'അങ്ങനൊക്കെ വല്ല നിയമലംഘനവും ഉണ്ടെങ്കിൽ സൂക്ഷിച്ച് ഓടുക..'; മഞ്ജു വാര്യരോട് ഗണേഷ് കുമാർ പറഞ്ഞത് ഇങ്ങനെ...
മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ കഴിവ് തെളിയിച്ച ചുരുക്കം ചില നായികമാരിൽ ഒരാളാണ് മഞ്ജു. ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അഭിനയത്തിൽ സജീവമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല, തമിഴ് അടക്കമുള്ള അന്യഭാഷകളിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മൈജി ഷോറൂം ഉദ്‌ഘാടന വേദിയിൽ ഗതാഗത മന്ത്രിയും, സിനിമാ താരവുമായ ഗണേഷ് കുമാറും മഞ്ജു വാര്യരും തമ്മിൽ നടന്ന രസകരമായ സംഭാഷണവും, ഗണേഷ് മഞ്ജുവിനെ ട്രോളിയതുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വേദിയിൽ വച്ച് മഞ്ജു വാര്യർ സംസാരിച്ച് പൂർത്തിയാക്കിയ ശേഷമായിരുന്നു ഗണേഷിന്റെ രസകരമായ ഉപദേശം വന്നത്.

മഞ്ജുവിനെ നേരിട്ട് കണ്ടിട്ട് മൂന്ന് വർഷം പിന്നിട്ടുവെന്നും, എങ്കിലും മഞ്ജുവിന്റെ കാര്യങ്ങളൊക്കെ താൻ അറിയുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഹിമാലയത്തിലേക്ക് യാത്ര പോവാൻ ബൈക്ക് വാങ്ങിയതും, യാത്രയുടെ വിവരങ്ങളും എല്ലാം നേരിട്ടറിയുന്നുണ്ടെന്നും പറഞ്ഞ ഗണേഷ് നിയമലംഘനങ്ങൾ ഒന്നും നടത്തരുതെന്ന് തമാശരൂപേണ പറയുകയുമുണ്ടായി.
'മഞ്ജുവുണ്ട് ഇവിടെ, മഞ്ജുവിനെ കണ്ടിട്ട് മൂന്ന് വർഷമായി. അവസാനമായി കണ്ടത് ദുബായിൽ വച്ച് മോഹൻലാലിൻറെ സുഹൃത്തുക്കൾ എന്ന പരിപാടിക്കിടെയായിരുന്നു. പിന്നെ മഞ്ജു മോട്ടോർ സൈക്കിളിൽ പോവുന്നതൊക്കെ കാണാറുണ്ട്. മഞ്ജു എന്നെ നേരിട്ട് കാണുന്നില്ലെങ്കിലും ഞാൻ മഞ്ജുവിന്റെ ചലങ്ങളൊക്കെ വാച്ച് ചെയ്യുന്നുണ്ട്' ഗണേഷ് കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
'ഹിമാലയത്തിൽ പോവാൻ ബൈക്ക് വാങ്ങിക്കുന്നതും, ഇനിയിപ്പോ ട്രാൻസ്‌പോർട്ട് മന്ത്രി അറിയണം. ഇനി എന്തെങ്കിലും നിയമ ലംഘനം ഉണ്ടെങ്കിൽ സൂക്ഷിച്ചു ഓടുക' എന്നായിരുന്നു ഗതാഗത മന്ത്രി കൂടിയായ ഗണേഷിന്റെ മഞ്ജു വാര്യരോടുള്ള ഉപദേശം.
നേരത്തെ മഞ്ജു വാര്യർ വേദിയിൽ ഗണേഷ് കുമാറിനെ കുറിച്ച് സംസാരിച്ചിരുന്നു. 'ഒരുപാട് വർഷമായെന്ന് തോനുന്നു. എന്റെ പ്രിയപ്പെട്ട, സഹപ്രവർത്തകൻ എന്നതിലുപരി ഇപ്പോൾ നമ്മൾ പ്രതീക്ഷയോടെ നോക്കി കാണുന്ന ഗണേഷേട്ടൻ ഇവിടെയുണ്ട്. അദ്ദേഹത്തെ ഒരുപാട് വർഷങ്ങൾക് ശേഷം നേരിട്ട് കാണാൻ കഴിഞ്ഞു എന്നതിലും വളരെയധികം സന്തോഷമുണ്ട്' മഞ്ജു വാര്യർ പറയുന്നു.
അതേസമയം, നിരവധി വമ്പൻ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിന്റെ എമ്പുരാൻ, രജനീകാന്ത് ചിത്രമായ വേട്ടൈയാൻ, വെട്രിമാരൻ ചിത്രമായ വിടുതലൈ 2 എന്നിങ്ങനെ വമ്പൻ സിനിമകൾ തന്നെ റിലീസ് ചെയ്യാൻ ഇരിക്കുന്നുണ്ട്.












Click it and Unblock the Notifications