150 കോടി കളക്ഷനും കടന്ന് ഈ മലയാള സിനിമകൾ; തകർന്നടിഞ്ഞ് കോളിവുഡ്, 90 കോടി മുടക്കിയ രജനി ചിത്രവും പൊട്ടി
മലയാള സിനിമയുടെ ശരിക്കുമുള്ള തലവര തെളിഞ്ഞ വർഷമാണ് 2024 എന്ന് വേണമെങ്കിൽ നിസംശയം പറയാം. മുൻപ് തമിഴ് സിനിമ കേരള ബോക്‌സ് ഓഫീസിൽ വന്ന് വമ്പ് കാട്ടിയ സമയത്ത് കിതച്ചിരുന്ന മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ബുക്കുകൾ ഇപ്പോഴിതാ വീണ്ടും പൊടിതട്ടി എടുക്കേണ്ട സ്ഥിതിയാണ്. നിലവിൽ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ ചേർത്ത കളക്ഷൻ 150 കോടിയിൽ അധികം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രേമലു, ഭ്രമയുഗം എന്നിവ അടുത്തടുത്ത ആഴ്‌ചകളില്‍ ഇറങ്ങി 50 കോടി ക്ലബ് കടന്നു. അതിൽ പ്രേമലു ഇപ്പോഴും തിയേറ്ററുകളിൽ കാര്യമായി ആളുകളെ എത്തിക്കുന്നുണ്ട്, പ്രത്യേകിച്ച് യുവ പ്രേക്ഷകരെ. ഭ്രമയുഗമാവട്ടെ പല സെന്ററുകളിലും ഇപ്പോഴും ഹോൾഡ് ചെയ്യുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഈ രണ്ട് ചിത്രങ്ങളും നേടിയത്.

ഇവയ്‌ക്കൊപ്പം തന്നെ ഇപ്പോൾ തിയേറ്ററുകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന മറ്റൊരു മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ആണ്. റിലീസ് ചെയ്‌ത് നാല് ദിവസം കൊണ്ട് തന്നെ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 26 കോടി രൂപയോളം വാരിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടയില്‍ ഇറങ്ങിയ ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തൂ' മികച്ച കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ പറഞ്ഞത്.
എന്നാൽ തമിഴ് സിനിമയ്ക്ക് പുതുവർഷം അത്ര നല്ല വർത്തകളല്ല സമ്മാനിച്ചത്. കാര്യമായൊരു ഹിറ്റ് പോലും അവർക്ക് ഇക്കുറി ഉണ്ടായില്ല എന്നതാണ് സത്യം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആഘോഷ സീസണായ പൊങ്കലിന് ഇറങ്ങിയ ശിവകാര്‍ത്തികേയന്റെ സയൻസ് ഫിക്ഷൻ ചിത്രം അയലനും, ധനുഷിന്റെ പിരിയഡ് ഡ്രാമ ക്യാപ്റ്റന്‍ മില്ലറും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല.
പിന്നീട് ഈ വർഷത്തെ മറ്റൊരു പ്രധാന അവധി ദിനമായ റിപ്പബ്ലിക് ഡേയിൽ ആര്‍ജെ ബാലജിയുടെ സിംഗപ്പൂര്‍ സലൂണ്‍, പാ രഞ്ജിത്ത് നിര്‍മ്മിച്ച ബ്ലൂ സ്‌റ്റാർ എന്നീ ചിത്രങ്ങൾ എത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല. ബ്ലൂസ്‌റ്റാറിന് നിരൂപക പ്രശംസ നേടാൻ കഴിഞ്ഞില്ലെങ്കിൽ ബോക്സോഫീസില്‍ വലിയ നമ്പര്‍ സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല.
ഫെബ്രുവരിയിൽ തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമായിരുന്നു രജനീകാന്ത് അതിഥി വേഷത്തിൽ ലാല്‍ സലാം ആയിരുന്നു. എന്നാല്‍ ചിത്രം ഒരു ബോക്സോഫീസ് ദുരന്തമായി മാറുകയായിരുന്നു. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം പോലും നേടാതെയാണ് കളം വിട്ടത്. അടുത്തിടെ തമിഴ് സിനിമയിലെ ഏറ്റവും പരാജയ ചിത്രങ്ങളിൽ ഒന്നായി ചിത്രം മാറുകയും ചെയ്‌തു.
അതിനിടെ സമൂഹ മാധ്യമങ്ങളിലും മറ്റും തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ മലയാളത്തിന് ലഭിക്കുന്ന സാമ്പത്തിക വിജയവും, നിരൂപക പ്രശംസയുമൊക്കെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. ഒരു വൈറലായ എക്‌സ് പോസ്‌റ്റില്‍ 'ഡിയര്‍ മോളിവുഡ് ഒന്ന് പതുക്കെ പോകൂ, ഈ വര്‍ഷം രണ്ട് മാസമേ ആയൂള്ളൂ' എന്നാണ് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രങ്ങളുടെ പോസ്‌റ്ററുകൾ ചേർത്തുകൊണ്ട് പറയുന്നത്.












Click it and Unblock the Notifications