മോഹൻലാൽ ബോക്‌സ് ഓഫീസ് വേട്ട 'തുടരും'; തരുൺ മൂർത്തി ചിത്രം വമ്പൻ നേട്ടത്തിലേക്ക്, 100 കോടി തൊട്ടു?
മലയാളത്തിലെ ഏറ്റവും ചിലവേറിയ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെ എത്തിയ എമ്പുരാൻ തരംഗം തീർത്തതിന് പിന്നാലെയാണ് മോഹൻലാൽ മുഖ്യ വേഷം അവതരിപ്പിച്ച തരുൺ മൂർത്തി ചിത്രമായ തുടരും തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്‌ത് ആറാം ദിവസത്തിൽ എത്തി നിൽക്കെ വമ്പൻ നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇതുവരെ വലിയ രീതിയിലുള്ള കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മാത്രമല്ല പലയിടത്തും ടിക്കറ്റുകൾ കിട്ടാനുമില്ല.
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യവുമായാണ് ഇതിനെ ആരാധകർ താരതമ്യം ചെയ്യുന്നത്. സൈലന്റ് ആയി വന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യത്തിന് സമാനമായ തിരക്ക് തന്നെയാണ് തുടരും എന്ന തരുൺ മൂർത്തി ചിത്രത്തിനും അനുഭവപ്പെടുന്നത്. അഞ്ചാം ദിവസം വരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് ചിത്രം 100 കോടി ക്ലബിന് അരികിലാണ്.

കോയമോയ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വെറും 97.38 കോടി രൂപയാണ് ചിത്രം അഞ്ച് ദിവസത്തിനുള്ളിൽ നേടിയിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ആറാം ദിനമായ ഇന്നത്തെ ആദ്യ മണിക്കൂറുകളിൽ കളക്ഷൻ കൊണ്ട് തന്നെ ചിത്രം നൂറ് കോടി ക്ലബിൽ എത്തിയിരിക്കാൻ സാധ്യതയുണ്ട്. എന്തായാലൂം ഇത് സംബന്ധിച്ച അണിയറ പ്രവർത്തകരുടെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
സാക്‌നിൽക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് ഏകദേശം 37.58 കോടി രൂപയുടെ മൊത്തം വരുമാനം ചിത്രം നേടിയിട്ടുണ്ട്. നികുതികൾ ഉൾപ്പെടെ, ഇത് 44.38 കോടി രൂപയുടെ ഗ്രോസ് ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓവര്സീസിൽ ഇതുവരെ ഏകദേശം 53 കോടി രൂപയുടെ ഗ്രോസ് നേടിയ ഈ ചിത്രം ഇതിനകം തന്നെ ഒരു ബ്ലോക്ക്ബസ്‌റ്റർ ആയി മാറി കഴിഞ്ഞു.
അങ്ങനെ വരുമ്പോൾ ഇന്ത്യൻ, വിദേശ ഗ്രോസ് എന്നിവ സംയോജിപ്പിച്ചാൽ, ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ഓഫീസിൽ ഏകദേശം 97.38 കോടി രൂപയുടെ ഗ്രോസ് നേടിയിട്ടുണ്ടെന്ന് തന്നെയാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. ലോ ഹൈപ്പിൽ വന്ന ചിത്രം എമ്പുരാനേ പോലും മറികടക്കുന്ന കാഴ്‌ചയാണ് കേരള ബോക്‌സ് ഓഫീസിൽ കാണാൻ കഴിയുന്നത്. എങ്കിലും വേഗതയേറിയ നൂറ് കോടി എന്ന നേട്ടത്തിൽ എമ്പുരാനെ തുടരും മറികടക്കില്ല.
തുടരും മുന്നേറുന്ന സാഹചര്യത്തിൽ മോഹൻലാലിനെ കാത്ത് മറ്റൊരു റെക്കോർഡ് കൂടി ഇരിപ്പുണ്ട്. ഒരു മാസത്തെ ഇടവേളയിൽ വീണ്ടും നൂറ് കോടി ക്ലബിൽ പ്രവേശിക്കുന്ന ഏക ദക്ഷിണേന്ത്യൻ നടനായി മോഹൻലാൽ ഇതോടെ മാറും. വളരെ ചെറിയ ഇൻഡസ്ട്രി ആയിരുന്നിട്ട് കൂടി മോഹൻലാലിന്റെ സ്‌റ്റാർഡം എത്രത്തോളം ഇത്തരം കാര്യങ്ങളിൽ തുണയാവുന്നു എന്നതാണ് തുടരും കാണിക്കുന്നത്.
കേരളത്തിലെ മാത്രം കണക്കുകൾ എടുത്താലും വലിയ മുന്നേറ്റമാണ് ചിത്രത്തിന് പ്രകടമായിരിക്കുന്നത്. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ കേരള ബോക്‌സ് ഓഫീസിൽ നിന്ന് 33.65 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. പ്രമുഖ സിനിമാ കളക്ഷൻ ട്രാക്കർ എബി ജോർജ് എക്‌സിൽ പങ്കിട്ട കണക്കുകൾ പ്രകാരമാണ് കേരളത്തിൽ ഈ മിന്നും കളക്ഷൻ.
നിലവിലെ സാഹചര്യത്തിൽ ഈ കുതിർപ്പ് തുടർന്നാൽ 200 കോടി എന്ന നേട്ടവും മോഹൻലാൽ ചിത്രത്തിന് അന്യമാവില്ല എന്നാണ് കരുതപ്പെടുന്നത്. എങ്കിലും മെയ് ഒന്നിന് റിലീസ് ചെയ്യുന്ന സൂര്യ ചിത്രം റെട്രോ, നാനിയുടെ ഹിറ്റ് 3 എന്നിവയാണ് പ്രധാനമായും ഇനി 'തുടരും' എന്ന ത്രില്ലർ ചിത്രത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ വഴിയുള്ളൂ. അതിൽ തന്നെ കേരള മാർക്കറ്റിൽ സൂര്യ ചിത്രത്തിന് ഹൈ പോസിറ്റീവ് വന്നാൽ മാത്രമേ മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തെ ബാധിക്കാൻ സാധ്യതയുള്ളൂ.












Click it and Unblock the Notifications