'പല നായകൻമാരും ജീവിതത്തിൽ വില്ലൻമാർ, സൂപ്പർതാരങ്ങളിൽ ചിലർക്ക് മനുഷ്യത്വമില്ല'; ഫിറോസ് ഖാൻ
ബിഗ് ബോസിലൂടെ പേരെടുത്ത ഒട്ടേറെ താരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. മുൻപ് നമ്മളിൽ പലർക്കും അറിയാതെ ബിഗ് ബോസിലൂടെ മാത്രം ജനപ്രിയരായ താരങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. ഡോ. റോബിൻ, ജിന്റോ തുടങ്ങിയവർ ഇത്തരത്തിൽ ഉയർന്നുവന്ന ആളുകൾ ആയിരുന്നു. എന്നാൽ ബിഗ് ബോസിന് മുൻപ് തന്നെ പ്രശസ്‌തിയിൽ ഉണ്ടായിരുന്ന കലാകാരൻമാരിൽ പലർക്കും ജീവിതത്തിൽ പല കാര്യമായ മാറ്റങ്ങൾക്കും വഴിയൊരുങ്ങിയിരുന്നു.
അത്തരത്തിൽ ഒരാളായിരുന്നു ഫിറോസ് ഖാൻ. നേരത്തെ തന്നെ ടിവി ചാനലുകളിലെ അവതാരകനായും മറ്റും ഫിറോസിന് മലയാളി പ്രേക്ഷകർക്ക് നല്ലത് പോലെ അറിയാമായിരുന്നു. പല സ്വകാര്യ ചാനലുകളിലും ഒട്ടേറെ പരിപാടികളും ഷോകളും ഫിറോസ് അവതരിപ്പിച്ചിരുന്നു. എന്നാൽ ബിഗ് ബോസിൽ ഭാര്യ സജ്‌നയുമൊത്താണ് ഫിറോസ് മത്സരിക്കാൻ എത്തിയത്.

എന്നാൽ ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെ ഇരുവരും വേർപിരിയുകയും ചെയ്‌തിരുന്നു. പല ആരാധകരെയും ഇരുവരുടെയും വേർപിരിയൽ ഞെട്ടലുണ്ടാക്കിയിരുന്നു. എന്തെന്നാൽ ബിഗ് ബോസിൽ മാതൃകാ ദമ്പതികളായാണ് ഇവർ കഴിഞ്ഞിരുന്നത്. ഇരുവരുടെയും വേർപിരിയലിന്റെ കാരണം എന്തെന്ന് കൃത്യമായി ഇവർ വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോഴിതാ സിനിമകളിലൂടെ വീണ്ടും സജീവമാകാനാണ് ഫിറോസിന്റെ ശ്രമം. അടുത്തിടെ ഒമർ ലുലു സംവിധാനം ചെയ്‌ത ബാഡ് ബോയ്‌സ് എന്ന ചിത്രത്തിൽ ഫിറോസ് ഖാൻ ഒരു വേഷം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരമിപ്പോൾ. പല സൂപ്പർതാരങ്ങൾക്കും മനുഷ്യത്വം ഇല്ലെന്നാണ് ഫിറോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഫിറോസ് ഖാന്റെ വാക്കുകൾ
ആങ്കറിംഗ് മേഖലയിൽ ആയാലും ഡാൻസിൽ ആയാലും ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. കലയുടെ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു എന്ന് മാത്രമേയുള്ളൂ. ഒറ്റ മേഖലയിലേക്ക് മാത്രം ഒതുങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നമുക്ക് അതിനുള്ള അവസരം കൂടി ലഭിക്കണമല്ലോ. ഞാൻ അഭിനയത്തിലേക്ക് മാത്രം ഇനിയങ്ങോട്ട് നിൽക്കണം എന്ന് വിചാരിച്ചാൽ എനിക്ക് അതിനുള്ള അവസരം ലഭിക്കണം.
അപ്പൊ അത്രയും നല്ല അവസരം കിട്ടുകയാണെങ്കിൽ നമ്മൾ മറ്റെല്ലാം ഒതുക്കിയിട്ട് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പൊ സിനിമ മാത്രമേ പറ്റത്തുള്ളൂ എന്നൊക്കെ പറഞ്ഞിങ്ങനെ നിൽക്കുകയാണെങ്കിൽ ഞാൻ പട്ടിണി കിടക്കേണ്ടി വരുകയും ചെയ്യും എവിടെയും പോയി എനിക്ക് വാ തുറക്കാൻ പോലും കഴിയില്ല. ഈ സിനിമാക്കാർ എല്ലാരും കൂടെ എനിക്ക് ചാൻസ് താരത്തെ ആക്കും. ഇപ്പൊ തന്നെ പത്ത് ചാൻസ് വരുന്നതിൽ എട്ടെണ്ണവും തട്ടിപ്പോവുകയാണ്.
അതിൽ ബാക്കി രണ്ടെണ്ണം മാത്രമാണ് എനിക്ക് കിട്ടുന്നത്. ഏതോ നട്ടെല്ലുള്ള ആളുകൾ മാത്രമാണ് എനിക്ക് ചാൻസ് തരുന്നത്. ഈ വാ തുറക്കുന്നത് കൊണ്ടാണ്. എനിക്ക് പക്ഷേ അത്രയും മതി. പല മേഖലകളിൽ നിക്കുന്നത് അതുകൊണ്ടാണ്. പല മേഖലകളിൽ നിന്നായി എനിക്ക് ജീവിച്ചു പോവാനുള്ളത് കിട്ടുന്നുണ്ട്. നല്ല അവസരം വന്നാൽ ബാക്കിയൊക്കെ നിർത്താൻ പാട്ടും. അഭിമുഖങ്ങളിൽ പലർക്കും ഇഷ്‌ടമില്ലാത്ത കാര്യങ്ങളാണ് ഞാൻ പറയുന്നത്.
വലിയ നടൻമാർ പോലും നട്ടെല്ല് വളച്ചു നിൽക്കുകയാണ്. അങ്ങനെയുള്ള ഒരു കാലത്താണ് ഒന്നുമില്ലാത്ത ഞാൻ ഇങ്ങനെ വാ തുറന്ന് സംസാരിക്കുന്നത്. നിഷ്പ്രയാസം ഒരു പൂവിന്റെ ലാഘവത്തിൽ എന്നെ എടുത്തുകളയാൻ അവർക്ക് കഴിയുമല്ലോ. സ്‌തുതിപാഠകർക്കാണ് ഇവിടെ ചാൻസ് കൂടുതൽ. വളരെ ചുരുക്കം പേർ അതും പൃഥ്വിരാജിനെ പോലെയുള്ളവർക്ക് മാത്രമാണ് അല്ലാതെ ഉള്ളത്. ബാക്കിയുള്ളവർ ഒക്കെ സ്‌തുതിപാഠകരായാണ് ചാൻസ് വാങ്ങുന്നത്.
ബാക്കിയുള്ളവർക്ക് ഒക്കെ നിൽക്കാൻ ഭയങ്കര പാടാണ്. ഇവിടെ മറ്റുള്ളവരെ പുകഴ്ത്തണം. നട്ടെല്ലില്ലായ്‌മ വല്ലാതെയുണ്ട്. സിനിമയിൽ അങ്ങനെ പല കാര്യങ്ങളുമുണ്ട്. സിനിമയിൽ നന്മയുള്ള ആളുകളായി കാണുന്ന പലരും ജീവിതത്തിലെ വില്ലൻമാർ ആണ്. അതൊക്കെ സിംപിൾ ആണ്, സിനിമയിൽ മറ്റുള്ളവരെ സഹായിക്കാനും എല്ലാത്തിനും ഒപ്പം നിൽക്കാനും ഒക്കെ കഴിയുന്ന ആളുകളായല്ലേ അവരെ കാണിക്കുന്നത്.
എന്നാൽ ജീവിതത്തിൽ ശരിക്കും ഇവർ അങ്ങനെയല്ല, എങ്ങനെ ഒരാളുടെ ചാൻസ് ഇല്ലാതാക്കാം എന്നും പാരവെയ്ക്കാം എന്നുമൊക്കെ ചിന്തിക്കുന്നവരാണ്. അവൻ അത് പറഞ്ഞില്ലേ, എന്നാൽ പിന്നെ അവനെ വളർത്തണ്ട എന്നൊക്കെ കരുതുന്നവരുണ്ട്. അവനെ അങ്ങ് അടിച്ചു ഇല്ലാണ്ടാക്കാം എന്നൊക്കെയാണ് അവർ വിചാരിക്കുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ...
ഒമർ ലുലുവിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു, ബാഡ് ബോയ്‌സ് എന്നാണ് സിനിമയുടെ പേര്. ആ സിനിമയിൽ നല്ല രീതിയിൽ തന്നെ ബിൽഡ് അപ്പൊക്കെ ആക്കി പുള്ളി എനിക്കാ കഥാപാത്രം തന്നിരുന്നു. സത്യം പറഞ്ഞാൽ അതായിരുന്നില്ല എനിക്ക് കിട്ടേണ്ട കഥാപാത്രം. അവിടെ നിർമ്മാതാക്കൾ മാറിയപ്പോൾ എനിക്കുള്ള കഥാപാത്രവും മാറി. അവരുടെ സ്‌തുതിപാഠകർ ആയിട്ടുള്ള ആളുകൾക്ക് കൊടുക്കാൻ വേണ്ടിയാണ് എന്നെ മാറ്റിയത്.
