത്തിലുള്ളതിനാല്‍ ആദ്യ ദിനത്തില്‍ റെക്കോര്‍ഡിടാനും സാധ്യത ഏറെയാണ്. നേരത്തെ കണ്ണൂര്‍ സ്‌ക്വാഡും, കാതലും അമിത പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ വന്ന് നന്നായി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.
കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന ഗ്രോസര്‍ ആവുകയും ചെയ്തിരുന്നു. ഭ്രമയുഗം ബജറ്റില്‍ അടക്കം വലിയ രീതിയില്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം ഭ്രമയുഗത്തിന്റെ യഥാര്‍ത്ഥ ബജറ്റും നിര്‍മാതാവ് പുറത്തുവിട്ടിരുന്നു. 27.73 കോടിയാണ് ബജറ്റ് എന്നാണഅ നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര അറിയിച്ചത്.
നിരവധി അഭ്യൂഹങ്ങള്‍ ഭ്രമയുഗത്തിന്റെ ബജറ്റിന്റെ കുറിച്ച് ഉയര്‍ന്നിരുന്നു. ചിത്രം ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയതിനാല്‍ ചെലവ് കുറവാണെന്ന് അടക്കമായിരുന്നു അഭ്യൂഹങ്ങള്‍. കുഞ്ചമന്‍ പോറ്റി എന്ന വില്ലത്തരമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ സൗണ്ട് ട്രാക്കില്‍ കുഞ്ചമന്‍ പോറ്റി ട്രാക്ക് ഉണ്ട്. ഇത് മമ്മൂട്ടി കഥാപാത്രത്തിന്റേതാണെന്ന് ആരാധകര്‍ പറയുന്നു. അതേസമയം ജര്‍മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഒപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഭ്രമയുഗം പ്രദര്‍ശനത്തിന് എത്തും. കേരളത്തില്‍ മുന്നൂറില്‍ അധികം സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications