നേരിന്റെ നല്ല നേരം; യുഎഇ കളക്ഷനിലും കുതിപ്പുമായി മോഹൻലാൽ ചിത്രം, ഇതുവരെ നേടിയത് ഇത്ര...
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബോക്‌സ് ഓഫീസിന് തീപിച്ചുകൊണ്ട് ഒരു മോഹൻലാൽ ചിത്രം നല്ല അഭിപ്രായം നേടുന്നത്. അത് മാത്രമായിരുന്നു നേര് എന്ന കോർട്ട് റൂം ഡ്രാമ ചിത്രത്തിലെ ഹൈലൈറ്റ്. എന്നാൽ ഇപ്പോഴിതാ ഒരു സാധാരണ ചിത്രം കൊണ്ട് തന്നെ തന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ എന്ന നടൻ.
ആഗോള കളക്ഷനിൽ 80 കോടി കടന്ന ചിത്രം ഇപ്പോൾ കേരള ബോക്‌സ് ഓഫീസിന് പുറമെ ഗൾഫിലും ചരിത്രം കുറിക്കുകയാണ്. ഗൾഫ് രാജ്യമായ യുഎഇയിൽ ചിത്രം മികച്ച നേട്ടമുണ്ടാക്കുന്നുണ്ട് എന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെയായി യുഎഇയില്‍ നേര് 13.6 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേവലം ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബിലേക്ക് ചിത്രം നടന്നുകയറിയത്. നിലവിലെ സാഹചര്യത്തിൽ ഇങ്ങനെ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി ചിത്രം മുന്നേറുമെന്നാണ് വിലയിരുത്തൽ. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ സ്വന്തമാക്കാനായി എന്നതാണ് നേരിന്റെ മുന്നേറ്റത്തിൽ പ്രധാനമായത്.
ഇന്ത്യയിലെ മറ്റ് ഇടങ്ങളിലും ചിത്രത്തിന് വലിയ രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശാന്ത് നീൽ-പ്രഭാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രമായ സലാർ, രാജ്‌കുമാർ ഹിറാനിയും ഷാരൂഖ് ഖാനും ഒന്നിച്ച ചിത്രമായ ഡങ്കി എന്നിവയ്‌ക്കൊപ്പമാണ് നേര് തിയേറ്ററുകളിൽ എത്തിയത്.
എന്നാൽ കേരള ബോക്‌സ് ഓഫീസിൽ മറ്റൊരു സിനിമയ്ക്കും നേരിന് വെല്ലുവിളി തീർക്കാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആഗോള കളക്ഷൻ 80 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതുവർഷത്തിലും പല തിയേറ്ററുകളിലും നിറഞ്ഞ സദസുകൾക്ക് മുൻപിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. സ്ക്രീന്‍ കൗണ്ടില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേര്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നടിയും അഭിഭാഷകയുമായ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.












Click it and Unblock the Notifications