'ആ ചിത്രം മോഹൻലാലിനെ കണ്ട് എഴുതിയതല്ല, അങ്ങനെ ചെയ്‌താൽ കഥയോട് നീതി പുലർത്താൻ കഴിയില്ല'; ജീത്തു ജോസഫ്
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഖ്യാതി ഇന്ത്യയ്ക്ക് പുറത്തുവരെ എത്തിച്ച അപൂർവം സംവിധായകരിൽ ഒരാൾ. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'നേര്' ഉടൻ തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മോഹൻലാൽ നായകനായി എത്താനുള്ള കാരണങ്ങൾ പറയുകയാണ് സംവിധായകൻ.
നേര് എന്ന ചിത്രത്തിന് തിരക്കഥ എഴുതുമ്പോൾ ഒരിക്കലും മോഹൻലാലിനെ മനസിൽ കണ്ടിരുന്നില്ലെന്നാണ് ജീത്തു പറയുന്നത്. താൻ കഥ എഴുതുമ്പോൾ ഒരിക്കലും ഒരു നടനെ മനസിൽ കാണാറില്ലെന്നും, ആദ്യം സബ്ജെക്‌ട് ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ജീത്തു പറഞ്ഞു. മോഹൻലാലിനൊപ്പം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം തുറന്നുപറഞ്ഞത്.

മോഹൻലാൽ വക്കീൽ വേഷവും, വളരെ ഇമോഷണലായ ഒരു കഥാപാത്രവും കൈകാര്യം ചെയ്‌തിട്ട് വർഷങ്ങളായെന്നും അതിനാലാണ് അദ്ദേഹത്തിന് തന്നെ ഈ കഥാപാത്രം നൽകണമെന്ന് തോന്നിയതെന്നും ജീത്തു പറയുന്നു. കൂടാതെ ഒരു നടനെ മുന്നിൽകണ്ട് എഴുതുമ്പോൾ ഒരിക്കലും ആ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നമ്മൾ ഒരു സ്‌റ്റോറി ഡെവലപ് ചെയ്‌തു കഴിഞ്ഞു, പിന്നെ അതിൽ വർക്ക് ചെയ്‌ത് വന്നപ്പോൾ ലാൽ സർ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അദ്ദേഹം വക്കീൽ വേഷം കൈകാര്യം ചെയ്‌തിട്ട് വർഷങ്ങളുടെ ഗ്യാപ് ആയി. അതുപോലെ തന്നെ ഇമോഷണൽ സീനുകൾ ചെയ്‌തിട്ടും കുറച്ചായി. എനിക്ക് ഇതിന് നല്ലത് ലാൽ സാർ ആണെന്ന് തോന്നി' ജീത്തു പറയുന്നു.
'അങ്ങനെയാണ് ലാൽ സാറിന്റെ അടുത്തേക്ക് പോവുന്നത്. ഞാനൊരു സബ്‌ജക്‌ട് ഡെവലപ് ചെയ്യുമ്പോൾ ആദ്യം രൂപീകരിക്കും. അല്ലാതെ ഒരു ആർട്ടിസ്‌റ്റിനെ കണ്ട് അങ്ങനെ വർക്ക് ചെയ്യാറില്ല. അങ്ങനെ വരുമ്പോൾ നമുക്ക് ഒരിക്കലും കഥയോട് നീതി പുലർത്താൻ കഴിയില്ല' ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
മോഹൻലാൽ നായകനായി തിയേറ്ററുകളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 21ന് ചിത്രം പ്രദർശനത്തിന് എത്തും.
നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും അഭിഭാഷക വേഷത്തിൽ എത്തുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.












Click it and Unblock the Notifications