അങ്ങനെ സ്‌തുതിപാഠകനായി ഞാനൊരിക്കലും ഒരു ചാൻസും വാങ്ങില്ല. കാരണം എനിക്ക് അറിയാം ഞാൻ എന്നെങ്കിലും ഒരിക്കൽ മരിക്കുമെന്ന്. മരിക്കാതെ ജീവിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഞാൻ ചിലപ്പോൾ സ്‌തുതി പാടിയേനെ. ഇവിടെ എനിക്ക് പൂർണമായ ബോധ്യമുണ്ട് ഞാൻ എന്നെങ്കിലും മരിക്കുമെന്ന്. അത് രണ്ട് ദിവസം മുൻപേ മരിച്ചാൽ അത്രയും സന്തോഷം എന്ന് മാത്രമേയുള്ളൂ.
ഒന്നാമത്തെ കാര്യം സൂപ്പർതാരങ്ങളിൽ ചിലർക്കൊന്നും മനുഷ്യത്വം തീരെയില്ല. എല്ലാവരും ഇല്ല, ചിലരൊക്കെയാണ് അങ്ങനെ. പേരെടുത്ത് പറഞ്ഞുകൊണ്ട് ഒരു പ്രശ്‌നത്തിന് കാരണമാവുന്നില്ല. ഒരു ദയ ഇല്ല ആർക്കും. ആരോടും ഒരു അനുകമ്പയും ഇല്ല. ഇത്രയധികം പ്രേക്ഷകർ ആണിവരെ വളർത്തിയത് എന്ന ബോധ്യവും ഇല്ല. കഷ്‌ടപ്പെട്ട പൈസക്ക് തിയേറ്ററിൽ ചെന്ന് കണ്ട് കയ്യടിച്ച് സ്നേഹത്തോടെ ചെല്ലുകയാണ് പ്രേക്ഷകർ.
അവരുടെ സ്നേഹം കാരണം ചെന്ന് ഒരു ഫോട്ടോ എടുക്കാൻ നിന്നാൽ മാറി നിൽക്ക്, തോളിൽ കയ്യിടല്ല മാറ്റ് എന്നൊക്കെ പറഞ്ഞിട്ട് ആണ്. ചിലരുടെയോക്കെ വാലറ്റ്എടുത്ത് നോക്കിയാൽ പോലും നടൻമാരുടെയും നടിമാരുടെയും ഫോട്ടോ ആയിരിക്കും കാണുക. അത്രയും കുടുംബത്തിലെ ഒരുഅംഗത്തെ പോലെയാവും കാണുക. ആ സിറ്റുവേഷനിൽ നിൽക്കുമ്പോൾ ആവും അവൻമ്മാരുടെ ജാഡ ഇവരോട് കാണിക്കുന്നത്.
അപ്പോൾ ബൗൺസേഴ്‌സ് ഇവരെയൊക്കെ തള്ളിമാറ്റി കൊണ്ട് വന്നിട്ട് അയാളെ കൊണ്ട് പോവും. എനിക്ക് മനസിലാവാത്ത കാര്യം എന്തെന്നാൽ ഇവർ, ഈ ആരാധകർ എന്ന് പറയുന്ന തെണ്ടികൾ ചിന്തിക്കുന്നില്ലലോ ഇതിലൊന്നും ഒരു കാര്യവും ഇല്ലെന്നുള്ളത്. നമ്മൾ അത് കണ്ട് കൈയടിക്കുക അവിടെ തന്നെ വിട്ടേക്കുക അത്രയേ ഉള്ളൂ. പിന്നെ അതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.
സിനിമ എന്ന് പറയുന്നത് പത്ത് മുന്നൂറ് പേരുടെ കഠിനാധ്വാനമാണ്, പക്ഷേ ഇപ്പോൾ അതിലെ നായകന്റെ പേരിലാണ് സിനിമ അറിയപ്പെടുന്നത്. ഇപ്പൊ എന്തിന് പറയുന്നു മോഹൻലാലിന്റെ ഒരു സിനിമ വിജയിച്ചാൽ അതിൽ എല്ലാം മോഹൻലാലിന്റെ പേരിലാണ് അറിയപ്പെടുക. കോളേജ് കുമാരൻ എന്നുള്ള സിനിമ ഉണ്ടായിരുന്നു, കണ്ടാൽ ചിരിച്ചു ഊപ്പാട് വരും. അപ്പോൾ അതും മോഹൻലാലിന്റെ പേരിൽ അല്ലെ വരണ്ടേ. എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലാലോ.












Click it and Unblock the Notifications