'വിക്രം ഒരു പച്ചയായ മനുഷ്യൻ, സിനിമയിൽ എനിക്ക് മറ്റാരുമായും കൂടുതൽ സൗഹൃദമില്ല'; മുകുന്ദൻ മേനോൻ
മലയാളത്തിലൂടെ തുടങ്ങി പിന്നീട് തമിഴിൽ സൂപ്പർതാരമായ നടനാണ് വിക്രം. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ ബുദ്ധിമുട്ടുകൾ വിക്രം നേരിട്ടിരുന്നു. സൈന്യം എന്ന ജോഷി ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ പ്രത്യേക്ഷപ്പെട്ടെങ്കിലും പിന്നീട് ധ്രുവത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൈന്യത്തിൽ വിക്രമിനൊപ്പം പിന്നീട് മലയാളത്തിൽ സൂപ്പർതാരമായി മാറിയ ദിലീപും, അബി, മുകുന്ദൻ മേനോൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ആ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും വിക്രമുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടൻ മുകുന്ദൻ മേനോൻ. ഇരുവരും സൈന്യം എന്ന മമ്മൂട്ടി-ജോഷി ചിത്രത്തിലാണ് കരിയറിന്റെ തുടക്കത്തിൽ ഒരുമിച്ച് അഭിനയിച്ചത്. ഇത്രയും വലിയ സൂപ്പർതാരം ആയിരുന്നിട്ടും വിക്രം വളരെ ജെനുവിൻ ആയിട്ടുള്ള വ്യക്തി ആണെന്നും ഇപ്പോഴും പഴയ അടുപ്പം തന്നെ അദ്ദേഹത്തോട് ഉണ്ടെന്നും മുകുന്ദൻ മേനോൻ പറഞ്ഞു.

മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുകുന്ദൻ മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏത് സെറ്റിൽ ആയാലും ഷൂട്ടിൽ ആണെങ്കിലും വിക്രമിന് അടുത്തേക്ക് ധൈര്യമായി കയറി ചെല്ലാമെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ സിനിമയിൽ തനിക്ക് അടുത്ത സൗഹൃദങ്ങൾ ഒന്നുമില്ലെന്നും എല്ലാവരുമായും നല്ല ബന്ധത്തിൽ ആണെന്നും മുകുന്ദൻ മേനോൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ.
ജ്വാലയായ് എന്ന സീരിയലിന്റെ നിർമ്മാതാവ് മമ്മൂക്കയായിരുന്നു. അദ്ദേഹം അവിടേക്ക് ഫാമിലിയായും അല്ലാതെയും ഒക്കെ വരാറുണ്ടായിരുന്നു. അവിടെ വന്നാൽ അദ്ദേഹം നമ്മളോട് സുഖാന്വേഷണങ്ങൾ നടത്തുകയും നമ്മുടെ ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. നല്ല സീരിയലുകളെ കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു.
സൈന്യത്തിന്റെ സെറ്റിൽ മമ്മൂക്കയുമായി അടുപ്പം ഉണ്ടാക്കാൻ കഴിയുമായിരുനില്ല. അത്രയും ആളുകൾ ഉണ്ടായിരുന്നല്ലോ. അദ്ദേഹത്തിന്റെ കൂടെ ഞാൻ ആദ്യമായാണല്ലോ അഭിനയിക്കുന്നത്. എനിക്ക് സ്‌പേസ് ഉണ്ടെങ്കിൽ മാത്രമേ ഞാൻ അവിടെ നിൽക്കാറുള്ളൂ. സൈന്യത്തിന്റെ സമയത്ത് അദ്ദേഹം ഞങ്ങളുടെ ഫോട്ടോ ഒക്കെ എടുത്തിരുന്നു. പിന്നീട് അദ്ദേഹം ഗ്രേറ്റ് ഫാദർ ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോ എനിക്ക് അയച്ചിരുന്നു.
സൈന്യത്തിന്റെ സെറ്റിൽ വിക്രമമുമായി ഞാൻ അന്ന് ഭയങ്കര കമ്പനി ആയിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് വിക്രമായിരുന്നു. ജോഷി സാർ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു കണ്ണട ഒക്കെ വച്ചിട്ടുണ്ടാകും,കൂളിങ് ഗ്ലാസ് ആയിരിക്കും. നമ്മളൊക്കെ എവിടെയാണ് എന്ത് ചെയ്യുകയാണ് എന്നൊക്കെ പുള്ളി കാണുന്നുണ്ടാവുമെന്ന് വിക്രം പറയാറുണ്ട്. അപ്പോൾ ഞാൻ പറയും വിക്രമിന്റെ കൂടെയല്ലേ ഇരിക്കുന്നതെന്ന്..
വിക്രമിനെ സെറ്റിൽ എല്ലാവർക്കും ഇഷ്‌ടമായിരുന്നു, കൃത്യ സമയത്ത് എത്തും. എല്ലാത്തിനും മുൻപന്തിയിൽ ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ അച്ചടക്കമുള്ള ആളായിരുന്നു. അന്നത്തെ ഷൂട്ട് വളരെ നല്ലൊരു അനുഭവമായിരുന്നു. ഓരോ ദിവസവും എൻജോയ് ചെയ്‌തു കൊണ്ടാണ് നിന്നത്. എയർഫോഴ്‌സ് അക്കാദമിയിൽ നിന്നായിരുന്നു ഷൂട്ട് ഒക്കെ.
വിക്രമിനോട് ഇപ്പോഴും അതേ ബന്ധമുണ്ട്. എല്ലാവരും പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം എങ്ങനെയാണ് കണ്ടാൽ പെരുമാറുക, അതുപോലെ തന്നെ വിക്രമും ചെയ്യും. ഒരു വലിപ്പചെറുപ്പവും ഇല്ലാതെ പുള്ളി പെരുമാറും. പച്ചയായ ഒരു മനുഷ്യനാണ് വിക്രം. എവിടെ കണ്ടാലും ധൈര്യമായി ചെല്ലാവുന്ന ഒരാളാണ് അദ്ദേഹം.
നമ്മളെ ഒരിക്കലും പുള്ളി എന്താണ് എന്ന് ചോദിക്കില്ല. ഇപ്പോൾ പക്ഷേ ഇത്തിരി പ്രയാസമാണ് വിളിച്ചാൽ കിട്ടില്ല. മാനേജർ വഴിയാണ് അല്ലോ ബന്ധപ്പെടാൻ കഴിയുക. കാലഘട്ടം മാറിയത് കൊണ്ടാണ് ഇത്. എനിക്ക് ഇപ്പോഴും വളരെ അടുപ്പമുള്ള വ്യക്തിയാണ്. വിക്രമിന്റെ കാര്യത്തിൽ എനിക്ക് എവിടെ ആണെങ്കിലും ഉൾവലിയേണ്ട ആവശ്യമില്ല. അന്യൻ ഹിറ്റായ സമയത്ത് പോലും അദ്ദേഹം എന്റെ എടുത്ത് വന്ന് ഒരുപാട് സംസാരിച്ചിരുന്നു.












Click it and Unblock the Notifications