'എന്റെ ജീവിതം, എന്റെ നിയമങ്ങൾ'; ഗ്ലാമർ രഹസ്യം വെളിപ്പെടുത്തി ഗോപി സുന്ദർ, കമന്റുകൾക്ക് ഉഗ്രൻ മറുപടിയും
മലയാളത്തിലെ പ്രതിഭാധനരായ സംഗീത സംവിധായകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുള്ള പേരാണ് ഗോപി സുന്ദറിന്റേത്. പുതിയ തലമുറക്ക് ഇടയിൽ പ്രത്യേകിച്ചും സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്തിട്ടുള്ള താരത്തിന് പക്ഷേ അതിലേറെ വിവാദങ്ങളിൽ കൂടി ചെന്ന് പെടേണ്ടി വന്നിരുന്നു. വ്യക്തിജീവിതത്തിലെ ചില കാര്യങ്ങൾ തന്നെയായിരുന്നു താരത്തെ വിമർശനത്തിന് ഇടയാക്കിയത്.
എന്നാൽ ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം പുറത്ത് വന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് ഗോപി സുന്ദർ. ഏറ്റവും ഒടുവിൽ പങ്കുവച്ച ചിത്രങ്ങൾ പോലും അതിന് ഉദാഹരണമാണ്, അതിലെ കമന്റുകൾക്ക് ഗോപി സുന്ദർ നൽകിയ മറുപടിയും ശ്രദ്ധേയമാണ്. തന്റെ ഗ്ലാമർ രഹസ്യം എന്താണെന്ന ചോദ്യത്തിന് പോലും ഗോപി സുന്ദർ വ്യക്തമായി മറുപടിയാണ് നൽകിയത്.

'ലൈഫ്' അടിക്കുറിപ്പോടെയാണ് ഗോപി തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ ഫിറ്റ്നസിനെയും സൗന്ദര്യ സംരക്ഷണത്തെയും പ്രശംസിച്ചു കൊണ്ട് ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. താരം കൂടുതൽ സുന്ദരനായെന്ന് പറഞ്ഞവരും ഏറെയുണ്ട്.
പുതിയ പാട്ടുകളെ കുറിച്ചും കമ്പോസിങ്ങിനെ കുറിച്ചുമൊക്കെ ചോദിച്ചവരുമുണ്ട്. അതിൽ ഒരാൾ എന്താണ് താരത്തിന്റെ ഗ്ലാമറിന്റെ രഹസ്യം എന്ന് ചോദിച്ചതിന് ഗോപി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. 'ഈ നിമിഷം ജീവിക്കുകയാണ് ഞാൻ, ആരൊക്കെ എന്തൊക്കെ എന്നെകുറിച്ച് പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. എന്റെ ലോകം എന്റെ ജീവിതം എന്റെ നിയമങ്ങൾ. അതൊരു രഹസ്യമല്ല' എന്നായിരുന്നു ഗോപി പറഞ്ഞത്.
ഗോപി സുന്ദറിന്റെ ഈ കമന്റ് ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. കൂടാതെ വേറെയും ചില ചോദ്യങ്ങൾക്ക് ഗോപി മറുപടി നൽകുകയുണ്ടായി. ഈ ലൈഫ് ഒക്കെ ഒഴിവാക്കിയിട്ട് പഴയ ട്രാക്കിലേക്ക് തന്നെ വന്നുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ അതിനോടും വളരെ ലളിതമായി രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്, എല്ലാ ട്രാക്കിലും ഞാൻ ഹാപ്പിയാണ് എന്നായിരുന്നു ഗോപിയുടെ മറുപടി.
ഇതിനിടയിൽ ചിലർ പരിഹാസത്തോടെയും കമന്റ് ചെയ്യുന്നുണ്ട്. ആശാനേ എന്താണ് ഒരു കള്ളച്ചിരി, പുതിയത് എടുത്തോ... ഐഫോൺ 16 എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് രസകരമായ രീതിയിൽ തന്നെയാണ് ഗോപി സുന്ദർ മറുപടി കൊടുത്തത്. എന്റെ കൈയിൽ ഐഫോൺ 20 ഉണ്ട്, നിന്റെ ഫോൺ ഏതാണെന്ന് പറയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള ഭിന്നതകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ചയാണ്. കൂടാതെ ഇരുവരും വീഡിയോകളിലൂടെ പരസ്‌പരം ഏറ്റുമുട്ടുന്നുമുണ്ട്. ഇതിലേക്ക് ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെട്ട പേരുകളിൽ ഒന്നാണ് ഗോപി സുന്ദറിന്റേത്, അതിനോടുള്ള പ്രതികരണമാണോ ചില മറുപടികൾ എന്ന് സംശയിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications