'ഒരു മോഹൻലാൽ സംഭവം..'; 80 കോടി കളക്ഷൻ പിന്നിട്ട് നേര്, 100 കോടി എന്ന മാജിക് നമ്പർ മറികടക്കുമോ..?
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് നേര്. ഏറെക്കാലത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രത്തിന് കംപ്ലീറ്റ് പോസിറ്റീവ് റെസ്പോൺസ് കിട്ടുന്നത് എന്ന പ്രത്യേകതയുമായി കുതിപ്പ് തുടങ്ങിയ ചിത്രമിപ്പോൾ കളക്ഷൻ റെക്കോർഡുകളിൽ എതിരാളികളില്ലാതെ മുന്നേറുകയാണ്.
പ്രശാന്ത് നീലിന്റെയും പ്രഭാസിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായ സലാർ, രാജ്‌കുമാർ ഹിറാനി-ഷാരൂഖ് ചിത്രമായ ഡങ്കി എന്നിവയ്‌ക്കൊപ്പം തിയേറ്ററുകളിൽ എത്തിയ ചിത്രം പക്ഷേ കേരള ബോക്‌സ് ഓഫീസിൽ മറ്റൊരു സിനിമയ്ക്കും ചെറിയ അവസരം പോലും നൽകിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷൻ 80 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതുവർഷത്തിലും പല തിയേറ്ററുകളിലും നിറഞ്ഞ സദസുകൾക്ക് മുൻപിലാണ് സിനിമയുടെ പ്രദർശനം തുടരുന്നത്. സ്ക്രീന്‍ കൗണ്ടില്‍ ഒരു കുറവും സംഭവിക്കാതെ മൂന്നാം വാരാം പിന്നിട്ട ചിത്രത്തിന്റെ കളക്‌ഷൻ 80 കോടി പിന്നിട്ടു കഴിഞ്ഞു. മലയാളത്തിൽ നിന്നുള്ള അടുത്ത 100 കോടി ചിത്രമാവാൻ ഉള്ള ശ്രമത്തിൽ കൂടിയാണ് നേര് ഇപ്പോൾ.
ക്രിസ്‌മസ് റിലീസ് ആയി വമ്പൻ സിനിമകൾക്ക് ഒപ്പമാണ് ഡിസംബര്‍ 21ന് നേര് തിയറ്ററുകളിലെത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച സ്വീകാര്യതയും, പ്രേക്ഷക പ്രശംസയും നേടിയതോടെ ചിത്രത്തിന്റെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും സിനിമ സ്വന്തമാക്കുകയുണ്ടായി.
ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം അഭിഭാഷക വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രമായിരുന്നു നേര്. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ ഇനി വരാനുള്ള വമ്പൻ റിലീസുകൾ ഓസ്‌ലറും, മോഹൻലാൽ-ലിജോ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലൈക്കോട്ട വാലിബനുമാണ്. ഇവ എത്തുന്നതിന് മുൻപ് തന്നെ പരമാവധി കളക്ഷൻ നേര് സ്വന്തമാക്കി കഴിഞ്ഞു.
മോഹൻലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നടിയും അഭിഭാഷകയുമായ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു നേര്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രം ഇരുപത് ദിവസം കൊണ്ട് ഇത്രയധികം കളക്ഷൻ നേടിയെടുത്തതോടെ മോഹൻലാലിന്റെ ബോക്‌സ് ഓഫീസ് കരുത്തിനെ കുറിച്ചുള്ള സംശയങ്ങളും ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.












Click it and Unblock the Notifications