'മനസിന് സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യമൊക്കെ വന്നോളും, ഞാനുമൊരു കോടീശ്വരിയാണ്..'; മഞ്ജു വാര്യർ പറയുന്നു...
മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. നടൻ ദിലീപിനെ വിവാഹം ചെയ്‌ത ശേഷം ഇടക്കാലത്ത് ചലച്ചിത്ര മേഖലയിൽ നിന്ന് മാറി നിന്ന മഞ്ജു വമ്പൻ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. തന്റെ രണ്ടാം വരവിൽ ലേഡി സൂപ്പർ സ്‌റ്റാർ എന്ന വിശേഷണവും താരം സ്വന്തമാക്കിയിരുന്നു. കുടുംബ ജീവിതത്തിൽ ഉണ്ടായ താളപ്പിഴകൾ ഒന്നും കരിയറിനെ ബാധിക്കാതെ നോക്കാൻ മഞ്ജുവിനായി.
തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ആരാധകരുമായി നടത്തിയ ഒരു ഫാൻസ് മീറ്റിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്. ഇതിൽ തന്റെ സിനിമാ കരിയറിനെ കുറിച്ചും സൗന്ദര്യ രഹസ്യങ്ങളെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറക്കുന്നുണ്ട്. സിനിമയിലെ പ്രതിഫലത്തെ കുറിച്ചും, നടൻ മോഹൻലാലുമായി അഭിനയിക്കുമ്പോൾ ഉള്ള അനുഭവത്തെ കുറിച്ചുമൊക്കെ മഞ്ജു പറയുന്നുണ്ട്.

'ജീവിതത്തിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളാണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം. അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അങ്ങിനെ നോക്കുമ്പോൾ ഞാനും കോടീശ്വരിയാണ്. മനസിന് സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യം ഒക്കെ ഉണ്ടാവും. പക്ഷെ ആ സന്തോഷം കണ്ടെത്തേണ്ടത് നമ്മളാണ്, അതാണ് എന്റെ അഭിപ്രായം. സന്തോഷമായിട്ടിരിക്കുന്നുണ്ട്, അതല്ലേ ഏറ്റവും പ്രധാനം. ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ നമ്മളെ കാണുന്നവർക്ക് സൗന്ദര്യം ഒക്കെ താനേ തോന്നിക്കൊള്ളും' മഞ്ജു പറയുന്നു.
'നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന കഥകൾ കൊണ്ടുവരാൻ ആണ് ഞാൻ എപ്പോഴും ആവശ്യപ്പെടുന്നത്. അങ്ങനെ ഉള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് ഇഷ്‌ടം. പിന്നെ സ്ത്രീ കേന്ദ്രീകൃതമായത് ആണെങ്കിലും നല്ല കഥാപാത്രങ്ങൾ ആണ് പലപ്പോഴും വരുന്നത്. ചില സിനിമയിൽ ഞാൻ അതിഥി വേഷം ചെയ്‌തിട്ടുണ്ട്, ചിലതിൽ ഞാൻ നായകനൊപ്പം ഈക്വൽ ആയി നിൽക്കുന്ന കഥാപാത്രവും ചെയ്‌തിട്ടുണ്ട്. അതിലെല്ലാം എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാവാറുണ്ട്. ഇക്കാര്യത്തിൽ ഞാൻ അനുഗ്രഹീതയാണ്' മഞ്ജു ചൂണ്ടിക്കാട്ടി.
'എന്റെ അടുത്ത് വരുന്ന കഥകളിൽ ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക എന്ന ജോലി മാത്രമേ എനിക്ക് ചെയ്യേണ്ടി വരാറുള്ളൂ. നമ്മുടെ സിനിമ ഇൻഡസ്ട്രിയുടെ ബിസിനസ് അത്രയും വലുതാണ്. അത്രത്തോളം പൈസ മുടക്കി ഉണ്ടാക്കുന്ന ഒരു പ്രൊഡക്റ്റ് ആണ് സിനിമ. അതുപോലെ ആയിരിക്കും അതിന്റെ റിട്ടേണും. അഭിനയിക്കുന്നവർ ആയാലും നമ്മുടെ ശരീരം, മുഖം, സമയം എല്ലാം നമ്മൾ സിനിമയിൽ ഇൻവെസ്‌റ്റ് ചെയ്യുകയാണ്.' മഞ്ജു വാര്യർ പറഞ്ഞു.
'ആറാം തമ്പുരാൻ പോലെ ഒരു സിനിമ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരും വിചാരിച്ചത് ഞാനും ലാലേട്ടനും പത്തിരുപത് സിനിമയൊക്കെ ഒന്നിച്ച് ചെയ്‌തുവെന്നാണ്. ആകെ ആറോ ഏഴോ സിനിമയാണ് ഞാൻ ലാലേട്ടന്റെയൊപ്പം ചെയ്‌തത്. ആ കഥാപാത്രങ്ങളും സിനിമകളും നല്ലതായിരുന്നു. ഞാൻ ലാലേട്ടന്റെ കൂടെ ഇനിയും സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.' മഞ്ജു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications