Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കണക്ക് കേട്ടാൽ ആരും സിനിമ നിർമ്മിക്കില്ല, പല നിർമ്മാതാക്കളും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയാണ്'; ഗിരീഷ് ലാൽ

മലയാള സിനിമയുടെ പ്രതിസന്ധികൾക്ക് ആഴം കൂട്ടിയാണ് അടുത്തിടെ നിർമ്മാതാക്കളുടെ സംഘടനയും അഭിനേതാക്കളും തമ്മിൽ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കം ഉയർന്നുവന്നത്. സിനിമയുടെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആണെന്നായിരുന്നു നിർമ്മാതാക്കൾ പരസ്യമായി പ്രതികരിച്ചത്. സിനിമകളുടെ നഷ്‌ട കണക്കുകളും അവർ പങ്കുവച്ചിരുന്നു.

വൻ ബജറ്റിൽ വന്ന ചിത്രങ്ങൾ പോലും മുടക്കുമുതലിന്റെ ഏഴയലത്ത് വരാതെ തിയേറ്ററുകളിൽ നിന്ന് പരാജയപ്പെട്ടുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനിടയിലാണ് സിനിമയിലെ ലഹരി ഉപയോഗവും അത് സംബന്ധിച്ച തർക്കങ്ങളും ഉയർന്നു വരുന്നത്. മാർച്ച് മാസത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ എമ്പുരാൻ ഒഴികെ എല്ലാം പരാജയമായിരുന്നു എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെട്ടത്.

asgirishlalmovie

ഇതോടെ വീണ്ടും സിനിമയിലെ നഷ്‌ട കണക്കുകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നിരവധി നിർമ്മാതാക്കളാണ് വിഷയത്തിൽ പ്രതികരിച്ചത്. ഇനി മുതൽ എല്ലാ മാസവും ഇറങ്ങുന്ന ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകൾ പങ്കുവയ്ക്കാനാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇത് സിനിമയുടെ വിജയ പരാജയങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരം നൽകുമെന്നാണ് അവർ അവകാശപ്പെടുന്നത്.

ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് നിർമ്മാതാവ് എഎസ് ഗിരീഷ് ലാൽ. മാണിക്യക്കല്ല് അടക്കമുള്ള ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ് ഗിരീഷ് ലാൽ. മോഹൻലാൽ നായകനായ റെഡ് വൈനും നിർമ്മിച്ചത് അദ്ദേഹമായിരുന്നു. സിനിമയിലെ കണക്കുകൾ ഇപ്പോൾ പുറത്തുവിടേണ്ടത് അനിവാര്യമായിരുന്നു എന്നാണ് ഗിരീഷ് ലാൽ പറയുന്നത്.

പല നിർമ്മാതാക്കളും ഈ കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ സിനിമകളിൽ നിന്ന് പിന്മാറിയെന്ന് തന്നെ ചില സംവിധായകർ വിളിച്ചു പറഞ്ഞുവെന്നും ഗിരീഷ് ലാൽ പറയുന്നു. ഈ നടപടി ഇത്തിരി നേരത്തെ ചെയ്യേണ്ടതായിരുന്നു എന്നാണ് ഗിരീഷ് ലാൽ പറയുന്നത്. എങ്കിൽ താനും സിനിമ എടുക്കില്ലായിരുന്നുവെന്നും ഗിരീഷ് പറഞ്ഞു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഎസ് ഗിരീഷ് ലാലിന്റെ വാക്കുകൾ

പുതിയ താരങ്ങളെ വച്ച് സിനിമ പിടിക്കുമെന്നല്ല പറയുന്നത്. എന്നിലേക്ക് വരുന്ന കൊറേ സബ്‌ജക്റ്റുകൾ ഒക്കെ യൂത്ത് ചെയ്യേണ്ടതാണ്. എനിക്ക് എന്തായാലും ആസിഫ് ഒക്കെയായിട്ട് നല്ല ബന്ധമുണ്ട്. അവരൊക്കെ നല്ല അടുപ്പമാണ്, ഫഹദുമായും നല്ല ബന്ധമുണ്ട്. പക്ഷേ അവരൊക്കെ ഭയങ്കര ബിസിയാണ്. അവരൊന്നും നമ്മളോട് നോ പറയില്ല, നല്ലൊരു കഥയുമായി ചെന്നാൽ തിരിച്ചയക്കില്ല. അങ്ങനെയൊരു സ്ഥിതി ഒന്നും അവരുടെ മുൻപിൽ ഉണ്ടായിട്ടില്ല.

