'ആ സംവിധായകനെ മാറ്റിയാൽ പടം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു, അതെനിക്ക് വലിയ മനപ്രയാസമുണ്ടാക്കി'; മുരളി
മലയാള സിനിമയിൽ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത പാട്ടെഴുത്തുകാർ ഒരുപാടുണ്ട്. അത്തരത്തിൽ ഉള്ള ഒരു വ്യക്തിയാണ് പുതിയങ്കം മുരളി. എൺപതുകളുടെ തുടക്കത്തിൽ ചില മുഖ്യധാരാ സിനിമകളിൽ അദ്ദേഹം എഴുതിയ പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മിഴിയോരങ്ങളിൽ, ഓർമ്മയിൽ എന്നും, ലയനം, അപൂർവ സംഗമം, പ്രിയപ്പെട്ട കുക്കു എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ രചിച്ചത് പുതിയങ്കം മുരളിയായിരുന്നു.
എന്നാൽ ഒരു ഘട്ടം എത്തിയപ്പോൾ അദ്ദേഹം പാട്ടെഴുത്ത് നിർത്തുകയും പിന്നീട് പതിയെ സിനിമകളിൽ നിന്ന് അപ്രത്യക്ഷനാവുകയും ഒക്കെ ചെയ്‌തിരുന്നു. പക്ഷേ, ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്‌തിട്ടുണ്ട്. പുതിയകാലത്തും ചില പാട്ടുകൾ അദ്ദേഹം സിനിമകളിൽ എഴുതിയിട്ടുണ്ട്. രാജയോഗം എന്ന അദ്ദേഹം പാട്ടെഴുതിയ സിനിമ 2023ലാണ് റിലീസ് ചെയ്‌തത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിനിടയിൽ മമ്മൂട്ടിയുമായുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പുതിയങ്കം മുരളി. ഒരു കഥ പറയാനായി മമ്മൂട്ടിയുടെ അടുത്ത് കോഴിക്കോട് മഹാറാണി ഹോട്ടലിൽ പോയപ്പോൾ ഉണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. എന്നാൽ മമ്മൂട്ടി സംവിധായകനെ മാറ്റണമെന്നും ആ സംവിധായകനാണ് പടം ചെയ്യുന്നതെങ്കിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതായും മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പുതിയങ്കം മുരളിയുടെ വാക്കുകൾ ഇങ്ങനെ
മമ്മൂക്കയുടെ കൂടെ നാല് ദിവസം ഞാൻ മഹാറാണിയിൽ താമസിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ മൂന്ന് സ്ക്രിപ്റ്റുകൾ ആക്‌സപ്റ്റ് ചെയ്‌തിരുന്നു. അത് വല്ലാത്ത കഥയാണ്, എന്റെ മനസിനെ വേദനിപ്പിച്ച സംഭവമാണ്. അന്ന് ചെല്ലപ്പൻ എന്ന് പറയുന്നൊരു സംവിധായകൻ ഉണ്ടായിരുന്നു. ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പടം ചെയ്‌ത ആളാണ്. ഒരിക്കൽ ഞാൻ കഥ പറഞ്ഞപ്പോൾ പുള്ളിക്ക് ഭയങ്കര ഇഷ്‌ടമായി.
അങ്ങനെ ഒരിക്കൽ പുള്ളി വിളിച്ചു പറയുകയാണ് മമ്മൂട്ടിക്ക് കാണണമെന്ന്. കഥ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടു എന്നാണ് പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി മമ്മൂക്ക എന്നെ വിളിച്ചു എന്നൊക്കെ പറഞ്ഞാൽ എന്താ സംഭവം. കോഴിക്കോട് ആയിരുന്നു. മുൻപ് അദ്ദേഹത്തിന്റെ രണ്ട് പടങ്ങളുടെ പാട്ടുകൾ എഴുതിയത് ഞാൻ ആണ്. മഹാറാണി ഹോട്ടലിൽ ആയിരുന്നു. പുള്ളിയുടെ റൂമിൽ താമസിക്കാൻ ആണ് എന്നെ ക്ഷണിച്ചത്. ചെല്ലപ്പൻ അടുത്ത മുറിയിൽ താമസിക്കുന്നുണ്ട്.
