ലാലേട്ടനെ പ്രശംസിച്ച് മഞ്ജു വാര്യർ; പിന്നാലെ വിദ്വേഷ കമന്റ്, 'ഇവൾക്ക് ഭർത്താവൊഴിച്ച് ബാക്കി എല്ലാരും സൂപ്പറാ'
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പോടെയാണ് മോഹൻലാൽ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാൻ എത്തുന്നത്. ചിത്രത്തിൽ മഞ്ജു വാര്യറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാധാരണ ബിഗ് ബജറ്റ് സിനിമകൾക്ക് എന്നത് പോലെ വമ്പൻ ബജറ്റിൽ ഒരുക്കിയ ചിത്രമല്ലെങ്കിൽ കൂടി ഒരു മലയാള സിനിമയെ സംബന്ധിച്ച് സ്വപ്‌നം കാണാൻ കഴിയാത്ത അത്രയും മുടക്കുമുതലാണ് ചിത്രത്തിനായി നിർമ്മാതാക്കൾ ചിലവഴിച്ചത്. റിലീസിന് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്.
അതിനിടയിൽ ഓടിനടന്ന് പ്രമോഷൻ നടത്തുകയാണ് മോഹൻലാലും, പൃഥ്വിരാജും ഒക്കെ. തമിഴ്, തെലുഗു, ഹിന്ദി അടക്കമുള്ള എല്ലാ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രമോഷനാണ് ഇവിടെയൊക്കെ നടക്കുന്നത്. പല പരിപാടികളുടെയും ദൃശ്യങ്ങൾ വലിയ രീതിയിൽ വൈറലാവുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തമിഴ്‌നാട്ടിൽ നടന്ന പ്രമോഷനിലാണ് മഞ്ജു ചിത്രത്തെക്കുറിച്ചും നായകനായ മോഹൻലാലിനെ കുറിച്ചുമൊക്കെ മനസ് തുറന്നത്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ മഞ്ജുവിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവിടെ പ്രമോഷൻ പരിപാടികൾ നടക്കുന്നത്. മഞ്ജു ലാലേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇതാ...
ഏതൊരു നടനും നടിക്കും ബ്രഹ്മാണ്ഡമായ ചിത്രത്തിന്റെ ഭാഗമാവുക എന്നത് വലിയൊരു സ്വപ്‌ന പോലെയായിരിക്കും. അതൊക്കെ എപ്പോഴും നടക്കുന്നൊരു കാര്യമല്ല. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണ്. എനിക്ക് ലൂസിഫറിൽ അത്തരത്തിൽ ഒരു ഗ്രാൻഡ് ആയ, ശക്തമായ ചിത്രത്തിലെ വേഷമാണ് കിട്ടിയത്. എനിക്ക് ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയൊരു ഭാഗ്യമായി അത് കണക്കാക്കുന്നു.
പ്രിയദർശിനി എന്ന കഥാപാത്രത്തെ എല്ലാവരും വളരെ സ്നേഹത്തോടെയാണ് വരവേറ്റത്. ആ സിനിമയും വലിയ വിജയമായിരുന്നു. അതിന് ശേഷം ആ യാത്ര എമ്പുരാനിലും തുടരുകയാണ്. ലൂസിഫർ ഇഷ്‌ടപ്പെട്ടത് പോലെ തന്നെ നിങ്ങൾക്ക് എമ്പുരാനും ഇഷ്‌ടപ്പെടും. അക്കാര്യത്തിൽ എനിക്ക് 100 ശതമാനം വിശ്വാസമുണ്ട്. ഈ അവസരം എനിക്ക് തന്നതിന് പൃഥ്വിരാജിനും മുരളി ഗോപിക്കും നന്ദി പറയുകയാണ്.
എന്നെ വിശ്വസിച്ച് ഈ വേഷം തന്നതിന് നന്ദി. ഈ സിനിമയ്ക്ക് ആവശ്യമായ സ്കെയിൽ, ഒരു പരിമിതിയും ഇല്ലാതെ ചെയ്‌തു കൊടുത്ത നിർമ്മാതാക്കൾ ആന്റണി പെരുമ്പാവൂർ സർ, ഗോകുലം ഗോപാലൻ സർ, ലൈക്ക എന്നിവർക്കും നന്ദി. അവരുടെ പിന്തുണ വലിയ കാര്യമായിരുന്നു. പിന്നെ ഈ ചിത്രത്തിന്റെ എല്ലാ കാസ്‌റ്റ് ആൻഡ് ക്രൂവിനും നന്ദി പറയുന്നു.
എല്ലാത്തിലുമുപരിയായി ബഹുമാനപ്പെട്ട ലാലേട്ടൻ. അദ്ദേഹത്തിന്റെ കൂടെ വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഞാൻ ചെയ്‌തിട്ടുള്ളത്. എങ്കിലും ഓരോ സിനിമയിലെയും കഥാപാത്രവും ഓരോ തലത്തിൽ ഉള്ളതായിരുന്നു. ലാലേട്ടനോടൊപ്പം പെർഫോം ചെയ്യാൻ അവസരം കിട്ടിയതിന് ആ സംവിധായകരോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തെ പോലെയൊരു ഇതിഹാസത്തോടൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യുന്നത് അനുഗ്രഹമാണ്; മഞ്ജു വാര്യർ പറഞ്ഞുനിർത്തി.
വീഡിയോ വൈറലായതിന് പിന്നാലെ ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു. കൂടുതൽ പേരും മഞ്ജു വാര്യരുടെ തമിഴ് ശൈലിയെ പുകഴ്ത്തിയാണ് രംഗത്ത് വന്നത്. ചിലരാവട്ടെ ഒരുപടി കൂടി കടന്ന് മുൻ ഭർത്താവായ ദിലീപ് ഇതൊക്കെ കാണുന്നുണ്ടോ എന്നാണ് ചോദിക്കുന്നത്. ചില നെഗറ്റീവ് കമന്റുകളും വന്നിട്ടുണ്ട്. 'ഇവർക്ക് സ്വന്തം ഭർത്താവ് ഒഴിച്ച് ബാക്കിയുള്ള നടന്മാരൊക്കെ സൂപ്പറാ..' എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications