മമ്മൂട്ടിയെ വീഴ്ത്തി മഞ്ഞുമ്മലെ പിള്ളേർ; മോഹൻലാലിന്റെ നേരിനും രക്ഷയില്ല, കളക്ഷൻ 90 കോടി കടന്നു..!
മലയാള സിനിമയുടെ തലവര മാറ്റുകയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന കൊച്ചു ചിത്രം. നേരത്തെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സംഗീത സംവിധായകൻ സുഷിൻ ശ്യാം ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാഴ്‌ചയിലേക്ക് അടുക്കുമ്പോൾ ഈ വാക്കുകൾ സത്യമാവുന്ന കാഴ്‌ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
അത്രയധികം ജനപിന്തുണയുമായി സിനിമ കുതിക്കുകയാണ്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസില്‍ മലയാള സിനിമകളില്‍ നാലാമത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ലൂസിഫറും പുലിമുരുകനും 2018ഉം മാത്രമാണ് കളക്ഷനില്‍ മലയാളത്തില്‍ ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന് മുന്നിലുള്ളത്.

സൂപ്പർ-മെഗാ താര ചിത്രങ്ങളെ കേവലം 11 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം മറികടന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആഗോള ബോക്‌സ് ഓഫീസില്‍ 90 കോടി രൂപയോളം മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയിട്ടുണ്ട്. വൈകാതെ ചിത്രം 100 കോടി ക്ലബില്‍ ഇടംനേടും. യുവതാരങ്ങളാണ് പ്രധാന വേഷത്തിൽ എത്തിയതെങ്കിലും ചിത്രം അതിനെയൊക്കെ കാറ്റിൽ പറത്തുന്ന പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായ ഭീഷ്‍മ പര്‍വത്തിന്റെ ലൈഫ്ടൈം കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമകളില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറിയത്. ഭീഷ്‍മ പര്‍വം ആകെ 87.65 കോടി രൂപയാണ് കളക്ഷൻ നേടിയത്. മഞ്ഞുമ്മലെ പിള്ളേരുടെ കുതിപ്പില്‍ ദുല്‍ഖര്‍ ചിത്രം കുറുപ്പും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡും യുവ താരങ്ങളുടെ ആര്‍ഡിഎക്‌സുമൊക്കെ പിന്നിലായി.
ആഗോള ബോക്‌സ് ഓഫീസില്‍ 85.70 കോടി രൂപ നേടിയ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് ആറാമതായി. മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മഞ്ഞുമ്മലിന്റെ തൊട്ടുമുന്നിലുള്ളത് ലൂസിഫറാണ്. ലൂസിഫര്‍ നേടിയത് 128.52 കോടി രൂപയാണ്. രണ്ടാമതുള്ള പുലിമുരുകൻ നേടിയതാവട്ടെ 144.45 കോടി രൂപയുമാണ്. ഒന്നാമതുള്ള 2018 ആഗോളതലത്തില്‍ 175.50 കോടി രൂപ കളക്‌ട് ചെയ്‌തു.
അതേസമയം, ചെറിയ സ്ക്രീന്‍ കൗണ്ടോടെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഞായറാഴ്‌ച 1000ല്‍ അധികം പ്രദര്‍ശനം ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെന്നൈക്ക് പുറത്ത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഒരു മലയാള ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിക്കുന്ന കാഴ്‌ച അപൂർവമാണ്. ശനിയാഴ്‌ച വരെയുള്ള കളക്ഷന്‍ കൊണ്ട് മാത്രം തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം 10 കോടി നേടിയിരുന്നു. ഇന്നലത്തേത് കൂടി ചേർത്താൽ ഇത് വലിയ സംഖ്യ ആകുമെന്നാണ് കണക്കുകൂട്ടൽ.












Click it and Unblock the Notifications