ജനപ്രീതിയില്‍ ഒന്നാം സ്ഥാനം മമ്മൂട്ടിക്ക്, മോഹന്‍ലാലിനെ പിന്നിലാക്കി, ആദ്യ അഞ്ചില്‍ ഇവര്‍
മലയാളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറ്റവും വലിയ സൂപ്പര്‍ താരം മോഹന്‍ലാലായിരുന്നു. അതിന് കാരണം അദ്ദേഹം തുടര്‍ച്ചയായി കൊണ്ടുവരുന്ന മെഗാ ഹിറ്റുകളായിരുന്നു. ദൃശ്യം, പുലിമുരുകന്‍, ലൂസിഫര്‍, പോലുള്ള വമ്പന്‍ ഹിറ്റുകള്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി തുടര്‍ പരാജയങ്ങളാണ് മോഹന്‍ലാലിന്റെ കരിയറില്‍ ഉണ്ടായിരിക്കുന്നത്.
ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായതിനൊപ്പം മോഹന്‍ലാലിന്റെ പ്രകടനവും വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം ആദ്യമായി മലയാള സിനിമയിലെ ഒന്നാം നമ്പര്‍ സ്ഥാനം കൈവിട്ടിരിക്കുകയാണ്. പകരം മറ്റൊരു താരം ആ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഓര്‍മാക്‌സ് ഇതുവരെ പുറത്തുവിട്ട പട്ടികയില്‍ മുന്നിലുണ്ടായിരുന്നത് മോഹന്‍ലാലായിരുന്നു. വമ്പന്‍ വിജയങ്ങളായിരുന്നു ഇതിന് മോഹന്‍ലാലിനെ സഹായിച്ചത്. എന്നാല്‍ സമീപ കാലത്തെ പരാജയങ്ങള്‍ മോഹന്‍ലാലിനെ ഇപ്പോള്‍ ബാധിച്ചിരിക്കുകയാണ് ഓര്‍മാക്‌സ് പറയുന്നു. മലയാളത്തിലെ ഏറ്റവും പോപ്പുലര്‍ താരമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.
സമീപകാലത്തെ വമ്പന്‍ വിജയങ്ങളാണ് മമ്മൂട്ടിയെ ഈ നേട്ടത്തിന് സഹായിച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം വന്ന പ്രീസ്റ്റ്, ഭീഷ്മപര്‍വം, റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരിക്കുന്നത്. സമീപകാലത്ത് മമ്മൂട്ടി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും അതുപോലെ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വരുന്നവയും വളരെയധികം പ്രശംസ നേടാറുണ്ട്.
വിശ്വസിക്കാവുന്ന ബ്രാന്‍ഡായി മമ്മൂട്ടി കമ്പനി മാറിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. കണ്ണൂര്‍ സ്‌ക്വാഡും, കാതലും യാതൊരു പ്രമോഷനും ഇല്ലാതെ വന്നാണ് മികച്ച വിജയങ്ങള്‍ നേടിയത്. അതേസമയം രണ്ടാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെയാണ്. അടുത്തൊന്നും മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസായിട്ടില്ല. അടുത്തയാഴ്ച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വരുന്ന നേര് ആണ് ഇനി താരത്തിന്റെ അടുത്ത ചിത്രം.
ജനുവരിയില്‍ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബനും റിലീസാവുന്നുണ്ട്. ഇത് വലിയ വിജയമാകുമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മാത്രമാണ് ലിസ്റ്റില്‍ മാറ്റങ്ങളുണ്ടായിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസാണ് ഉള്ളത്. സമീപകാലത്ത് മിന്നല്‍ മുരളി, തല്ലുമാല പോലുള്ള ജനപ്രിയ ചിത്രങ്ങള്‍ ടൊവിനോയ്ക്കുണ്ടായിരുന്നു.
നാലാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാനാണ്. മലയാളത്തില്‍ അധികം സിനിമ ചെയ്യാത്തതാണ് താരം പിന്നോട്ട് പോവാന്‍ കാരണം. സമീപകാലത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത ഓപ്പണിംഗില്‍ റെക്കോര്‍ഡിട്ടുവെങ്കിലും, മോശം അഭിപ്രായം കാരണം ചിത്രം പരാജയപ്പെടുകയായിരുന്നു. അതേസമയം അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. മമ്മൂട്ടിക്ക് ഇനി ഭ്രമയുഗവും, ടര്‍ബോയും പോലുള്ള ചിത്രങ്ങളാണ് വരാനുള്ളത്. ഈ ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷകള്‍ ഉള്ളതാണ്.












Click it and Unblock the Notifications