ദളപതിയുടെ സിംഹാസനം ഭദ്രം; ജനപ്രീതിയിൽ തല പിന്നിൽ, 2 വർഷമായി സിനിമയില്ലാത്ത സൂര്യയ്ക്കും നേട്ടം..!
ബോക്‌സ് ഓഫീസിൽ മലയാള സിനിമയുടെ സുവർണകാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. ഈ വമ്പൻ നേട്ടത്തിൽ പലഘട്ടത്തിലും പിന്നിലായത് തമിഴ് സിനിമയാണ് എന്ന് കൂടി ഓർക്കണം. കളക്ഷൻ റെക്കോർഡുകളിലും, താരങ്ങളുടെ ജനപ്രീതിയിലുമൊക്കെ വലിയ ഇടിവാണ് അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ എന്റർടൈൻമെന്റ് ഏജൻസിയായ ഓർമാക്‌സ് മീഡിയ ഫെബ്രുവരി മാസത്തിലെ ഏറ്റവും ജനപ്രിയ നടന്മാരുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ തവണ പുറത്തുവിട്ട പട്ടികയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആദ്യ പത്തിൽ ഒരു സ്ഥാനചലനം ഉണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇടക്കാലത്ത് പിന്നിലേക്ക് പോയ ചിയാൻ വിക്രം തന്റെ ജനപ്രീതി വീണ്ടെടുക്കുന്നതിന് ലക്ഷണമാണ് അത്. കൂടാതെ പട്ടികയിൽ മറ്റ് മാറ്റങ്ങൾ ഒന്നും തന്നെയില്ല. പതിവ് പോലെ സൂപ്പർസ്‌റ്റാർ ദളപതി വിജയ് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

രണ്ടാമത് തല അജിത് കുമാറാണ്. ഇരുവർക്കും കാലങ്ങളായി സമ്പൂർണ പോസിറ്റിവ് റിപ്പോർട്ട് കിട്ടിയ സിനിമകൾ ലഭിച്ചിട്ട് എങ്കിലും ഇവരുടെ ജനപ്രീതിയിൽ തെല്ലും കുറവുണ്ടായിട്ടില്ല. വിജയ് ആവട്ടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള മാസം കൂടിയായിരുന്നു ഫെബ്രുവരി. എന്നിട്ടും താരത്തോടുള്ള ഇഷ്‌ടത്തിന് കുറവൊന്നും വന്നിട്ടില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സൂര്യ കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ഇതേ നിലയിൽ തന്നെ തുടരുന്നത് അത്ഭുതമാണ്. പ്രത്യേകിച്ച് രണ്ട് വർഷത്തോളമായി ഒരു തിയേറ്റർ റിലീസ് പോലുമില്ലാതെ താരം പട്ടികയിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചുവെന്നതാണ് പ്രധാന കാര്യം. അവസാനമായി എതിർക്കും തുനിന്ദാവാൻ ആണ് സൂര്യ നായകനായി പുറത്തുവന്ന ചിത്രം.
പട്ടികയിൽ നാലാം സ്ഥാനത്ത് തലൈവർ രജനീകാന്ത് ആണ്. ജയിലർ സിനിമയിലൂടെ ബോക്‌സ് ഓഫീസിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ രജനിക്ക് പക്ഷേ മകളുടെ സംവിധാന സംരംഭത്തിൽ കൈവച്ചപ്പോൾ പാളി. വലിയ നഷ്‌ടമാണ് ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്‌ത ലാൽ സലാം എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഉണ്ടാക്കിയത്.
പട്ടികയിൽ അഞ്ചാമത് നിൽക്കുന്നത് ധനുഷ് ആണ്, ഉലകനായകൻ കമൽഹാസനാണ് ആറാം സ്ഥാനത്ത്. ഏഴാമത് യുവ നിരയിലെ ശ്രദ്ധേയനായ ശിവകാർത്തികേയൻ ഇടംപിടിച്ചു. എട്ടാമതാണ് ചിയാൻ വിക്രം. താരം കഴിഞ്ഞ തവണത്തെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ വിജയ് സേതുപതിയെ പിന്തള്ളിയാണ് വിക്രം ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. പട്ടികയിൽ ഒൻപതാം സ്ഥാനത്ത് വിജയ് സേതുപതിയും പത്താമത് കാർത്തിയുമാണ്.












Click it and Unblock the Notifications