'നയൻതാരയെ അന്ന് നിർബന്ധിച്ചാണ് അഭിനയിപ്പിച്ചത്, ബന്ധുക്കൾക്ക് താൽപര്യം ഇല്ലെന്ന് പറഞ്ഞു'; സത്യൻ അന്തിക്കാട്
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർതാരമായ നയൻതാര പത്തനംതിട്ടയിലെ തിരുവല്ല എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് വന്നതെന്ന് സിനിമാ മേഖലയിൽ നിന്നുള്ളവരിൽ പലർക്കും അറിയാവുന്ന കാര്യമായിരിക്കും. നയൻതാരയുടെ സിനിമാ പ്രവേശം സത്യൻ അന്തിക്കാട്-ജയറാം സിനിമയായ മനസ്സിനക്കരെയിലൂടെ ആയിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ വേഷം ഇട്ടിട്ടില്ലെങ്കിലും അദ്ദേഹവുമായി നല്ല ബന്ധമാണ് നയൻതാര വച്ച് പുലർത്തിയിരുന്നത്.
നേരത്തെ ഈ സിനിമയിലേക്ക് കടന്നുവന്ന നയൻതാര നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് ക്യാമറാമാൻ അളഗപ്പൻ തുറന്ന് പറഞ്ഞിരുന്നു. ലുക്ക് ടെസ്‌റ്റിൽ വിജയിച്ചെങ്കിലും അഭിനയ പരിചയം ഇല്ലാതിരുന്ന നയൻതാരയ്ക്ക് ആദ്യ സമയങ്ങളിൽ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു എന്നായിരുന്നു അളഗപ്പൻ പറഞ്ഞത്. പല വെല്ലുവിളികളും മറികടന്നാണ് നയൻതാര തന്റെ ആദ്യ സിനിമ പൂർത്തിയാക്കിയത്.

ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ സത്യൻ അന്തിക്കാട്. കൗമുദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനസ്സിനക്കരെ എന്ന സിനിമയിലേക്ക് നയൻതാര എങ്ങനെ വന്നുവെന്നും പിന്നീട് എങ്ങനെ അത് അവരുടെ കരിയർ മാറ്റി മറിച്ചെന്നും അദ്ദേഹം പറയുന്നു. വളരെയധികം ആത്മവിശ്വാസമുള്ള വ്യക്തിയാണ് നയൻതാരയെന്നും ഇപ്പോഴും പഴയ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
നയൻതാരയുടെ ഒരു ഫോട്ടോയാണ് ഞാൻ ആദ്യം കാണുന്നത്. ഒരു കോൺഫിഡൻസ് ഉള്ള മുഖമായിട്ടാണ് അപ്പോൾ തോന്നിയത്. എനിക്ക് അപ്പോൾ നായികയെ കിട്ടിയിരുന്നില്ല. പടം തുടങ്ങിയിരുന്നു. ഷീലയാണല്ലോ ലീഡ് റോൾ ചെയ്യുന്നത്. നായിക ആരെങ്കിലും കിട്ടുമെന്ന് തോന്നി. പിന്നെ പുതുമുഖം ആയിരുന്നെങ്കിൽ നല്ലതെന്നും തോന്നി. കാരണം ഷീല ഇപ്പുറത്ത് നിൽക്കുന്നത് കൊണ്ട് വളരെ പ്രസിദ്ധയായ ഒരു നായിക വേണ്ടെന്ന് തോന്നി. ഷീലയെയാണ് പ്രൊജക്റ്റ് ചെയ്യുന്നത്.
പുതുമുഖം ഉണ്ടായാൽ നല്ലതാണ്. ഒരുപാട് പേരെ ട്രൈ ചെയ്‌തു നോക്കി ഒന്നും ശരിയായില്ല. അങ്ങനെ വനിതയുടെ കവർ ഫോട്ടോ ആയി വന്നിരുന്നു നയൻതാര. എഡിറ്ററെ വിളിച്ചപ്പോൾ അദ്ദേഹത്തിന് പരിചയമുള്ള കുട്ടിയാണെന്ന് പറഞ്ഞു. ഞാൻ കണ്ടത് പരസ്യത്തിൽ ആയിരുന്നു. അങ്ങനെ ഞാൻ വിളിച്ചപ്പോൾ തിരിച്ചു വിളിക്കാമെന്നാണ് പറഞ്ഞത്. കാരണം ആരേലും പറ്റിക്കാൻ വേണ്ടി വിളിക്കുകയാണെന്ന് കരുതി.
പിന്നെ തിരിച്ചു വിളിക്കുകയാണ് ചെയ്‌തത്. അപ്പോൾ എന്റടുത്ത് പറഞ്ഞത് ഞാൻ അഭിനയിച്ചിട്ടില്ലെന്നാണ്. അങ്ങനെ കണ്ടാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി പാലക്കാടേക്ക് വരാൻ പറഞ്ഞു. അന്ന് വന്നപ്പോഴും നല്ല കോൺഫിഡൻസ് ഉള്ള ഫേസ് ഒക്കെയാണ്. ഞാൻ കുറച്ച് ഷോട്‌സ് ഒക്കെ എടുത്തു. അതുകഴിഞ്ഞ് മൂന്ന് നാല് ദിവസത്തിന് ശേഷമാണ് ഈ കുട്ടി ചെയ്‌താൽ മതിയെന്ന് ഞാൻ തീരുമാനിക്കുന്നത്.
ഞാൻ വരുന്നില്ലെന്നാണ് പറഞ്ഞത്. ചില ബന്ധുക്കൾക്ക് താൽപര്യം ഇല്ല സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചു, ഡയാനയ്ക്ക് താൽപര്യം ഉണ്ടോയെന്ന്. അച്ഛനും അമ്മയ്ക്കും പ്രശ്‌നം ഉണ്ടയോയെന്നും ചോദിച്ചു. ഇല്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന് വളരെ മാച്ചിംഗ് ആയിരുന്നു അന്നവർ. നിർബന്ധപൂർവം വരുത്തിയ ആ വരവ് അവരെ ഇന്ത്യൻ സിനിമയിൽ എത്തിച്ചു.
അതൊക്കെ അവരുടെ കഴിവാണ്. ഇപ്പോഴും അവരുമായി കോണ്ടാക്റ്റ് ഉണ്ട്. ആ ഒരു ഫ്രീഡം ഇപ്പോഴുമുണ്ട്. പക്ഷേ ഞാൻ അത് ദുരുപയോഗം ചെയ്യാറില്ല. എന്റെ പടത്തിലൂടെ വന്നുവെന്ന് പറഞ്ഞുകൊണ്ട് പിന്നീട് എല്ലാത്തിലും വിളിക്കുകയോ ഒന്നും ചെയ്‌തിട്ടില്ല. നയൻതാരയുടെ കല്യാണത്തിന് എന്നെയും സിദ്ദിഖിനെയും ഒക്കെയാണ് ക്ഷണിച്ചത്. ദിലീപും ഉണ്ടായിരുന്നു. വെറും 200 പേർ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.












Click it and Unblock the Notifications