വേഗതയിൽ മുൻപിൽ ലാലേട്ടൻ തന്നെ; വാപ്പച്ചിയെ കടത്തിവെട്ടി ദുൽഖർ, റെക്കോർഡ് ബുക്കിൽ ഇടംനേടി നസ്‌ലനും
കളക്ഷൻ റെക്കോർഡുകൾ തന്നെയാണ് എല്ലാ സിനിമാ ഇൻഡസ്ട്രികളിലും പ്രധാന ചർച്ചാ വിഷയം. നമ്മുടെ നാട്ടിലെ സിനിമാ സംസ്‌കാരവും ആസ്വാദന രീതിയും ഒക്കെ മാറി വരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. എന്നാൽ മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിന് അത്രത്തോളം ബിസിനസ് സാധ്യമല്ല. എന്തെന്നാൽ മോളിവുഡ് ഒരു ചെറിയ ഇൻഡസ്ട്രിയാണ് എന്നത് തന്നെ കാരണം.
എങ്കിലും ഇവിടെയും കോടിക്കണക്കുകൾക്ക് ഒട്ടും കുറവില്ല. ഏറ്റവും ഒടുവിൽ 200 കോടി ബിസിനസ് വരെ എത്തി നിൽക്കുന്ന നിലയിലേക്ക് മലയാള സിനിമ വളർന്നു കഴിഞ്ഞു. എന്നാൽ ഇവിടുത്തെ ബെഞ്ച്മാർക്ക് എന്ന് പറയുന്നത് 50 കോടി ക്ലബ് തന്നെയാണ്. അത്തരത്തിൽ ഈ നേട്ടം കൈവരിച്ച സിനിമകൾ മലയാളത്തിൽ കുറച്ചധികമുണ്ട്.

എന്നാൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ മുൻപന്തിയിൽ സൂപ്പർതാരം മോഹൻലാലാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 50 കോടി എന്ന സുവർണ നേട്ടം നമുക്ക് സമ്മാനിച്ചത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യമായിരുന്നു എന്ന് നാം ഈ അവസരത്തിൽ ഓർക്കണം.
ട്രേഡ് അനലിസ്‌റ്റുകൾ അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോളിവുഡിന്റെ 50 കോടി ക്ലബ്ബ് സിനിമകളെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി തൊട്ട ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ ആയിരുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടത്തിലേക്കെത്തിയത്. ലൂസിഫറിന്റെ സീക്വൽ ആയ എംപുരാൻ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.
രണ്ടാം സ്ഥാനത്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പാണ്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടിയിലെത്തിയത്. മൂന്നാമത് മെഗാസ്‌റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്‌മപർവമാണ്. ആറ് ദിവസമാണ് 50 കോടിയിലെത്താൻ ചിത്രത്തിന് വേണ്ടി വന്നത്. നാലാം സ്ഥാനത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്‌ത ഇൻഡസ്ട്രി ഹിറ്റ് ചിത്രം 2018 ആണ്.
ഏതാണ്ട് ഒരാഴ്‌ച കൊണ്ടാണ് ഈ നേട്ടം 2018 സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് മറ്റൊരു മോഹൻലാൽ ചിത്രം തന്നെയാണ്. ജീത്തു ജോസഫ് ഒരുക്കിയ നേര് ആണ് ഇത്. എട്ട് ദിവസം കൊണ്ടാണ് ചിത്രം 50 കോടിയിലെത്തിയത്. എട്ട് ദിവസത്തിൽ തന്നെയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡും ഈ നേട്ടം കൈവരിച്ചത്.
യുവനിരയുടെ ആർഡിഎക്‌സ്- ഒൻപതാം സ്ഥാനത്തും, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി പതിനൊന്ന് ദിവസം കൊണ്ടും പട്ടികയിൽ ഇടംപിടിച്ചപ്പോൾ, പ്രേമലു- പതിമൂന്ന് ദിവസം(നസ്‌ലന്‍ ചിത്രം) കൊണ്ടും, പുലിമുരുകൻ- പതിനാല് ദിവസം കൊണ്ടുമാണ് ഈ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. വൈകാതെ മമ്മൂട്ടിയുടെ ഏറ്റവും ചിത്രം ഭ്രമയുഗം പട്ടികയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications