'നമുക്ക് എത്ര നയൻതാരമാർ ഉണ്ട് ഇവിടെ? അവസരങ്ങൾ തരാതെ മാർക്കറ്റ് വാല്യു ഇല്ലെന്ന് പറയുന്നതിൽ കാര്യമില്ല'; പാർവതി
മോളിവുഡിലെ ഏറ്റവും ശക്തരായ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാട് വച്ച് പുലർത്തുന്ന താരം വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസിയുടെ അമരക്കാരിൽ ഒരാൾ കൂടിയാണ്. എന്നാൽ ഈ പദവി പലപ്പോഴും പാർവതിക്ക് വിമർശനങ്ങളാണ് നൽകിയിട്ടുള്ളത്. മാത്രമല്ല താരത്തിന്റെ പല നിലപാടുകളും എതിർപ്പിന് കാരണമാവുകയും ചെയ്‌തിട്ടുണ്ട്.
അതുപോലെ തന്നെ തമിഴ് സിനിമയിൽ ഒട്ടേറെ വിവാദങ്ങളിൽ ചെന്ന് പെട്ട താരമാണ് നയൻതാര.മലയാളി ആണെങ്കിലും കരിയറിൽ വലിയ ചിത്രങ്ങൾ എല്ലാം തന്നെ താരം ചെയ്‌തത് തമിഴിൽ ആയിരുന്നു. അടുത്തിടെ നയൻതാരയുടെ വിവാഹ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം വലിയ ചർച്ചകൾക്ക് ഇടയാക്കുകയും അത് കോടതി കയറുകയും ഒക്കെ ചെയ്‌തിരുന്നു.

അതിനിടയിൽ നയൻതാരയെ കുറിച്ചുള്ള ചോദ്യത്തിന് പാർവതി തിരുവോത്ത് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ധനുഷുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇടയിൽ നയൻതാരയെ കുറിച്ചുള്ള ചോദ്യത്തിന് പാർവതി നൽകിയ മറുപടിയാണ് സംശയമുയർത്തുന്നത്. നയൻതാരയ്ക്കും ധനുഷിനും ഇടയിലുള്ള വിഷയമാണോ പാർവതി സൂചിപ്പിച്ചത് എന്നാണ് പ്രധാന ചോദ്യം.
നയൻതാരയ്ക്ക് സിനിമാ രംഗത്ത് പവറില്ലേ ചോദ്യത്തിനായി പാർവതി മറുപടി നൽകിയത്. നിങ്ങൾക്കുറപ്പാണോ, ഈയടുത്ത് അവരോട് സംസാരിച്ചിട്ടുണ്ടോ എന്നായിരുന്നു പാർവതി മറുപടിയായി നൽകിയ മറുചോദ്യം. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇത് ധനുഷുമായുള്ള വിഷയങ്ങളെ സൂചിപ്പിച്ചതാണോ എന്ന ചോദ്യം ഉയരുന്നത്.
പുറത്തുള്ള ഇമേജ് വെച്ചാണ് ഇങ്ങനെ കരുതുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എത്ര നയൻതാരമാർ നമുക്കുണ്ട്, ഒരാളേയുള്ളൂ. അത് മതിയോ? എത്ര കാലം ഇന്നത്തെ നയൻതാരയാകാൻ അവർക്ക് എടുക്കേണ്ടി വന്നു. ഒരാളുണ്ടെന്ന് കരുതി അവരിൽ തൃപ്‌തിപ്പെടാനാണോ നിങ്ങൾ പറയുന്നത്. ഏത് നടനും ചെയ്യുന്ന അതേ വർക്ക് ചെയ്‌തിട്ടും നയൻതാരയ്ക്ക് ഇപ്പോഴും ഫൈറ്റ് ചെയ്യേണ്ടി വരുന്നുവെന്നും പാർവതി ചൂണ്ടിക്കാട്ടിയിരുന്നു.
അതൊരിക്കലും ശരിയല്ല. നമുക്ക് ആയിരക്കണക്കിന് നയൻതാരമാർ വേണം. ആയിരക്കണക്കിന് പാർവതിമാർ വേണം. മാർക്കറ്റ് വാല്യു എന്നത് യാഥാർഥ്യമാണ്. എന്നാൽ അവസരങ്ങൾ ഇല്ലാതാക്കിയിട്ട് മാർക്കറ്റ് വാല്യു ഇല്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. തുല്യ പ്രതിഫലം ലഭിക്കുന്നതിന് തുല്യ അവസരം ലഭിക്കേണ്ടതുണ്ട്. പ്രേക്ഷകരെ കൊണ്ട് വരാനുള്ള മാർക്കറ്റ് ഉണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് എനിക്ക് വേണ്ടത്; പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, തെന്നിന്ത്യൻ സൂപ്പർനായികയായ നയൻതാരയ്ക്ക് നിലവിൽ കോളിവുഡിൽ അത്ര നല്ല സമയമല്ല. അടിക്കടി ചിത്രങ്ങൾ പരാജയപ്പെടുന്നതും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ഒക്കെ താരത്തിന് തിരിച്ചടിയാണ്. പ്രതിഫലമായി നയൻതാര നിലവിൽ അഞ്ച് കോടി രൂപ കൈപ്പറ്റുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ തെന്നിന്ത്യൻ സിനിമയിലെ പല പ്രമുഖ നടിമാർക്കും ഇതിലും അധികം പ്രതിഫലമുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications