തുടർച്ചയായി മമ്മൂട്ടിക്ക് പിന്നിലായി മോഹൻലാൽ; ഫഹദിന് 'ആവേശ' നേട്ടം, പൃഥ്വിയോ ടൊവിനോയോ? മുൻപിലാര്?
മലയാള സിനിമയ്ക്ക് മികച്ച നേട്ടമുണ്ടായ വർഷമാണ് 2024, പ്രത്യേകിച്ച് ആദ്യ പാദത്തിൽ ഒട്ടനവധി സിനിമകളാണ് വിജയം കുറിച്ചത്. എന്നാൽ അതേ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞ മൂന്ന് മാസങ്ങളായി മോളിവുഡിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എങ്കിലും നടൻമാരുടെ ജനപ്രീതിക്ക് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. അക്കൂട്ടത്തിൽ സൂപ്പർതാരങ്ങൾ മൂതൽ യുവ നടൻമാർ വരെ ഒട്ടും പുറകിലല്ല.
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളുടെ ജൂൺ മാസത്തിലെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ എന്റർടൈൻമെൻറ് മീഡിയ ഗ്രൂപ്പായ ഓർമാക്‌സ് ആണ് ഈ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി അവർ ഇത്തരത്തിൽ താരങ്ങളുടെ ജനപ്രീതയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുക പതിവാണ്.

ജൂണിലും മുന്നിലെത്തിയത് മെഗാസ്‌റ്റാർ മമ്മൂട്ടി തന്നെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ തിയേറ്റർ ഹിറ്റുകളുടെ കാര്യത്തിൽ ആയാലും പ്രേക്ഷക പ്രതികരണത്തിന്റെ കാര്യത്തിൽ ആയാലും മമ്മൂട്ടി മുൻപന്തിയിൽ തന്നെയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ജൂൺ മാസത്തിലും മമ്മൂട്ടി ഒന്നാമത് തുടരുന്നത്.
അടുത്തിടെ ഇറങ്ങിയ വൈശാഖ് ചിത്രം ടർബോ വരെ തിയേറ്ററുകളിൽ കാര്യമായി ആളെ എത്തിച്ചിരുന്നു. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപത്രമായി എത്തിയ മമ്മൂട്ടിയെ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ നേട്ടമാണ് മമ്മൂട്ടിയെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. എന്നാൽ മോഹൻലാൽ ഇക്കുറിയും രണ്ടാം സ്ഥാനത്തേക്ക് പോയി.
മോഹൻലാൽ തന്നെയായിരുന്നു മുൻപ് ഒരു സീസണിൽ ഈ പട്ടികയിൽ ഒന്നാമത് എത്തിയത്. എന്നാൽ അടുത്തിടെ മോഹൻലാൽ പിന്നിലേക്ക് പോവുകയായിരുന്നു. തുടർ പരാജയങ്ങളാണ് താരത്തെ പിന്നിലേക്ക് വലിക്കുന്നത്. അവസാനമായി തിയേറ്ററിൽ ഇറങ്ങിയ വാലിബൻ വരെ മോഹൻലാലിന്റെ ചിത്രങ്ങൾ പരാജയമായിരുന്നു.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിൽ തന്നെ തുടരുകയാണ്. ആവേശത്തിലെ പ്രകടനമാണ് ഫഹദിനെ തുണയ്ക്കുന്നത്. ആവേശം സിനിമയും ഫഹദിന്റെ രംഗണ്ണൻ എന്ന കഥാപാത്രവും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ട്രെൻഡിങ് ആയിരുന്നു. അതിന്റെ പ്രതിഫലനമാണ് ഈ പട്ടികയിലും താരത്തെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്.
ജനപ്രീതിയിൽ നാലാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്. ഇത്തവണ ഗുരുവായൂർ അമ്പലനടയിൽ ഉൾപ്പെടെ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ബഡേ മിയാൻ ചോട്ടേ മിയാൻ പോലെയുള്ള പരാജയ ചിത്രങ്ങളിലെ സാന്നിധ്യവും പൃഥ്വിക്ക് തിരിച്ചടിയായി. അഞ്ചാമത് ടൊവിനോ തോമസാണ് ഉള്ളത്. ടൊവിനോയുടെ അവസാന ചിത്രമായ നടികറും പരാജയമായിരുന്നു.
അതേസമയം, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ച താരങ്ങളിൽ ഇനി ഈ വർഷം ആര് വേണമെങ്കിലും മുന്നോട്ട് കയറാനും പിന്നിലേക്ക് പോവാനും സാധ്യതയുണ്ട്. മമ്മൂട്ടി അഭിനയിച്ച ബസൂക്ക ഉൾപ്പെടെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. മോഹൻലാൽ ആവട്ടെ സംവിധായക വേഷം അണിയുന്ന ബറോസ് വരാനുണ്ട്. ഫഹദിനും പൃഥ്വിയ്ക്കും ടോവിനോയ്ക്കും വമ്പൻ പ്രൊജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.












Click it and Unblock the Notifications