സ്വന്തമായി 10,500 സാരികൾ, 28 കിലോ സ്വർണം..! ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി, ആരെന്നറിയുമോ?
അടുത്തിടെയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണത്തിന് ബോളിവുഡ് താരം ജൂഹി ചൗള അർഹയായത്. ഹുറൂൺ ഇന്ത്യൻ സമ്പന്ന പട്ടികയിലാണ് ജൂഹി ചൗള ഒന്നാമത് ഇടം നേടിയത്. 4600 കോടി രൂപയുടെ ആസ്‌തി ജൂഹിക്ക് ഉണ്ടെന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്ന ഒരു നടിക്കും അതിന് അടുത്ത് പോലും എത്താൻ സാധിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ വസ്‌തുത.
ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരായ ഐശ്വര്യ റായ്, ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്‌ക, നയൻതാര എന്നിവരൊക്കെയും പട്ടികയിൽ ജൂഹിക്കും വളരെ പിന്നിലാണ്. എന്നാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ജൂഹിയേക്കാളും സമ്പന്ന എന്ന് വിളിക്കാൻ കഴിയുന്ന ഒരു നടിയുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് അഭിനയരംഗം വിട്ട അവർ സമ്പന്നതയുടെ കൊടുമുടി കയറിയ താരങ്ങളിൽ ഒരാളാണ്.

ഒരുപക്ഷേ നടൻമാർക്കും മുകളിൽ സമ്പന്നതയിലും ആഡംബരത്തിലും ആറാടിയ അവരുടെ പേരാണ് ജയലളിത. കേവലമൊരു സിനിമാ താരമെന്ന നിലയിലല്ല, മറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ കരുത്തുറ്റ വനിതാ നേതാവ് എന്ന വിശേഷണവും അവർക്ക് സ്വന്തമായുണ്ട്. ഒരുപക്ഷേ ജയലളിതയുടെ സ്വത്തുക്കളെ കുറിച്ചുള്ള വാർത്തകൾക്ക് പണ്ട് മുതലേ വായനക്കാർ ഏറെയാണ്.
അതിലെ കണക്കുകൾ തന്നെയാണ് പലരെയും ആകർഷിക്കുന്ന കാര്യം. ജൂഹി ചൗളയെ പോലെ ബിസിനസ് മേഖലയിലോ, അല്ലെങ്കിൽ നിക്ഷേപത്തിലോ ആയിരുന്നില്ല ജയലളിത തന്റെ സമ്പാദ്യം ചിലവഴിച്ചത്. മറിച്ച് ആഭരണങ്ങളിലും മറ്റ് കാര്യങ്ങളിലുമാണ്. അത്രയധികം ആഡംബര പൂർണമായ ജീവിതം നയിച്ച ജയലളിതയുടെ സമ്പത്തിന്റെ കണക്കുകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
അറുപതികളിലാണ് ജയലളിത സിനിമയിൽ താര പദവിയിലേക്ക് ഉയർന്നുവന്നത്. എന്നാൽ അന്നൊന്നും ഇല്ലാതിരുന്ന സമ്പാദ്യം അവർക്ക് മുന്നിൽ തുറന്നു തന്നത് ശരിക്കും രാഷ്ട്രീയ പ്രവേശനമായിരുന്നു എന്ന് വേണം പറയാം. ഒരു നടി എന്ന നിലയിൽ സമ്പാദിച്ചതിന്റെ എത്രയോ ഇരട്ടിയോളമാണ് അവർ രാഷ്ട്രീയത്തിൽ നിന്ന് നേടിയെടുത്തതെന്ന് നിസംശയം പറയാം.
തൊണ്ണൂറുകളുടെ അവസാനം ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്‌ചയായിരുന്നു. അന്ന് രാഷ്ട്രീയത്തിൽ അവർ ശോഭിച്ചു നിൽക്കുന്ന സമയം കൂടിയായിരുന്നു. 10,500 സാരികൾ, 750 ജോഡി ചെരുപ്പുകൾ, 91 വാച്ചുകൾ, 800 കിലോ വെള്ളി, 28 കിലോ സ്വർണം എന്നിവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
അക്കാലത്ത് ജയലളിതയുടെ സമ്പാദ്യമായി കണക്കാക്കിയിരുന്നത് ഏതാണ്ട് 900 കോടി രൂപയായിരുന്നു. അത് തന്നെ ഇന്നത്തെ പണപ്പെരുപ്പ നിരക്ക് കൂടി കണക്കാക്കുമ്പോൾ 5000 കോടിക്ക് മുകളിൽ വരുമെന്നാണ് കണക്കാക്കുന്നത്. എട്ടോളം കാറുകളും അതിനൊപ്പം ഒട്ടേറെ വസ്‌തുവകകളും അവരുടെ പേരിലുണ്ടായിരുന്നു. അതുകൊണ്ടാണ് അവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications