Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ കുടുംബത്തെ പോലും മാറ്റി വച്ചുകൊണ്ടാണ് അതിന് ഇറങ്ങിയത്, മമ്മൂട്ടി അങ്ങനെയല്ല'; മണിയൻപിള്ള രാജു

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഏകദേശം സമകാലികരാണ്. മോഹൻലാലിന് മുൻപേ മമ്മൂട്ടി സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ഇരുവരും താരപദവിയിലേക്ക് ഉയരുന്നത് ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ്. പല താരങ്ങൾക്കും ഇരുവരെയും കുറിച്ച് വ്യത്യസ്‌ത അഭിപ്രായമാണ് എപ്പോഴുമുള്ളത്. അത്തരത്തിൽ ഇരുവർക്കും ഒപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരമാണ് മണിയൻപിള്ള രാജു.

ഒരു നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു ഇരുവരുടെയും വളർച്ച നോക്കികണ്ട ആൾ കൂടിയാണ്. മോഹൻലാലിന്റെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു മണിയൻപിള്ള രാജു എന്ന പ്രത്യേകത കൂടിയുണ്ട്. ഒരേ നാട്ടിൽ വളർന്നവർ ആയിരുന്നു ഇവർ. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

maniyanpillarajumohanlalnew

മോഹൻലാൽ ഒരാളോടും ദേഷ്യപ്പെടാറില്ലെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. താൻ ഒരിക്കലും മോഹൻലാൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്നും മമ്മൂട്ടി പെട്ടെന്ന് ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുമെങ്കിലും ശുദ്ധൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്‌ത ആളാണ് മോഹൻലാലെന്നും കുട്ടികളെയും കുടുംബത്തെയും കാണാതിരിക്കേണ്ടി വന്നെന്നും മണിയൻപിള്ള രാജു പറഞ്ഞു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

മോഹൻലാലിനെയും മമ്മൂട്ടിയെയും എടുത്തുകഴിഞ്ഞാൽ ഈ ശിവകാശി ദൈവങ്ങളുടെ കലണ്ടറിന്റെ പിന്നിൽ ഒരു പ്രഭാവലയം കാണും. അതുള്ളവരാണ് ഈ രണ്ട് പേരും. അവർക്ക് അറിയില്ല പക്ഷേ അത്. മമ്മൂട്ടിക്കുമുണ്ട് അത് മോഹൻലാലിനുമുണ്ട്. രണ്ട് പേരും വളരെ പോസിറ്റീവ് ആണ്. മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യപ്പെടും, വഴക്ക് പറയുകയും ഒക്കെ ചെയ്യുമെങ്കിലും അദ്ദേഹത്തിന്റേത് ഒരു ശുദ്ധ ഹൃദയമാണ്.

മോഹൻലാൽ ആണെങ്കിൽ ദേഷ്യപ്പെടുക പോലുമില്ല. ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്. പുള്ളി അങ്ങനെയാണ്. എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും, അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും, ക്ഷിപ്ര കോപിയാണ്.

മോഹൻലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടേ ഇല്ല. ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളത് അമേരിക്കയിൽ വച്ച് മാത്രമാണ്. ഹൂസ്‌റ്റണിൽ ഒരു ഫുഡ് ഷോപ്പ് ഉണ്ട്, അവിടെ വച്ച് ഞാൻ പറഞ്ഞു എനിക്ക് വിശപ്പില്ല ഞാൻ കഴിച്ചതാണ് എന്ന്. അങ്ങനെ അവിടെ നിന്ന് ഹോട്ട് ഡോഗ് പോലത്തെ സാധനം ഞാൻ രണ്ടെണ്ണം പൊതിഞ്ഞുവച്ചു.

അന്ന് സെറ്റിൽ ഷൂട്ട് നടക്കുകയായിരുന്നു. പാർവതി ഒക്കെ വിശന്നിരിക്കുകയായിരുന്നു. എവിടെ നിന്നോ ദൂരെ നിന്ന് കൊണ്ട് വരികയാണ് ചെയ്യാറുള്ളത്. മണി ഒന്നര ആയിട്ടും ഭക്ഷണം എത്തിയില്ല. മോഹൻലാലും പാർവതിയും കൂടിയുള്ള ഒരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്. പാർവതിയുടെ കണ്ണൊക്കെ നിറഞ്ഞ് വന്നിരുന്നു. ഞാൻ അങ്ങനെ എന്റെടുത്തുള്ള ഭക്ഷണം കൊടുത്തു.

അപ്പോഴാണ് മോഹൻലാൽ വന്നത്, നമുക്ക് അത് കഴിക്കാമെന്ന് പറഞ്ഞുകൊണ്ട്. ഞാൻ പറഞ്ഞു അത് പർവതിക്കും അമ്മയ്ക്കും കൊടുത്തുവെന്ന്. ഓക്കേ ശരിയെന്ന് പറഞ്ഞു മോഹൻലാൽ പോയി. പിന്നെ പ്രൊഡക്ഷൻ ഫുഡ് വന്നു, പക്ഷേ മോഹൻലാൽ അത് തൊട്ടില്ല. ഞാൻ അത് കഴിച്ചാൽ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹൻലാൽ പറഞ്ഞത്.

മോഹൻലാലും ഒരുപാട് ത്യാഗങ്ങൾ സഹിച്ചു തന്നെയാണ് ഇവിടെ വരെ എത്തിയത്. മമ്മൂട്ടിയൊക്കെ ഷൂട്ട് കഴിഞ്ഞാൽ രാത്രി പത്ത് മണിയാവുമ്പോൾ വീട്ടിലേക്ക് പോവും. ഷൂട്ടിങ് കഴിഞ്ഞാൽ അദ്ദേഹം വീട്ടിലേക്ക് പോവും. മോഹൻലാലിനൊക്കെ തുടർച്ചയായ പടങ്ങളുണ്ടാവും. ഒരു പടം കഴിഞ്ഞാൽ അടുത്തത് തുടർച്ചയായി തന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവും. രാത്രി പന്ത്രണ്ട് മണിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് രാവിലെ ആറ് മണിക്ക് തുടങ്ങും.

രണ്ട് കുട്ടികളും ബോഡിംഗിൽ പടിക്കുമ്പോൾ അവരുടെ കൈ വളരുന്നത്, കാൽ വളരുന്നത് ഒന്നും നേരിട്ട് കാണണോ അനുഭവിച്ചറിയാനോ അവർക്ക് ഒപ്പം സമയം ചിലവഴിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പുള്ളി ആ സമയത്തൊക്കെ സെറ്റിലായിരുന്നു. പിന്നെ കുട്ടികൾ വലുതായപ്പോൾ പഠിക്കാനായി പുറത്തേക്ക് പോവുകയും ചെയ്‌തു. മമ്മൂട്ടി ഒരിക്കലും അങ്ങനെയായിരുന്നില്ല, ദിവസവും പിള്ളേരെ കാണും അവർക്കൊപ്പം സമയം ചിലവഴിക്കും.

ഫാമിലി എന്നുള്ളതിനെ മുഴുവനായി മാറ്റിവച്ചിട്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. മുൻപ് കർണഭാരം എന്നുള്ള നാടകം അഭിനയിക്കാൻ വിളിച്ചപ്പോൾ പുള്ളിക്ക് കഴിയുമോ എന്നുള്ള സംശയത്തിലായിരുന്നു. അപ്പോൾ കാവാലം സാറാണ് നിർബന്ധിച്ചു ചെയ്യിച്ചത്. ടികെ രാജീവ് കുമാറിനോട് അഭിനയിക്കാൻ പോവുന്നതിന് മുൻപേ ഈ ബുക്ക് ഒന്ന് നോക്ക് ഞാൻ ഡയലോഗ് പറയാമെന്ന് മോഹൻലാൽ പറഞ്ഞു. നോക്കുമ്പോൾ അങ്ങേരുടെ ക്യാരക്‌ടർ മാത്രമല്ല മറ്റ് ക്യാരക്‌ടറുകളുടെ ഡയലോഗ് വരെ തെറ്റാതെ പറഞ്ഞു.

ആ സംസ്‌കൃതം മുഴുവൻ അദ്ദേഹം ഒറ്റയടിക്ക് പറഞ്ഞു. ഡ്രാമ ചെയ്‌തപ്പോൾ അവിടെ കൊറേ സംസ്‌കൃത പണ്ഡിതന്മാർ ചോദിച്ചു,ഇയാൾ ശരിക്കും അത് പഠിച്ചിട്ടുണ്ടോ എന്ന്. അത്രയും കൃത്യമായിരുന്നു അതിലെ ഉച്ചാരണം എല്ലാം. ഒരു വാക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അർത്ഥവും അതിന് അനുസരിച്ച് മാറുമായിരുന്നു. പക്ഷേ ഇവിടെ ഉള്ളവർക്ക് അത് കാണാൻ ഭാഗ്യം ഉണ്ടായില്ല.

ഇപ്പോൾ തന്നെ തുടരും എന്ന സിനിമ ഇത്രയും സൂപ്പറായി ഓടുന്നില്ലേ. ഞാനൊക്കെ ഒരു മൂന്ന് നാലഞ്ച് ദിവസത്തിൽ ആകെ രണ്ട് ദിവസമാണ് ആകെ നൈറ്റ് പോയിട്ടുള്ളത്. മോഹൻലാൽ ഇവിടെ 70 ദിവസം പറഞ്ഞിടത്ത് നൂറ് ദിവസം ആയപ്പോഴും ഒരു മടി കൂടാതെ വന്നു. എത്രയോ രാത്രികളിൽ വെളുപ്പിന് ആറ് മണിവരെ ഫൈറ്റ് എടുത്തിട്ട് പോയിട്ടുണ്ട്.

ധീം തരികിട തോം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഡേറ്റ് നോക്കിയപ്പോൾ ഇല്ല. പ്രിയൻ പറഞ്ഞു എന്നെ വച്ച് പടം എടുക്കാമെന്ന്. അങ്ങനെ അത് തീരുമാനമായി. പടം തുടങ്ങാൻ പത്ത് ദിവസം ഉള്ളപ്പോൾ മോഹൻലാലിന്റെ ആ പടം ക്യാൻസൽ ആയി. അവിടെ നിന്ന് വിളിക്കുന്നു. അവർ വീണ്ടും മോഹൻലാലിനെ വച്ച് ആലോചിച്ചപ്പോൾ ലാൽ എങ്ങനെയോ അറിഞ്ഞു എന്നെ വച്ച് ചെയ്യാൻ ഇരുന്നതാണെന്ന്.

രാജു ചേട്ടനെ വച്ച് നിങ്ങൾ പ്ലാൻ ചെയ്‌തത്‌ അല്ലേ അത് മുടക്കിയിട്ട് ഞാൻ അഭിനയിക്കില്ല, ഈ ദിവസങ്ങളിൽ എല്ലാം ഞാൻ വെറുതെ ഇരുന്നോളാം എന്നാണ് ലാൽ പറഞ്ഞത്. അങ്ങനെ മോഹൻലാൽ മാറിയത് കൊണ്ട് എനിക്ക് കിട്ടി.ഞാൻ മോഡൽ സ്‌കൂളിൽ പത്താം ക്ലാസ് പാസായി ഇരിക്കുന്ന സമയത്താണ് മോഹൻലാലും കുറച്ച് കൂട്ടുകാരും എന്റെ അടുത്തേക്ക് വരുന്നത്.

ഒരു നാടകം അഭിനയിക്കണം എന്നായിരുന്നു പറഞ്ഞത്. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് ഞാൻ അത് എഴുതി പഠിപ്പിച്ചു കൊടുത്തത്. അതിപ്പോഴും മോഹൻലാൽ പറയാറുണ്ട്. ചേട്ടന്റെ ഒരു തുടക്കമാണ് എനിക്ക് ഇങ്ങനെയൊരു ഇത് കിട്ടാൻ കാരണമെന്ന്. പക്ഷേ ഞാൻ അത് അംഗീകരിക്കില്ല, ശരിക്കും ഞാൻ ഒരു നിമിത്തം മാത്രമാണ്, അന്ന് ലാലിനൊപ്പം വന്ന ബാക്കിയുള്ളവർ ആരും താരങ്ങളായില്ലാലോ, ലാൽ മാത്രമേ ആയുള്ളൂ, അതാണ് അദ്ദേഹത്തിന്റെ കഴിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+