ഒരൊറ്റ ദിവസം പ്രതിഫലം 2 കോടി, 15 ബ്ലോക്ബസ്റ്റര്‍; ആന്ധ്രയിലെ കിംഗ് മേക്കര്‍ പവന്‍ കല്യാണ്‍ പൊളിയാണ്
ആന്ധ്രപ്രദേശില്‍ എല്ലാവരും കിംഗ് മേക്കറായി ചന്ദ്രബാബു നായിഡുവിനെ ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് മറ്റൊരാളാണ്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം പവന്‍ കല്യാണാണ് മുന്നില്‍ നിന്ന് പോരാടിയത്. നായിഡുവിനെ ജയിലില്‍ അടച്ചപ്പോള്‍ പവന്‍ നടത്തിയ സന്ദര്‍ശനങ്ങളും ജഗന്‍ മോഹന്‍ റെഡ്ഡിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളുമെല്ലാം കുറിക്ക് കൊള്ളുന്നതായിരുന്നു.
ടിഡിപിയുടെ മുന്നേറ്റത്തിലും പവന്‍ കല്യാണ്‍ എന്ന കിംഗ് മേക്കറെ കാണാമായിരുന്നു. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും പതറാതെയുള്ള പോരാട്ടമാണ് പവനെയും അദ്ദേഹത്തിന്റെ ജനസേന പാര്‍ട്ടിയെയും ഇത്ര വലിയ മുന്നേറ്റത്തിലേക്ക് നയിച്ചത്.

തെലുങ്ക് സിനിമയിലെ ഏറ്റവും വിജയിച്ച താരങ്ങളിലൊരാളാണ് പവന്‍ കല്യാണ്‍. 55കാരനായ പവന്‍ സജീവമായി സിനിമ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പലരും ഇത് അബദ്ധമായി ചൂണ്ടിക്കാണിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരമായിരുന്നു ആ സമയം പവന്‍.
ചിരഞ്ജീവിയുടെയും നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനാണ് താരം. ചിരഞ്ജീവിക്ക് രാഷ്ട്രീയത്തിലേറ്റ തിരിച്ചടി ഉയര്‍ത്തി കാണിച്ചായിരുന്നു പവന്‍ കല്യാണിനും ഇതേ ഗതിയുണ്ടാവുമെന്ന് ആരാധകര്‍ അടക്കം വിശ്വസിച്ചത്. കാരണം തെലുങ്കില്‍ പവന്‍ കല്യാണ്‍ തുടര്‍ച്ചയായി ബ്ലോക്ബസ്റ്റുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
1996ല്‍ അക്കഡ അമ്മായി ഇക്കഡ അബ്ബായി എന്ന ചിത്രത്തിലൂടെയായിരുന്നു പവന്റെ അരങ്ങേറ്റം. ഖുഷി, ജല്‍സ, ഗബ്ബര്‍ സിംഗ്, അത്താരിന്തികി ദാരേഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ പവന്‍ സൂപ്പര്‍ താരമായി മാറുകയായിരുന്നു. 2024 വരെ പവന്‍ 24 ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതില്‍ പതിനഞ്ചെണ്ണവും മെഗാ ബ്ലോക്ബസ്റ്ററുകളാണ്.
അത്താരിന്തിക ദാരേഡി തെലുങ്ക് സിനിമയില്‍ അന്നോളം ഉണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളെയും കാറ്റില്‍ പറത്തിയിരുന്നു. ബാഹുബലി ഇറങ്ങുന്നത് വരെ പവന്റെ ഈ റെക്കോര്‍ഡ് ആരും തകര്‍ത്തിരുന്നില്ല. സാക്ഷാല്‍ ചിരഞ്ജീവി തന്നെ മടങ്ങി വന്നിട്ടും പവന്റെ താരമൂല്യത്തെ തൊടാന്‍ സാധിച്ചിരുന്നില്ല.
2008ല്‍ ചിരഞ്ജീവിയുടെ തന്നെ പ്രജാരാജ്യം പാര്‍ട്ടിയിലൂടെയായിരുന്നു പവന്റെ രാഷ്ട്രീയ പ്രവേശം. 2011ല്‍ തന്നെ പക്ഷേ ആ പാര്‍ട്ടി പൂട്ടിക്കെട്ടേണ്ടി വന്നു. 2014ല്‍ ജനസേന പാര്‍ട്ടിയുമായി പവന്‍ രംഗത്ത് വരികയായിരുന്നു. ജനസേന 21 സീറ്റിലാണ് മത്സരിച്ചത്. എല്ലാ സീറ്റിലും അവര്‍ വിജയിച്ചു.
സഖ്യത്തിന് ഇത്ര ആധിപത്യം വന്നതും പവനിലൂടെയാണ്. അടുത്ത ഉപമുഖ്യമന്ത്രിയാവാനുള്ള സാധ്യത പോലും പവന് മുന്നിലുണ്ട്. പവന്‍ ഒരു ദിവസം സിനിമയില്‍ നിന്ന് പ്രതിഫലം വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. നൂറ് കോടി വരെ താരം പ്രതിഫലമായി വാങ്ങാറുണ്ട്. അടുത്തിടെ പക്ഷേ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് താരം ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications