ഷാരുഖിനെയും പ്രഭാസിനെയും പിന്തള്ളി വിജയ്; താരങ്ങളുടെ ജനപ്രീതിയിൽ ജൂനിയർ എൻടിആറിനും കുതിപ്പ്
ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മലയാളത്തിൽ നിന്നൊരു നടനും പട്ടികയിൽ ഇല്ലെങ്കിലും മലയാളികളുടെ ഇഷ്‌ട നടൻമാർ പലരും ഇക്കൂട്ടത്തിൽ ഉണ്ടെന്നതാണ് പ്രത്യേകത. പുതിയ പട്ടികയിൽ ചില താരങ്ങൾ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയപ്പോൾ ചിലർ പിന്നിലേക്ക് പോയിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻമാരുടെ ഓർമാക്‌സ് പട്ടികയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിൽ ഏറ്റവും മുൻപിൽ എത്തിയിരിക്കുന്നത് തമിഴ് സൂപ്പർതാരവും മലയാളികളുടെ ഇഷ്‌ട നടനുമായ ദളപതി വിജയ് ആണ്. അഭിനയ ജീവിതത്തിന് തിരശീല ഇടുമെന്ന് പ്രഖ്യാപിച്ച വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഏറ്റവും ഒടുവിൽ റിലീസായ ചിത്രമായ ഗോട്ട് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും കളക്ഷനിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് സിനിമ ഉണ്ടാക്കിയത്. നാനൂറ് കോടിയിലധികം രൂപയാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടിയത്. കഴിഞ്ഞ മാസത്തെ പട്ടികയിൽ രണ്ടാമതായിരുന്ന താരം ഗോട്ടിന്റെ റിലീസും രാഷ്ട്രീയ പ്രവേശനവും ഒക്കെയായി വാർത്തകളിൽ നിറഞ്ഞതോടെ ഒന്നാമതെത്തുകയായിരുന്നു.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് റെബൽ സ്‌റ്റാർ പ്രഭാസാണ്. താരത്തിന്റെ കൽക്കി എന്ന ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം വന്നിട്ടും താരത്തിന്റെ സ്ഥാനം പിന്നിലേക്ക് പോയി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സിനിമയിലെ ബാദ്ഷാ ആയ ഷാരൂഖ് ഖാൻ.
താരത്തിന്റേതായി റിലീസുകൾ ഒന്നുമില്ലാതിരുന്നിട്ടും പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഷാരുഖിനായി. എന്നാൽ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയത് മറ്റൊരു താരമാണ്, തെലുഗു സിനിമാ പ്രേമികളുടെ ഇഷ്‌ട നടനായ ജൂനിയർ എൻടിആർ ആണത്. താരം നിലവിൽ നാലാം സ്ഥാനത്താണ്. ദേവര എന്ന ചിത്രത്തിന്റെ റിലീസാണ് താരത്തെ മുന്നോട്ട് നയിച്ചതെന്നാണ് വിലയിരുത്തൽ.
അഞ്ചാമതുള്ളത് മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിനും നിലവിൽ റിലീസൊന്നുമില്ല. എന്നാൽ രാജമൗലി ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ താരമുള്ളത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണത് എന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തന്നെ തുടങ്ങുമെന്നാണ് വാർത്തകൾ.
പട്ടികയിൽ ആറാമതുള്ളത് തല അജിത് കുമാർ ആണ്. ഏഴാമത് തെലുഗു സൂപ്പർ സ്‌റ്റാർ അല്ലു അർജുനാണ്. താരത്തിന്റെ പുതിയ സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും ദേശീയ അവാർഡ് തിളക്കത്തിലാണ്. താരത്തിന്റെ പുഷ്‌പ 2 എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ്. ജനപ്രിയ താരങ്ങളിൽ ഒൻപതാം സ്ഥാനത്ത് രാംചരണും പത്താമത് അക്ഷയ് കുമാറുമാണ്.












Click it and Unblock the Notifications