"മുകേഷ് കെട്ടിച്ചമച്ച കഥകൾ ക്യാപ്റ്റൻ രാജുവിനെ വേദനിപ്പിച്ചു, അന്ന് പണം കൊടുത്ത് സഹായിച്ചത് മോഹൻലാൽ"
മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടൻമാരിൽ സ്‌ക്രീനിന് പുറത്ത് വ്യക്തിജീവിതത്തിൽ ഏറ്റവും നല്ല സ്വഭാവ സവിശേഷതകൾക്ക് ഉടമയായ നടൻമാരിൽ ഒരാൾ ആയിരുന്നു ക്യാപ്റ്റൻ രാജു. വില്ലൻ വേഷങ്ങളിൽ തിളങ്ങിയെങ്കിലും ഏവർക്കും പ്രിയങ്കരനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന നടൻ. നാൽപത് വർഷത്തിൽ അധികം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം ഒട്ടനവധി കഥാപാത്രങ്ങൾ അനശ്വരമാക്കി.
ഒരുഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ നിന്ന് മാറി അദ്ദേഹം കോമഡി കൈകാര്യം ചെയ്യാനും അതിലൂടെ മലയാളത്തിലെ സിനിമ ഐക്കോണിക് വേഷങ്ങൾ ലഭിക്കാനും കാരണങ്ങളായി. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പിവി നാരായണൻ എന്ന പവനായി, സിഐഡി മൂസയിലെ കരുണൻ ചന്തക്കവല എന്ന ഡിറ്റക്റ്റീവ് കരൺ ചന്ത് എന്നിവ അതിൽ ചിലത് മാത്രം. എന്നാൽ അദ്ദേഹം നമ്മോട് വിടപറഞ്ഞിട്ട് ഈ മാസം പതിനേഴാം തീയതി ഏഴ് വർഷങ്ങൾ തികയുകയാണ്.

ഇപ്പോഴിതാ ക്യാപ്റ്റൻ രാജു എന്ന പച്ചയായ മനുഷ്യന് ജീവിതത്തിൽ നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകനും അദ്ദേഹത്തിന്റെ സുഹൃത്തുമായ ആലപ്പി അഷ്‌റഫ്. ക്യാപ്റ്റൻ രാജുവിനെ കുറിച്ച് മുകേഷ് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത് അദ്ദേഹത്തിന് വലിയ മനോവേദന ഉണ്ടാക്കിയെന്നും ക്ഷുഭിതനാക്കിയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. എന്നിട്ടും ആരോടും ക്യാപ്റ്റൻ രാജു പരിഭവം കാണിച്ചില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മദ്രാസിൽ ഞാൻ ഉണ്ടായിരുന്ന സമയം പല സിനിമാ സദസ്സുകളിലും ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു ക്യാപ്റ്റൻ രാജുവിന്റേത്. നല്ല പൊക്കവും വണ്ണവും ഒക്കെയുള്ള ഒരു മിലിട്ടറിക്കാരൻ ആണെന്നും വില്ലൻ വേഷങ്ങൾ അഭിനയിക്കാൻ എത്തിയിരിക്കുകയാണെന്നും ഞാൻ അറിഞ്ഞു. മൂന്ന് നാല് പടങ്ങളിൽ അഭിനയിച്ച ശേഷമാണ് അദ്ദേഹം സ്വന്തം ശബ്‌ദത്തിൽ ഡബ്ബ് ചെയ്‌തത്. അദ്ദേഹത്തിന്റെ ഒരു പടത്തിൽ ഞാൻ ശബ്‍ദം നൽകിയിരുന്നു.
ജയന് വേണ്ടി ശബ്‌ദം നൽകിയ ആളെന്ന നിലയിൽ എന്നോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹവും ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ ഉദാഹരണമായിരുന്നു. സാധാരണ സിനിമക്കാരിൽ കാണുന്ന പാരവെപ്പോ, ആരെയെങ്കിലും തരംതാഴ്ത്തി പറയുകയോ മദ്യപിച്ച് അലമ്പുണ്ടാക്കുകയോ സ്ത്രീ വിഷയം സംബന്ധിച്ച് പ്രശ്‌നം ഉണ്ടാക്കുകയോ പോലെയുള്ള ഒന്നും അദ്ദേഹം ചെയ്‌തിരുനില്ല.
അത്തരം കഥകൾ ഒന്നും ഇല്ലാത്തത് കൊണ്ടാവാം മറ്റ് കഥകൾ പലരും പ്രചരിപ്പിച്ചത്. വില്ലന്മാരായി അഭിനയിച്ചിട്ടുള്ള ചില നടന്മാർ തമാശയായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അദ്ദേഹം മിലിട്ടറി ടീമിന്റെ ക്യാപ്റ്റനല്ല, ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണെന്ന്. ക്യാപ്റ്റൻ രാജുവിനെ കുറിച്ച് നടൻ മുകേഷ് പലപല കഥകളും കെട്ടിച്ചമച്ചിട്ടുണ്ട്. സോഷ്യൽമീഡിയ ഒന്നും ഇല്ലാതിരുന്ന ആ സമയത്ത് മുകേഷ് കഥകൾക്ക് വലിയ പ്രചാരവും ലഭിച്ചിരുന്നു.
അന്നത്തെ കാലത്ത് മുകേഷ് കഥകൾ എല്ലായിടത്തും എത്തിയിരുന്നു. അങ്ങനെ അത് ക്യാപ്റ്റൻ രാജുവിന്റെ ചെവിയിലും എത്തി. അത് രാജുച്ചായനെ വളരെയധികം വേദനിപ്പിച്ചു, അദ്ദേഹത്തിനെ ക്ഷുഭിതനുമാക്കി. ഇതറിഞ്ഞ മുകേഷ് എങ്ങനെ രാജുച്ചായനെ അഭിമുഖീകരിക്കുമെന്ന് അറിയാതെ നിന്നു. സിനിമയിൽ പാരപണിയുന്നവർ ഒരുപാട് ഉണ്ടെന്നാണ് അന്ന് രാജുച്ചായൻ പറഞ്ഞത്.
ഒരിക്കൽ അദ്ദേഹത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ പല സഹപ്രവർത്തകരോടും പണം ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. പക്ഷേ, ആരും അദ്ദേഹത്തെ സഹായിച്ചില്ല. അന്ന് രക്ഷകനായത് മോഹൻലാലാണ്. രാജുവേട്ടന് ഇത്രയും മതിയോ? എത്ര വേണമെങ്കിലും ഞാൻ തരാമെന്നാണ് മോഹൻലാൽ പറഞ്ഞത്.
അത് പലിശസഹിതം തിരികെ തരാമെന്ന് രാജുച്ചായൻ പറഞ്ഞത് മോഹൻലാലിനെ വളരെയധികം വിഷമിപ്പിച്ചു. ജേഷ്ഠസഹോദരന് നൽകുന്ന സഹായമാണ് എന്നാണ് ലാൽ പറഞ്ഞത്. അതിന് എങ്ങനെ പലിശ വാങ്ങുമെന്നായിരുന്നു ലാൽ ചോദിച്ചത്. ആ കഥ രാജുച്ചായൻ തന്നെയാണ് എന്നോട് ഒരിക്കൽ പറഞ്ഞത്.












Click it and Unblock the Notifications