12 കോടിയാണ് പ്രതിഫലം, സെറ്റില്‍ വരണമെങ്കില്‍ 11 മണി; നയന്‍താര ഷൂട്ടിനെത്താന്‍ ഡിമാന്‍ഡുകള്‍ ഇങ്ങനെ
ചെന്നൈ: തെന്നിന്ത്യന്‍ നായികമാരില്‍ നയന്‍താരയോളം താരമൂല്യമുള്ള നടിമാരില്ല എന്ന് തന്നെ പറയാം. ഒറ്റയ്ക്ക് സിനിമകള്‍ ജയിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് നയന്‍സ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും നടിക്കുണ്ട്. ഒരുകാലത്ത് രജനീകാന്ത്, വിജയ്, അജിത്ത്, കമല്‍ഹാസന്‍ പോലുള്ള സൂപ്പര്‍ താരങ്ങളില്ലാതെ സിനിമകള്‍ വിജയിപ്പിക്കാനാവില്ലെന്ന് മുമ്പ് തമിഴ് സിനിമയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു.
എന്നാല്‍ അത് തെറ്റിച്ചത് നയന്‍താരയാണ്. ഹിറ്റുകളും, സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും നയന്‍താരയുടെ കരിയറില്‍ തുടരെയുണ്ടായിരുന്നു. അതിനൊപ്പം സൂപ്പര്‍ താര സിനിമകളും സ്ത്രീപക്ഷ സിനിമകളും എന്ന രീതിയില്‍ ബാലന്‍സ് ചെയ്ത് സിനിമകള്‍ ചെയ്യാനും നയന്‍താര തയ്യാറായതാണ് വലിയ താരപദവി ലഭിക്കാന്‍ കാരണം.

മലയാള സിനിമയില്‍ നിന്നാണ് നയന്‍താര ആരംഭിച്ചതെങ്കിലും അതിവേഗമാണ് തമിഴില്‍ അവര്‍ താരമായത്. ഒടുവിലെ ആയിരം കോടി ഗ്രോസറും ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുമായ ജവാനിലെ നായിക വേഷം വരെ നയന്‍സിനെ തേടിയെത്തി. ജനപ്രീതിയില്‍ മുന്നില്‍ നില്‍കുന്ന നയന്‍താര കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇത്രയും കാലം വലിയ നടിയായി നിലനില്‍ക്കുക പലര്‍ക്കും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ നയന്‍താര തന്റെ നിലപാടുകളില്‍ പലപ്പോഴും കാര്‍ക്കശ്യം തുടരുന്ന നടി കൂടിയാണ്. സിനിമകളുടെ പ്രമോഷനുകള്‍ താന്‍ വരില്ലെന്ന് നയന്‍താര നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതുപോലെ പരസ്യ ചിത്രങ്ങളും അഭിനയിക്കില്ലെന്നാണ് നയന്‍സിന്റെ നിലപാട്.
അതേസമയം നയന്‍താര ഇപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന പുതിയ ഡിമാന്‍ഡുകളാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. തമിഴ് സിനിമാ രംഗത്തെ വിവരങ്ങള്‍ പങ്കുവെക്കാറുള്ള അനന്തന്‍ എന്നയാളാണ് നയന്‍താരയുടെ പുതിയ നിബന്ധനകള്‍ വിവരിച്ചിരിക്കുന്നത്. ഇവര്‍ അടുത്തിടെ നയന്‍താരയുടെ ചിത്രങ്ങളെല്ലാം പരാജയമാകുന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിന് പുറമേയാണ് പുതിയ നിബന്ധനകള്‍ കൂടി നയന്‍താര കൊണ്ടുവന്നിരിക്കുന്നത്. നയന്‍താര പുതിയ ചിത്രങ്ങളുടെലൊക്കേഷനുകളില്‍ ഇനി 11 മണിക്ക് മാത്രമേ എത്തൂ. നേരത്തെ ഒന്‍പത് മണിക്ക് നയന്‍താര എത്താറുണ്ടായിരുന്നു അനന്തന്‍ പറയുന്നു. തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു ഇയാളുടെ പ്രതികരണം.
നയന്‍താര ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറില്ല. പ്രമോഷന്‍ ഇവന്റുകളിലും പങ്കെടുക്കില്ല. തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിയുടെ വിവാഹം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് നഷ്ടമാകും. അതോടെ സിനിമയില്‍ നിന്ന് കിട്ടുന്ന പ്രതിഫലവും കുറയും. നയന്‍താരയാണ് ഈ രീതിയെ മാറ്റി മറിച്ചത്.
വിവാഹ ശേഷവും അവര്‍ക്ക് വലിയ സിനിമകള്‍ ലഭിച്ചിരുന്നു.ചില സിനിമകള്‍ അവര്‍ വേണ്ടെന്ന് വെച്ചു. പക്ഷേ അവസരങ്ങളൊന്നും കുറഞ്ഞില്ല.എന്നാല്‍ ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടുന്നില്ല. പക്ഷേ നയന്‍താര അല്ല ചിത്രത്തിന്റെ കണ്ടന്റുകളാണ് ഇതിന് കാരണം. പന്ത്രണ്ട് കോടി നയന്‍താരയ്ക്ക് പ്രതിഫലം എന്തിനാണ് നല്‍കുന്നതെന്ന് ചോദ്യമുയരുന്നുണ്ട്. തുടരെ സിനിമകള്‍ പരാജയപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നടിയുടെ നിബന്ധനകള്‍ പ്രശ്‌നമാണ്. വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഷൂട്ടിംഗ് പറ്റുള്ളൂ. വിദേശ രാജ്യങ്ങളില്‍ ഷൂട്ട് ഉണ്ടെങ്കില്‍ കുട്ടികളെയും കൊണ്ടുപോകും. കുട്ടികളുടെ കാര്യം കൂടി നോക്കാനാണ് ഈ തീരുമാനം. ഇത്രയും നിബന്ധനകള്‍ ഉണ്ടെങ്കില്‍ പ്രതിഫലം കുറയ്ക്കാവുന്നതാണ്. 11 മണിക്ക് വന്ന 5 മണിക്ക് പോകുന്നത് എങ്ങനെയാണ് ശരിയാവുകയെന്ന് അനന്തന്‍ ചോദിച്ചു.












Click it and Unblock the Notifications