'അതുല്യയുടേതിന് സമാനമായിരുന്നു എന്റെ ജീവിതാനുഭവങ്ങളും, ഞാൻ അതിൽ നിന്ന് എസ്കേപ്പ് ആയി'; അമേയ നായർ
അടുത്തിടെയാണ് കേരളത്തെ നടുക്കിയ മലയാളി യുവതി അതുല്യ ഷാർജയിൽ മരണപ്പെട്ടത്. ഗാർഹിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നു അതുല്യ. ഇതിന് പിന്നാലെ സംഭവത്തിൽ പല കോണുകളിൽ നിന്ന് വിമർശനം ഉയരുകയും കേരളത്തിൽ അടിക്കടി ഉണ്ടാവുന്ന ഇത്തരം സ്ത്രീധന-ഗാർഹിക പീഡന മരണങ്ങൾ ചർച്ചയാവുകയും ഒക്കെ ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് ടെലിവിഷൻ താരം അമേയ നായർ.
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ കുടുംബവിളക്ക് മുതൽ കുടുംബശ്രീ ശാരദ വരെയുള്ള സൂപ്പർ ഹിറ്റ് സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ച താരമാണ് അമേയ. സോഷ്യൽ മീഡിയയിലും സജീവമായി തന്നെ താരം രംഗത്തുണ്ട്. രണ്ട് മക്കളുടെ അമ്മയാണ് താനെന്നും വര്‍ഷങ്ങളായി സിംഗിള്‍ മദര്‍ ആയി ജീവിക്കുകയാണെന്നും അമേയ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടൻ ജിഷിൻ മോഹനുമായി താരം അടുപ്പത്തിൽ ആണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതുല്യ അനുഭവിച്ച കാര്യങ്ങൾ ഒക്കെയാണ് തനിക്കും നേരിടേണ്ടി വന്നതെന്നും അതിൽ നിന്ന് ഒട്ടും വ്യത്യസ്‌തമായിരുന്നില്ല തന്റെ സാഹചര്യമെന്നും അമേയ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. കേരളത്തിൽ വിവാഹപ്രായം എത്തിനിൽക്കുന്ന പെൺകുട്ടികൾ പലരും വിവാഹജീവിതം ആവശ്യമുണ്ടോ എന്നുപോലും അതുല്യയുടെ മരണത്തിനു ശേഷം ചോദിക്കുന്നുവെന്നും അമേയ വീഡിയോയിൽ പറയുന്നു.
'അതുല്യയുടേതിൽ നിന്നും ഒട്ടും വ്യത്യസ്‌തമായിരുന്നില്ല എന്റെ ജീവിതാനുഭവങ്ങളും. ഞാനതിൽ നിന്നും എസ്കേപ്പായി. എന്നാൽ അങ്ങനെ രക്ഷപെടുക എന്നത് എളുപ്പമല്ല. കുട്ടികൾക്കു വേണ്ടി ജീവിച്ചുകൂടേ, വിദ്യാഭ്യാസമില്ലേ ഒരു ജോലി കണ്ടെത്തിക്കൂടേ എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് ആ സന്ദർഭത്തിൽ ഇതൊന്നും ചെയ്യാൻ സാധിച്ചെന്ന് വരാറില്ല' അമേയ വീഡിയോയിൽ പറയുന്നു.
'ആ സമയം ഒരു ചേർത്തുപിടിക്കലാണ് അവർക്ക് ഏറ്റവും ആവശ്യം. ഒരുപക്ഷേ മാതാപിതാക്കളിൽ നിന്നുപോലും അത് ലഭിക്കാതിരിക്കുമ്പോൾ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഒറ്റയ്ക്ക് പുറത്തേക്കു വന്ന് കുഞ്ഞുങ്ങളുമായി ജീവിക്കുന്ന സ്ത്രീകളോട് നിങ്ങൾ എന്തു മനോഭാവമാണ് കാണിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്?' അമേയ ചോദിച്ചു.
ജിഷിൻ മോഹൻ അടക്കമുള്ളവർ പോസ്‌റ്റിൽ അമേയക്ക് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കൃത്യമായ കാര്യമാണ് അമേയ പറഞ്ഞതെന്നാണ് ജിഷിൻ നൽകിയിരിക്കുന്ന കമന്റ്. നിരവധി പേരാണ് അമേയയുടെ പോസ്‌റ്റിൽ പിന്തുണ അറിയിച്ചിരിക്കുന്നത്. തുടരാൻ കഴിയാത്ത ഏത് ബന്ധം ആയാലും അത് വിട്ട് പുറത്തുവരികയാണ് വേണ്ടതെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
നേരത്തെ ജിഷിനും അമേയയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തിലായിരുന്നു ഇവർ സസ്പെൻസ് പൊളിച്ചത്. അവളും അവനും യെസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈൻസ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി എന്നായിരുന്നു ജിഷിൻ അന്ന് തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
നടിയായ വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനാണ് ഉള്ളത്. എന്നാൽ മൂന്ന് വർഷം മുൻപ് ഒരുവരും വിവാഹമോചിതരായിരുന്നു. ഇതിന് പിന്നാലെയാണ് അമേയയുമായി ജിഷിൻ അടുത്തത്. എന്നാൽ ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ നേരത്തെ തന്നെ പുറത്തുവരികയും വിമർശനം കേൾക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഏറ്റവും പുതിയ പോസ്‌റ്റിൽ അമേയയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്.












Click it and Unblock the Notifications