Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കാര്യമറിഞ്ഞപ്പോൾ മോഹൻലാൽ ചൂടായി, അവനെ കാലേൽ വാരി നിലത്തടിക്കണമെന്ന് പറഞ്ഞു'; പി ചന്ദ്രകുമാർ

മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്‌ത ചിത്രമായ തുടരും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എമ്പുരാന് ശേഷം കളക്ഷൻ കണക്കുകളിൽ വമ്പൻ മുന്നേറ്റവുമായാണ് തുടരും മുന്നേറുന്നത്. മോഹൻലാൽ എന്ന താരത്തെക്കാളുപരി നടന്റെ തിരിച്ചുവരവാണ് തുടരും എന്ന ചിത്രമെന്നാണ് കൂടുതൽ ആരാധകരും അഭിപ്രായപ്പെടുന്നത്. ശോഭനയാണ് മോഹൻലാലിന്റെ നായികയായി ചിത്രത്തിൽ അഭിനയിച്ചത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിച്ചത്. ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ മോഹൻലാൽ ആരാധകർ ഒന്നടങ്കം ആഘോഷിച്ച ചിത്രം കൂടിയാണ് തുടരും. ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും റെക്കോർഡ് ബുക്കിംഗുമായാണ് മുന്നോട്ട് പോവുന്നത്.

mohanlalandchandrakumarmovie

ചിത്രത്തിൽ പ്രമുഖ സംവിധായകനായ പി ചന്ദ്രകുമാറും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ചന്ദ്രകുമാർ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടരും എന്ന ചിത്രത്തിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. സെറ്റിൽ വച്ച് ഉണ്ടായ ഒരു സംഭവവും അതിനോട് മോഹൻലാൽ പ്രതികരിച്ച രീതിയും അദ്ദേഹം വെളിപ്പെടുത്തി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി ചന്ദ്രകുമാറിന്റെ വാക്കുകൾ

ഒരിക്കലും ഞാൻ തുടരും എന്ന ചിത്രത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അതിന്റെ പ്രൊഡ്യൂസർ രഞ്ജിത് എന്നെ വിളിക്കുന്നു, ചന്ദ്രേട്ടാ ഒരു കാര്യം പറയട്ടെ എന്ന് ചോദിച്ചു. എന്റെ ഡയറക്‌ടർക്ക് ഇപ്പൊ ചെയ്യാൻ പോവുന്ന സിനിമയിലെ ഒരു റോൾ ചന്ദ്രേട്ടൻ ചെയ്‌താൽ കൊള്ളാമെന്ന് ഒരു ആഗ്രഹമുണ്ട്. ഞാൻ അപ്പോൾ തന്നെ ചോദിച്ചു, എന്നെയോ? എന്താണ് അതിന്റെ കാരണമെന്ന്. മധു സാറിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ ഞാനും മോഹൻലാലും ഒപ്പമുണ്ടായിരുന്നു.

അവിടെ വെച്ചാണെന്ന് തോന്നുന്നു എന്റെ രൂപം കണ്ടത്. ഞാൻ പറഞ്ഞു, അവർക്ക് ഓക്കേ ആണെങ്കിൽ എനിക്ക് വിരോധമില്ലെന്ന്. അങ്ങനെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ എറണാകുളത്ത് വരുന്നുണ്ട്, അപ്പോൾ കാണാമെന്ന് പറഞ്ഞു. അവർ തൊടുപുഴ ഷൂട്ടിങ്ങിൽ ആയിരുന്നു. താടിയൊന്നും വടിക്കണ്ട അങ്ങനെ തന്നെ നിന്നോട്ടെ എന്നാണ് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞിട്ടേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളു, അങ്ങനെ ഞാൻ തിരിച്ചുപോയി.

ഞാൻ പോവുമ്പോൾ തൊടുപുഴ ബസ് സ്‌റ്റാൻഡിൽ മോഹൻലാലിന്റെ ഷൂട്ട് നടക്കുകയായിരുന്നു. ഈ തലമുറയിലെ ആർക്കും എന്നെ അറിയില്ല. അപ്പോൾ ലാൽ എന്നെ കണ്ടതും ഓടി വന്നു,ദേ ചന്ദ്രൻ സാർ എന്ന് പറഞ്ഞു. ഞാനൊരിക്കലും അതൊന്നും പ്രതീക്ഷിച്ചില്ല. സാർ വരുമെന്ന് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയെന്ന് ലാൽ പറഞ്ഞു. നമുക്ക് കാരവനിൽ ഇരിക്കാമെന്ന് പറഞ്ഞു. എന്റെടുത്ത് ഒരു കസേരയിട്ട് ഇരുന്ന് കൊറേ സംസാരിച്ചു.

അപ്പോൾ തരുൺ മൂർത്തി വന്നു, കണ്ടിട്ട് ഓക്കേ പറഞ്ഞു. ഞാൻ പോയി, അപ്പോൾ കാണാം സത്യൻ അന്തിക്കാട് എന്നെ വിളിക്കുന്നു. ചന്ദ്രൻ ഇപ്പോൾ തൊടുപുഴയിൽ പോയിരുന്നോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു പോയിരുന്നുവെന്ന്. ലാൽ എന്നെ ഇപ്പോൾ വിളിച്ചിരുന്നു, സത്യേട്ടാ ഒരു സസ്പെൻസ് ഉണ്ട് പറയട്ടെ, സത്യേട്ടന്റെ ഗുരു ഇതാ എന്റെ അടുത്തുണ്ട്, ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ പോവുകയാണ് എന്ന് പറഞ്ഞു.

എന്റെ അടുത്ത പടത്തിൽ ലാൽ തന്നെയാണ് അഭിനയിക്കുന്നത്, ചന്ദ്രൻ വരണമെന്ന് സത്യൻ പറഞ്ഞു. ഹൃദയപൂർവ്വത്തിൽ ചിലപ്പോൾ ഉണ്ടാവുമായിരിക്കും. കണ്ടിട്ട് ഞാൻ തന്നെയാണോ എന്ന് കൺഫോം ചെയ്യാൻ ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു. ഒരുപാട് പേർ വിചാരിക്കുന്നത് ഞാനിപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത ഇല്ലെന്നാണ്. കാരണം മധു, പ്രേം നസീർ ഒക്കെ വച്ച് സിനിമ എടുത്ത ആളാവുമ്പോൾ അവരെക്കാൾ മൂത്ത ആളാവണമല്ലോ.

ആ ധാരണ മാറിയത് തുടരും റിലീസ് ആയപ്പോൾ ആണെന്ന് തോനുന്നു. സത്യമാണത്, പലർക്കും അറിയില്ല. ജീവിതത്തിൽ ഇങ്ങനെയും സംഭവിക്കണം എന്ന് എഴുതിയിട്ടുണ്ടാവും. ഇപ്പൊ എല്ലാരും ചോദിക്കുന്നത് എന്തിനാണ് അഭിനയിക്കാൻ വൈകിയത് എന്നാണ്. പക്ഷേ എനിക്ക് അന്ന് അങ്ങനെ തോന്നിയില്ല. അന്നൊക്കെ അങ്ങനെ ഒരുപാട് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

അത്ര ഡെഡിക്കേറ്റഡ് ആയി താൽപര്യം എടുത്തുകൊണ്ടാണ് സംവിധായകൻ ഓരോ സീനും ചെയ്യുന്നത് എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇത്രയും വലിയ വിജയം ആവുമെന്ന് ഞാൻ കരുതിയിരുന്നില്ല. അവിടെ ചെയ്യുന്നതിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. ഇന്നത് വേണം, ഇന്നത് എടുക്കണം എന്നൊക്ക അവർക്ക് അറിയാം. ഡബ്ബിങിൽ പോലും അടുത്ത് വന്ന് നിന്നാണ് ചെയ്യിക്കുന്നത്.

തുടരും ലൊക്കേഷനിൽ നടന്ന കാര്യങ്ങൾ ശരിക്കും ഞാൻ എൻജോയ് ചെയ്യുകയായിരുന്നു. അതിൽ എനിക്കൊരു വിഷമവും ഉണ്ടായിരുന്നില്ല. ഒരു മഴയത്ത് കുടയും പിടിച്ചു നിൽക്കുന്ന സീനായിരുന്നു ആദ്യം തന്നെ എനിക്ക് കിട്ടിയത്. അത് അഭിനയിക്കാനായി മണിയൻപിള്ള രാജുവൊക്കെ വന്നിട്ടുണ്ട്. ഞാൻ ഓപ്പോസിറ്റ് നിൽക്കുകയായിരുന്നു. ഒരു അസിസ്‌റ്റന്റ്‌ ഡയറക്‌ടർ എനിക്ക് കുട കൊണ്ട് തന്നു.

ഒരു പെൺകുട്ടിയാണ്, ഇത് പിടിച്ചു നിന്നോളൂ എന്നാണ് പറഞ്ഞത്. ഷോട്ട് കഴിഞ്ഞാൽ അത് താഴെയൊന്നും വയ്ക്കരുത്, കൈയിൽ പിടിച്ചോണം എന്നാണ് പറഞ്ഞത്. ഞാൻ ശരി ഓക്കേ എന്ന് പറഞ്ഞ് മിണ്ടാതെ നിന്നു. രണ്ട് മിനിറ്റായില്ല, അപ്പോഴേക്കും ആർട്ട് അസിസ്‌റ്റന്റ് ഓടി വന്നു, ആരാ നിങ്ങൾക്ക് ഈ കുട തന്നതെന്ന് ചോദിച്ചു. ഇത് ആർട്ടിസ്‌റ്റിനുള്ള കുടയാണെന്ന് പറഞ്ഞു അത് വാങ്ങി പോയി. ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് വേറെ കുടയുണ്ടെന്ന് പറഞ്ഞു.

എനിക്ക് കീറിയ ഒരു കുട തന്നു. എനിക്ക് ഭയങ്കര ചിരിയാണ് വന്നത്. പിന്നെ ബ്രേക്ക് ആയിരുന്നു, ഞാൻ കുട അവിടെ വച്ച് ഊണ് കഴിക്കാൻ പോയി. ഞാനും മണിയൻപിള്ള രാജുവുമൊക്കെ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. തിരിച്ചു വന്നപ്പോൾ കുട കാണാനായില്ല. അപ്പോൾ മൂന്നാമത്തെ അസിസ്‌റ്റന്റ് ഡയറക്‌ടർ വന്നു. കുട ഇല്ലന്ന് പറഞ്ഞപ്പോൾ നമുക്ക് ഡീലാക്കാം എന്നാണ് പറഞ്ഞത്.

ഞാൻ ആരാണെന്ന് അവർക്ക് അറിയില്ല. ഈ ഡീലാക്കാം എന്ന് പറയുന്നത് അർത്ഥം എന്താണെന്ന് എനിക്ക് അറിയില്ല. സംവിധായകൻ ഷോട്ട് റെഡിയായെന്ന് പറയുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് പിന്നിലുള്ള ആളോട് കുട വാങ്ങി. നിങ്ങളെ എന്തായാലും ഷോട്ടിൽ കാണില്ലെന്ന് പറഞ്ഞു. എനിക്ക് അറിയാം ഫ്രെയിം എവിടെ ആയിരിക്കുമെന്ന്. അങ്ങനെ ഞാൻ അഭിനയിച്ചു.

കൊറച്ചു കഴിഞ്ഞപ്പോൾ മണിയൻപിള്ള രാജു വന്നിട്ട് ചോദിച്ചു, എന്താ പ്രശ്‌നമെന്ന്. ഞാൻ പറഞ്ഞു കുട്ടികൾക്ക് എന്നെ അറിയില്ല. ഒരാൾ വന്നിട്ട് കുട നിലത്ത് വയ്ക്കരുതെന്ന് പറയുന്നു, വേറൊരാൾ വന്നിട്ട് ഇത് ജൂനിയർ ആർട്ടിസ്‌റ്റിന്റെ കുടയല്ലെന്ന് പറയുന്നു, പിടിച്ചുവാങ്ങുന്നു. മൂന്നാമതൊരാൾ വന്നു കുടയില്ലെന്ന് പറയുമ്പോൾ ഡീലാക്കാമെന്ന് പറയുന്നു.

എല്ലാം പുതിയ കുട്ടികൾ ആയിരുന്നു. അവർക്ക് എന്നെയും അറിയില്ല സിനിമയും അറിയില്ല. അവർ സാധാരണ ജൂനിയർ ആർട്ടിസ്‌റ്റുകളെ ട്രീറ്റ് ചെയ്യുന്ന പോലെയാണ് എന്നെയും നോക്കിയത്. ഇത് മണിയൻപിള്ള രാജു പറഞ്ഞിട്ട് മോഹൻലാൽ അറിഞ്ഞു. മോഹൻലാൽ ചൂടായി, ഇത്രയും സീനിയർ ആയിട്ടുള്ള ആളോട് ഇങ്ങനെയാണോ പെരുമാറുക. അവനെയൊക്കെ കാലേൽ വാരി നിലത്തടിക്കണം എന്ന് പറഞ്ഞു. ഞാൻ കേട്ടപ്പോൾ ചിരിക്കുകയാണ് ചെയ്‌തത്‌. തരുണിനോടും ഞാൻ പറഞ്ഞു ചിരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+