എമ്പുരാനിൽ നിർത്തിയെന്ന് കരുതിയോ..? ലാലേട്ടന്റെ ആധിപത്യം ഇനിയും 'തുടരും'; അജിത് കുമാർ പോലും പിന്നിൽ
ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുതം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് മോഹൻലാൽ. അഭിനയ പ്രതിഭ കൊണ്ടും ബോക്‌സ് ഓഫീസ് പ്രതിഭയാലും ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്ന മറ്റൊരു നടൻ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഇൻഡസ്ട്രിയിൽ എത്തിയിട്ട് വർഷം 47 കഴിഞ്ഞിട്ടും മോഹൻലാലിന്റെ ജനസ്വീകാര്യതയ്ക്ക് ഒരു കോട്ടവും ഇതുവരെ സംഭവിച്ചിട്ടില്ല. അടുത്തിടെ ഇറങ്ങിയ എമ്പുരാൻ തന്നെ അതിന് ഉദാഹരണമാണ്.
വിവിധ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും ബോക്‌സ് ഓഫീസിൽ തീയിടാൻ എത്തിയിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്‌ത 'തുടരും' എന്ന സിനിമയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ വമ്പൻ സൂപ്പർതാരങ്ങളെ പോലും മറികടന്നുകൊണ്ട് മുന്നേറുകയാണ് മോഹൻലാൽ.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലെ ബുക്കിംഗുകളുടെ എണ്ണത്തിലാണ് താരം പലരുടെയും മറികടന്ന് മുന്നേറുന്നത്. ബുക്ക് മൈ ഷോയുടെ ഇന്നലത്തെ (ബുധനാഴ്‌ച) ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയതോടെയാണ് മോഹൻലാലിന്റെ നേട്ടം പുറം ലോകമറിഞ്ഞത്. ഇന്ത്യയിൽ തന്നെ കഴിഞ്ഞ ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിട്ടത് മോഹൻലാൽ ചിത്രമായ 'തുടരും' ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അജിത് കുമാർ, അക്ഷയ് കുമാർ, സണ്ണി ഡിയോൾ എന്നിങ്ങനെ വമ്പൻ പേരുകൾ ഉള്ളപ്പോഴാണ് മോഹൻലാലിന്റെ ഈ മുന്നേറ്റം. മോഹൻലാൽ ചിത്രം 'തുടരും' ഇന്നലെ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 63,000ല്‍ അധികം ടിക്കറ്റുകളാണ്. രണ്ടാം സ്ഥാനത്ത് അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ്. റിലീസിന്റെ ആറാം ദിനത്തില്‍ കേസരി 2 വിറ്റത് 58,000 ടിക്കറ്റുകളാണ്, ഇതിനെയാണ് മോഹൻലാൽ മറികടന്നത്.
മൂന്നാം സ്ഥാനത്ത് മോളിവുഡ് യുവതാരം നസ്‍ലെന്‍ നായകനായ ചിത്രം ആലപ്പുഴ ജിംഖാനയാണ്. റിലീസിന്റെ 14-ാം ദിനത്തില്‍ ചിത്രം വിറ്റത് 19,000 ടിക്കറ്റുകളാണ് എന്നത് ശ്രദ്ധേയമായ കണക്കുകൾ തന്നെയാണ്. അജിത്ത് കുമാര്‍ ചിത്രം ഗുഡ് ബാഗ് അഗ്ലിയാണ് പട്ടികയിൽ നാലാമത്. ഇതും റിലീസിന്റെ 14-ാം ദിനത്തിലാണ്, ചിത്രം 16,000 ടിക്കറ്റുകളാണ് വിറ്റത്. സണ്ണി ജിയോള്‍ ചിത്രം ജാഠ് 16,000 ടിക്കറ്റുകൾ വിറ്റ് പട്ടികയിൽ അഞ്ചാമതുണ്ട്.
മോഹൻലാലിന്റെ എമ്പുരാൻ ബുക്ക് മൈ ഷോയിലെ കണക്കുകളിൽ റെക്കോർഡിട്ട് ചിത്രമായിരുന്നു. എമ്പുരാൻ ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 6.45 ലക്ഷം ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആയിരുന്നു. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം കളക്ഷനിൽ ചരിത്രം കുറിച്ചിരുന്നു.












Click it and Unblock the Notifications