ഇപ്പോഴത്തെ താരങ്ങൾ എല്ലാം ഭയങ്കര ബിസിയാണ്. അതുകൊണ്ട് വരട്ടെ നോക്കാം എന്നുള്ള നിലയിൽ നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോഴത്തെ കണക്കുകൾ കണ്ടാൽ ആരും സിനിമ പ്രൊഡ്യൂസ് ചെയ്യില്ല. അത് കൃത്യമാണ്. അതിൽ പിന്നെ വേറൊരു തർക്കവും വന്നല്ലോ. കുഞ്ചാക്കോ ബോബന്റെ ഓഫിസർ ഓൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടത്. അവർ കൂട്ടുന്നത് ഓൾ ബിസിനസാണ്, സാറ്റലൈറ്റും ഓവർസീസും ഒക്കെ ചേർത്ത്. നമ്മൾ പറയുന്നത് കേരളത്തിലെ കണക്കുകളാണ്, തിയേറ്റർ ഷെയർ മാത്രം.

വളരെ ദയനീയമാണ് പുറത്തുവിട്ട കണക്കുകൾ. രണ്ടരയും അഞ്ചും കോടി മുടക്കിയ സിനിമകൾക്ക് തിയേറ്ററിൽ നിന്ന് കിട്ടിയത് വെറും 10,000 രൂപ മാത്രം. അടുത്തിടെ ചില സംവിധായകർ എന്നെ വിളിച്ചിരുന്നു. ആ കണക്ക് പുറത്തുവിട്ടതിന് ശേഷം ഗിരീഷേട്ടാ ഈ കണക്ക് വന്നതോടെ അഡ്വാൻസ് കൊടുക്കാൻ നിന്നിരുന്ന പ്രൊഡ്യൂസർമാർ വരെ ഇട്ടേച്ചുപോയി. കണക്ക് വെളിയിൽ വന്നതിന് ശേഷം ആരും അടുക്കുന്നില്ല.

കണക്ക് പുറത്തുവിടണം എന്നാണ് എന്റെ അഭിപ്രായം. ഇതിങ്ങനെ വന്നു കൊണ്ടിരിക്കുകയല്ലേ. എത്രയോ നാളുകൾ ആയി. ഒരു പ്രൊഡ്യൂസർ ആകർഷിച്ചു വന്ന് ഈ പറയുന്ന അവസ്ഥയിലേക്ക് പോവുമ്പോൾ അവരുടെ കുടുംബം തന്നെ തകർന്നുപോവുകയല്ലേ. അങ്ങനെ വരുമ്പോൾ ഇത് നല്ലതല്ലേ. ഈ കണക്ക് ഒരു പത്തിരുപത്തിയഞ്ച് വർഷം മുൻപേ വിടേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഞാനും സിനിമ എടുക്കില്ലായിരുന്നു. വേറെ വല്ല പണിക്കും പോയേനെ.

ശരിക്കും മനസ് മടുത്തു, ഇത് മാത്രമല്ല അതിന്റെ കാരണം. ഈ നിർമ്മാതാക്കളും അഭിനേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളും ഒക്കെ കാരണമാണ്. ഇപ്പോൾ സിനിമയിൽ ഒരു സൗഹാർദ്ദ അന്തരീക്ഷമല്ല, ഒരു വിട്ടുവീഴ്‌ച മനോഭാവമോ സ്നേഹമോ അത്തരത്തിലുള്ള ബന്ധമോ ഒന്നും കാണാൻ കഴിയില്ല. എല്ലാം പൈസയുടെ പുറത്തുള്ള കാര്യങ്ങൾ മാത്രമാണ്. പക്കാ പൈസ മേഖലയായി മാത്രമായി. എല്ലാ നിർമ്മാതാക്കളും മനസ് മടുത്തു.

ഇവിടെ എത്ര ബാനറുകൾ ഉണ്ടായിരുന്നു, നല്ല നല്ല സിനിമകൾ എടുത്ത ക്ലാസിക് ബാനറുകൾ. അവരൊക്കെ ഇപ്പോൾ എന്താണ് സിനിമ എടുക്കത്തത്. സിനിമാ താരങ്ങൾ എടുക്കുന്നത് വിജയിക്കുന്നുണ്ട്. ഞാൻ ഒരു അഞ്ച് കോടി ബജറ്റിൽ ആയിരിക്കും എടുക്കുന്നത്. ആ അൻപത് കോടിക്ക് അനുസരിച്ചുള്ള പെർഫെക്ഷനും ക്വാളിറ്റിയും ഒക്കെ അതിൽ കാണില്ലേ. നമ്മൾ അഞ്ച് കോടിക്കല്ലേ എടുക്കുന്നത്, അതിന് അനുസരിച്ചുള്ളതല്ലേ കിട്ടൂ.

ഓഡിയൻസ് പുതിയത് കാണാൻ നിൽക്കുന്ന ആളുകൾ അല്ലേ, അപ്പോൾ അവർ ഇതൊക്കെ ആഗ്രഹിക്കും. അവർക്കത് പറ്റുന്നുണ്ട് നമുക്കത് പറ്റുന്നില്ല. സിനിമ ഞാൻ ചെയ്യും. അതിനുള്ള കാര്യങ്ങൾ ഒക്കെ ആലോചിക്കുന്നുണ്ട്. അത് പക്ഷേ എല്ലാം നന്നായി നോക്കി മനസിലാക്കി മാത്രമേ ഇനി പോവുകയുള്ളൂ. അർഹിക്കുന്ന പരിഗണന എന്ന് പറയുന്നത് അങ്ങോട്ട് കൊടുക്കുമ്പോൾ ഇങ്ങോട്ട് കിട്ടും, അതുപോലെ തന്നെയാണ് തിരിച്ചും.

ഇപ്പൊ മോഹൻലാൽ ഉള്ള ഒരു സെറ്റാണ് എന്ന് കരുതുക, ലാൽ എന്നെ കണ്ടാൽ എഴുന്നേറ്റ് നിൽക്കണം എന്നുണ്ടോ? ഇല്ലാലോ. അതേസമയം ഞാൻ ഇരിക്കുന്ന ലൊക്കേഷനിൽ ലാൽ സാർ കടന്നുവരുമ്പോൾ ഞാൻ എണീക്കും. മമ്മൂക്ക വന്നാലും പൃഥ്വിരാജ് വന്നാലും ഞാൻ എണീക്കും. അതെന്ത് കൊണ്ടാണ്? അവിടെ ഈഗോ അടിച്ചിട്ട് കാര്യമല്ല. അവിടെ വരുന്നത് മഹാനായ മമ്മൂട്ടിയാണ്, മലയാളത്തിന്റെ ഇതിഹസമായ മോഹൻലാലാണ്, യൂത്ത് ഐക്കണായ പൃഥ്വിരാജാണ്.

ഞാൻ ആണല്ലോ പൈസ മുടക്കുന്നത് അതുകൊണ്ട് എഴുനേറ്റ് നിൽക്കേണ്ട എന്ന് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല. അങ്ങനെ ചിന്തിക്കുന്ന ആളുകൾ ഉണ്ടാവാറുണ്ട്. ഞാൻ എന്റെ സെറ്റിൽ എല്ലാ കലാകാരന്മാർക്കും അങ്ങോട്ട് ബഹുമാനം കൊടുക്കാറുണ്ട്, അതുകൊണ്ട് തിരിച്ചു കിട്ടാറുമുണ്ട്. പൃഥ്വിരാജ് വരുമ്പോൾ ഞാൻ എണീക്കാറുണ്ട്, തിരിച്ചു ഞാൻ വരുമ്പോൾ അദ്ദേഹവും എഴുന്നേൽക്കും. എന്നെ ചേട്ടാ എന്നാണ് വിളിക്കാറുള്ളത്.

അതൊരു സ്നേഹമാണ്, എനിക്കതിൽ മറ്റൊന്നും തോന്നുന്നില്ല. ഞാനൊരു പാവം പ്രൊഡ്യൂസർ ഒന്നുമല്ല. ആര് എന്തൊക്കെ പറഞ്ഞാലും ശരി സിനിമ എന്ന മീഡിയത്തിൽ പരസ്‌പര ബഹുമാനത്തോടെയും ഒന്നിച്ചുള്ള കൂട്ടായ്‌മയിൽ നിന്നുമേ നല്ല ഔട്ട്പുട്ട് ഉണ്ടാവുകയുള്ളൂ. അല്ലാതെ ഒരിക്കലും ഞാൻ പ്രൊഡ്യൂസർ ആണെന്ന് ബലം പിടിച്ചുനിന്നാൽ പോയി പണിനോക്കാൻ പറയും ആളുകൾ. എങ്കിലും പ്രൊഡ്യൂസർ ഇടപെടേണ്ട ചില ഇടങ്ങളുണ്ട്, അവിടെ നമ്മൾ തന്നെ നോക്കണം കാര്യങ്ങൾ.

അനാവശ്യ കാര്യത്തിൽ അല്ല ഇടപെടേണ്ടത്. കോസ്‌റ്റ് കുറയ്ക്കാനാണ് നമ്മൾ ഇടപെടേണ്ടത്. ദൈനംദിന ചിലവുകൾ കുറയ്ക്കുക, നല്ല സബ്‌ജക്റ്റുകൾ തിരഞ്ഞെടുക്കുക എന്നിവയിൽ ഒക്കെയാണ് ശ്രദ്ധ വേണ്ടത്. അത് സംവിധായകരുമായും മറ്റ് ആളുകളുമായും ഡിസ്‌കസ് ചെയ്യുക. അങ്ങനെയൊക്കെ ചെയ്‌താൽ നമുക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+