കല്യാണിയുടെ കുതിപ്പ്, മഞ്ജു വാര്യര്‍ക്ക് തൊട്ടുപിന്നില്‍; നായികമാരുടെ ജനപ്രീതിയില്‍ മുന്നില്‍ ഇവര്‍
മലയാള സിനിമയിലെ താരമൂല്യം പറയുമ്പോള്‍ എപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയാണ് കടന്നുവരാറുള്ളത്. കാലങ്ങളായി ഇവരുടെ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ താരമൂല്യത്തില്‍ ഒട്ടും കുറവില്ലാത്ത നായികമാരും മലയാളത്തിലുണ്ട്. മുന്‍ കാലങ്ങളിലെ ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ നടിമാര്‍ക്ക് പെര്‍ഫോമന്‍സിനുള്ള അവസരങ്ങള്‍ കുറവാണ് ലഭിക്കാറുള്ളത്.
പക്ഷേ കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിച്ച് താരമൂല്യം നേടിയെടുക്കുന്ന നടിമാര്‍ ധാരാളമുണ്ട്. അന്യഭാഷകളില്‍ പോയി വന്‍ താരമൂല്യം നേടിയെടുക്കുന്ന നയന്‍താരയെ പോലുള്ള നടിമാരും നമുക്ക്. എന്നാല്‍ ആരാണ് കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിമാര്‍. അതൊന്ന് പരിശോധിക്കാം.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തിറക്കിയതാണ് മലയാളത്തിലെ ജനപ്രിയ നടിമാരുടെ പട്ടിക. 2023 ഡിസംബര്‍ പ്രകാരമുള്ള വിലയിരുത്തലാണിത്. മലയാളത്തില്‍ ഒന്നാം സ്ഥാനത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും ഡിസംബര്‍ മാസത്തില്‍ ഉണ്ടായിട്ടില്ല.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. അടുത്തൊന്നും മഞ്ജുവിന്റെ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ല. പക്ഷേ ലൂസിഫര്‍ വരെയുള്ള വമ്പന്‍ ചിത്രങ്ങളും, തമിഴില്‍ നിന്ന് അജിത്തിനൊപ്പം തുനിവും, ധനുഷിനൊപ്പം അസുരനുമെല്ലാം വന്നതോടെ മഞ്ജു താരമൂല്യം ഉയര്‍ത്തി നില്‍ക്കുകയാണ്.
മലയാളത്തില്‍ സ്വന്തം താരമൂല്യത്തില്‍ സിനിമകള്‍ വിജയിപ്പിക്കാനും കഴിവുള്ള നടിയാണ് മഞ്ജു വാര്യര്‍. രജനീകാന്ത് ചിത്രവും, മോഹന്‍ലാലിനൊപ്പം എമ്പുരാനും മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. ഈ വര്‍ഷം രജനി പടം വരുന്നതോടെ മഞ്ജുവിന്റെ താരമൂല്യം ഇനിയും ഉയരാനുള്ള സാധ്യത ഏറെയാണ്.
അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവിന് ഇത്തവണ എതിരാളിയും വന്നു. നവംബറില്‍ ഓര്‍മാക്‌സ് മീഡിയയുടെ പട്ടികയില്‍ ആദ്യം സ്ഥാനം മഞ്ജുവിന് തന്നെയായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് വലിയ വെല്ലുവിളി ഇല്ലായിരുന്നു. പക്ഷേ ഇത്തവണ കടുത്ത വെല്ലുവിളിയുമായി എത്തിയത് കല്യാണി പ്രിയദര്‍ശനാണ്. യുവാക്കള്‍ക്കിടയില്‍ കല്യാണിക്കുള്ള ജനപ്രീതി തന്നെയാണ് താരമൂല്യം വര്‍ധിക്കാന്‍ കാരണം.
കല്യാണിയുടേതായി രണ്ട് ചിത്രങ്ങളാണ് ഡിസംബര്‍ മാസത്തില്‍ ഇറങ്ങിയത്. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം മൈക്കില്‍ ഫാത്തിമയില്‍ കല്യാണിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് ഇനി കല്യാണിയുടെ അടുത്ത റിലീസ്.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകന്‍. മൂന്നാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ്. നാലാമത് ശോഭനയും, അഞ്ചാമത് കാവ്യാ മാധവനുമാണ്. അനു സിത്താരയായിരുന്നു നേരത്തെ അഞ്ചാം സ്ഥാനത്ത്. അവിടെയാണ് മാറ്റം വന്നത്. ഇതില്‍ ശോഭനയ്ക്കും, കാവ്യാ മാധവനും റിലീസുകളൊന്നും വരാനില്ല.












Click it and Unblock the Notifications