അങ്ങനെ ഞാൻ മമ്മൂക്കയുടെ മുറിയിൽ എത്തി. പുള്ളിയുടെ റൂമിൽ താമസിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം രാവിലെ പോയാൽ പൈൻ വൈകീട്ടെ വരികയുള്ളൂ. അപ്പോൾ എന്നോട് പറഞ്ഞു ബോർ അടിച്ചാൽ കാണാനുള്ള വീഡിയോ പ്ലേയർ ഒക്കെ വച്ചുതന്നു. ഞാനൊരു സൂപ്പർസ്‌റ്റാറിന്റെ റൂമിൽ ഇരിക്കുകയാണ്. മമ്മൂക്ക അന്നേ സ്‌റ്റാർ ആണല്ലോ.
വൈകുന്നേരം ആയാൽ പുള്ളി വരും. കുളിയൊക്കെ കഴിഞ്ഞ് പ്രത്യേക അത്തർ ഒക്കെ തേച്ച് വരും. ആദ്യത്തെ ദിവസം കഥ പറഞ്ഞു. പുള്ളിക്ക് ഇഷ്‌ടമായി. ആരോഹണം എന്നായിരുന്നു കഥ. എന്റെ മനസിൽ ഞാൻ ഉൾക്കൊണ്ട കഥയായിരുന്നു അത്. ഇത് കൊള്ളാം കേട്ടോ എന്നാണ് പറഞ്ഞത്. അടുത്ത ദിവസം വീണ്ടും കഥ പറഞ്ഞു. അപ്പോഴൊക്കെ ചെല്ലപ്പൻ ചോദിക്കും എന്തായി എന്ന്. രണ്ടാമത്തെ സബ്‌ജക്റ്റ് പുള്ളിക് ഇഷ്‌ടപ്പെട്ടു.
മൂന്നാമത്തെ സ്‌റ്റോറി ഞാൻ പറയുമ്പോൾ പുള്ളി ഇങ്ങോട്ട് പറഞ്ഞു വേണ്ട നിർത്തിക്കോളൂ. ഇത് മൂന്നും ഞാൻ എടുത്തോളാം എന്ന്. ഇപ്പോൾ ഞാൻ ഒരു സ്‌റ്റോറി അങ്ങോട്ട് പറയാം, അതൊന്ന് കേൾക്കൂ എന്നാണ് പറഞ്ഞത്. അതൊരു പോസ്‌റ്റ് മാന്റെ കഥയായിരുന്നു. കോമഡി ആണോ എന്ന് ചോദിച്ചാൽ അങ്ങനെ അല്ലെങ്കിൽ സീരിയസ് എന്ന് വേണമെങ്കിൽ പറയാം.
പക്ഷേ സിനിമ ചെയ്യുന്നെങ്കിൽ ആ സംവിധായകൻ വേണ്ട എന്നാണ് പുള്ളി പറഞ്ഞത്. അയാളാണ് ചെയ്യുന്നതെങ്കിൽ താനുണ്ടാവില്ലെന്നും മമ്മൂക്ക പറഞ്ഞു. വേറെ നല്ല ആണുങ്ങൾ വരുമെന്ന് പറഞ്ഞു. പക്ഷേ, അതെനിക്ക് മനപ്രയാസമുണ്ടാക്കി. ചെല്ലപ്പൻ ഇൻവോൾവ് ചെയ്‌ത പ്രോജക്റ്റ് ആയിരുന്നു. അങ്ങനെ കുതികാൽ വെട്ടാൻ എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ആ പ്രോജക്റ്റ് ഞാൻ ഉപേക്ഷിച്ചു.












Click it and Unblock the Notifications