ഒരു പൊലീസുകാരന്റെ പുരസ്കാരങ്ങളുടെ 'നായാട്ട്': എഴുത്ത് വഴി, സിനിമ; ഷാഹി കബീർ പറയുന്നു
കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡിന്റെ നക്ഷത്ര തിളക്കത്തില്‍ ഷാഹി കബീർ. 'നായാട്ട്' എന്ന ചിത്രത്തിലുടെ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച തിരക്കഥാകൃത്തെന്ന അംഗീകാരമാണ് ഷാഹി കബീറിനെ തേടിയെത്തുന്നത്. 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയതിന് പിന്നാലെയാണ് ദേശീയ തലത്തിലെ നേട്ടം എന്നത് ഇരട്ടിമധുരമാവുന്നു. നായാട്ടെന്ന ചിത്രത്തിലൂടെ തന്നെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും ഷാഹി കരസ്ഥമാക്കിയിരുന്നു.
ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പുരസ്കാര നേട്ടത്തിന് പിന്നാലെ ഷാഹി കബീർ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നത്. 'അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സ്വഭാവികമായും വലിയ സന്തോഷമുണ്ട്. അതില്‍ കൂടുതല്‍ ഇപ്പോള്‍ എന്താണ് പറയാനുള്ളത്' ഷാഹി കബീർ ചോദിക്കുന്നു.

നായാട്ട് ഒരു യഥാർത്ഥ പൊലീസ് സ്റ്റോറി
ചെറുപ്പം മുതല്‍ തന്നെ മോശമല്ലാത്ത രീതിയില്‍ വായനയുണ്ടായിരുന്നു. അതിന് ശേഷം കുറെ കഴിഞ്ഞാണ് എഴുത്തിലേക്ക് തിരിയുന്നത്. ഒരു പൊലീസുകാരനായതുകൊണ്ട് കൊണ്ട് തന്നെ അത്തരം സ്റ്റോറികളിലുടെയായിരുന്നു തുടക്കം. കൂടുതല്‍ അടുത്ത് അറിഞ്ഞ ജീവിതമാണല്ലോ അത്. 'ജോസഫ്' -ആണ് ആദ്യ ചിത്രമെങ്കിലും നായാട്ടാണ് യഥാർത്ഥ ഒരു പൊലീസ് കഥ. വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട പടം കൂടിയാണ് നായാട്ട്.
പൊലീസില്‍ നിന്നും 5 വർഷത്തെ അവധി
ദിലീഷ് പോത്തന്റെ കൂടെ തൊണ്ടിമുതലും ദൃക്സാക്ഷിയിലും സംവിധാന സഹായിയായിട്ടാണ് സിനിമയിലെ തുടക്കം. ആ സമയത്ത് തന്നെ ജോസഫിന്റെ കഥ ഏകദേശം പകുതിയിലേറെ പൂർത്തിയാക്കിയിരുന്നു. ജോസഫിന് ശേഷം പൊലീസില്‍ നിന്നും അഞ്ച് വർഷത്തോളം അവധിയെടുത്താണ് സിനിമ പ്രവർത്തനം. ജനങ്ങളുടെ സന്തോഷത്തേക്കാള്‍ ഉപരി പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് കാണുന്നവരാണ് പൊലീസുകാർ. ആ പൊലീസുകാർക്കും നിരവധി പ്രശ്നങ്ങളുണ്ട്. ഈ അനുഭവങ്ങള്‍ ഇതുവരെയുള്ള എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്.

സംവിധായക വേഷം
ഇലവീഴാപൂഞ്ചിറയുടെ തിരക്കഥാകൃത്തുകളായ ഷാജിയും നിധീഷും അടുത്ത സുഹൃത്തുക്കളാണ്. കോവിഡ് സമയത്ത് സിനിമ ഉള്‍പ്പെടെ എല്ലാ മേഖലകളും പ്രതിസന്ധിയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ആലോചിക്കുന്നതും വർക്ക് ചെയ്യുന്നതും. അങ്ങനെ ആ ചിത്രത്തിലൂടെ ഞാന്‍ ആദ്യമായി സംവിധായകന്റ വേഷം അണിഞ്ഞു. പൊലീസുകാരനായിരിക്കെ ജോലി ചെയ്ത സ്ഥലമാണ് ഇലവീഴാപൂഞ്ചിറ എന്നൊരു ബന്ധം കൂടിയുണ്ട്.
വീണ്ടും മാർട്ടിന്‍ പ്രക്കാട്ട്, കൂടെ രതീഷ് അമ്പാട്ടും
തല്‍ക്കാലം തിരക്കഥയില്‍ തന്നെയാണ് ശ്രദ്ധ. നിലവില്‍ സംവിധായക ശ്രമങ്ങളില്ല. രണ്ട് മൂന്ന് പടങ്ങള്‍ മുന്നിലുണ്ട്. നായാട്ടിന്റെ സംവിധായകന്‍ മാർട്ടിന്‍ പ്രക്കാട്ടിന് വേണ്ടി വീണ്ടും എഴുതുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍. ഒരു പൊലീസ് സ്റ്റോറിയാണെങ്കിലും ഇതുവരേയുള്ളതില്‍ നിന്നും കുറച്ച് സ്പെയിസും കൊമേഴ്ഷ്യല്‍ മൂല്യവുമുള്ള ഒരു ചിത്രമായിരിക്കും അത്. പൊലീസ് കഥകള്‍ക്കും പുറത്തുള്ള ചിത്രവുമുണ്ട്. രതീഷ് അമ്പാട്ടിന് വേണ്ടിയാണ് ആ തിരക്കഥ. പൊലീസിന് പുറത്ത് ചെയ്യുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ ആ തിരക്കഥയെ കാണുന്നു.
പ്രചോദനം അച്ഛന്‍, കുടുംബം
നാടകം, എഴുത്ത് തുടങ്ങിയ മേഖലയുമായി ബന്ധമുള്ള വ്യക്തിയായിരുന്നു വാപ്പ. ഞാനും അങ്ങനെയൊക്കെയായി മാറണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്തൊക്കെ സിനിമകളൊക്കെ കൊണ്ടുപോയി കാണിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ സിനിമയില്‍ എത്തുന്നത് കാണാന്‍ വാപ്പ ഉണ്ടായില്ല. ഈ പുരസ്കാരം ഞാന്‍ വാപ്പായ്ക്ക് സമർപ്പിക്കുന്നു. ഉമ്മയോടൊപ്പം ആലപ്പുഴയിലാണ് താമസം. ഭാര്യ സബീന സ്കൂള്‍ ജീവനക്കാരിയാണ്. രണ്ട് മക്കള്‍. മൂത്ത മകള്‍ ഫഹീന്‍ പത്താംക്ലാസിലും ഇളയമകള്‍ ഫഹ്മ അഞ്ചാംക്ലാസിലും പഠിക്കുന്നു.












Click it and Unblock the Notifications