ആദ്യ ദിനം 100 കോടി കളക്ഷൻ; പട്ടികയിൽ മുൻപിൽ ഈ തെന്നിന്ത്യൻ താരം, വിജയിയും രജനിയുമൊക്കെ പിന്നിൽ
മുൻപൊക്കെ സിനിമയുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത് എത്ര നാൾ തിയേറ്ററിൽ ഓടിയെന്ന് നോക്കിയായിരുന്നു. എന്നാൽ ഇന്ന് ആ കാലമൊക്കെ കഴിഞ്ഞു. ഇത് കളക്ഷൻ റെക്കോർഡുകളുടെ കാലഘട്ടമാണ്. നൂറ് കോടി മുതൽ ആയിരം കോടി ക്ലബ് വരെ വളർന്നു കഴിഞ്ഞു നമ്മുടെ നാട്ടിലെ സിനിമാ വ്യവസായം. മുൻപ് താരതമ്യേന കളക്ഷൻ കുറഞ്ഞ തെന്നിന്ത്യൻ സിനിമകൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണംവാരി പടങ്ങൾ നിർമ്മിക്കുന്ന ഇടങ്ങളാണ്.
ഇതിനെ സാധൂകരിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തവണ ആദ്യ ദിനം 100 കോടി കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ നായകന്മാരുടെ പേരുകൾ കൃത്യമായി കാണാം. ഒരുപരിധി വരെ ഈ കണക്കുകളിൽ ഇന്ന് ബോളിവുഡിന് മുകളിൽ നിൽക്കുന്നത് തെന്നിന്ത്യൻ സിനിമയാണ് എന്ന കാര്യം ഈ പട്ടികയിൽ നിന്ന് വ്യക്തമാണ്.

റിബൽ സ്‌റ്റാർ പ്രഭാസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. എസ്എസ് രാജമൗലി ഒരുക്കിയ ബാഹുബലി തൊട്ട് രാജയോഗം ആരംഭിച്ച നായകനാണ് പ്രഭാസ്. ഇന്ത്യൻ സിനിമയിൽ ആദ്യ ദിനം തന്നെ 100 കോടി കളക്ഷൻ നേടിയ നാല് ചിത്രങ്ങളുള്ള ഒരേയൊരു നായകനാണ് പ്രഭാസ്. ബാഹുബലി 2, സാഹോ, ആദിപുരുഷ്, സലാർ എന്നിവയാണ് ഈ ചിത്രങ്ങൾ. ഇതിന് പുറമെ പരാജയ ചിത്രമാണെങ്കിലും രാധേ ശ്യാം ഉൾപ്പടെയുള്ളവ ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ ചിത്രമാണ്.
പട്ടികയിൽ രണ്ടാമത് ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാനാണ്. ഒരു ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് രണ്ട് വട്ടമാണ് ആദ്യ ദിനം 100 കോടി കളക്ഷൻ എന്ന മാന്ത്രിക സംഖ്യ തൊട്ടത്. ഇത് രണ്ടും കഴിഞ്ഞ വർഷമായിരുന്നു എന്നതാണ് പ്രത്യേകത. പത്താൻ, ജവാൻ എന്നിവയാണ് ഈ ചിത്രങ്ങൾ.
പട്ടികയിൽ ഒരു ചിത്രവുമായി നിരവധി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. അവരിൽ പ്രമുഖർ തെന്നിന്ത്യൻ സിനിമയിൽ നിന്ന് തന്നെയാണ്. ദളപതി വിജയ് ലിയോ എന്ന ചിത്രത്തിലൂടെയാണ് ഈ പട്ടികയിൽ ഇടം സ്വന്തമാക്കിയത്. സൂപ്പർസ്‌റ്റാർ രജനീകാന്തും ഈ നടൻമാരിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2.0 ആണ് രജനിയുടെ ചിത്രം.
ഇതിന് പുറമെ ബോളിവുഡിലെ പുത്തൻ തലമുറ നായകന്മാരിൽ താരപദവിയുള്ള രൺബീർ കപൂർ (അനിമൽ), ആർആർആർ എന്ന ചിത്രത്തിലൂടെ രാം ചരണും, ജൂനിയർ എൻടിആറും എന്നിവർ പട്ടികയിൽ ഇടം നേടി. നായകൻ വേഷത്തിൽ അല്ലെങ്കിലും വില്ലൻ വേഷത്തിൽ എത്തിയ അക്ഷയ് കുമാർ (2.0), സൈഫ് അലി ഖാൻ (ആദിപുരുഷ്) എന്നിവരും ഇതിൽ പേര് പതിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications