2024ൽ ഏറ്റവും വലിയ ലാഭമുണ്ടാക്കിയ ചിത്രം ഏത്? കൽക്കിയും സ്ത്രീ 2ഉം വിറച്ചുപോയി, ഇതൊരു മലയാള ചിത്രം..!
ഈ വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗം അവസാനിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ ഇക്കാലയളവിൽ ചെറുതും വലുതുമായ ഒട്ടേറെ ഹിറ്റ് സിനിമകൾ വരുന്നതും ചില ബിഗ് ബജറ്റ് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ നിലതെറ്റി വീഴുന്നതും നാം കാണുകയുണ്ടായി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങൾക്കും ഇന്ത്യൻ സിനിമാ ലോകം ഇക്കുറി സാക്ഷ്യം വഹിച്ചു എന്നതാണ് പ്രത്യേകത. ചെറിയ ചിത്രങ്ങൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്ന ഒരു വർഷം കൂടിയായിരുന്നു ഇത്.
വലിയ പേരുകൾ ഇല്ലാതിരുന്നിട്ട് കൂടി അത്തരം ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മുന്നേറ്റമുണ്ടാക്കുകയും കളക്ഷൻ റെക്കോർഡുകൾ വീഴ്ത്തുകയും ചെയ്‌തു എന്നതാണ് പ്രത്യേകത. എട്ട് മാസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയിൽ ഇക്കുറി ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ചിത്രം ഏതെന്ന ചോദ്യം വളരെ പ്രധാനമാണ്. നിലവിൽ ബോക്‌സ് ഓഫീസിൽ തകർത്താടുന്ന ചിത്രങ്ങൾ കൂടി പരിഗണിച്ചാണ് ഈ ചോദ്യത്തിനുള്ള ഉത്തരം പറയുന്നത്.

പല ചിത്രങ്ങളും ഇക്കുറി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചെങ്കിലും ഇത്തവണ ലാഭകരമായി മാറിയ ചിത്രം നമ്മുടെ സ്വന്തം മോളിവുഡിൽ നിന്നുള്ള ഒരു സാധാരണ റൊമാന്റിക് കോമഡി ചിത്രമാണെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. അതെ അതാണ് സത്യം. യുവതാരം നസ്ലനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഗിരീഷ് എഡി സംവിധാനം ചെയ്‌ത പ്രേമലുവാണ് ഇക്കുറി ഏറ്റവുമധികം ലാഭമുണ്ടാക്കിയ ഇന്ത്യ ചിത്രം.
വെറും മൂന്ന് കോടി ബജറ്റിൽ വന്ന ഈ ചിത്രം ഏകദേശം 136 കോടിയോളം രൂപയാണ് കളക്ഷൻ നേടിയത്. അതിന്റെ അർഥം ചിത്രം നേടിയ ലാഭം ഏകദേശം 4500 ശതമാനത്തോളമാണ് എന്നതാണ്. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിനിമ എന്ന നേട്ടം അവർക്ക് സ്വന്തമായത്. ഈ ചിത്രം നിർമ്മിച്ചത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.
പ്രഭാസ് നായകനായി അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിശ പട്ടാണി എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ കമൽഹാസനും പ്രത്യക്ഷപ്പെട്ട നാഗ് അശ്വിന്റെ ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം കൽക്കിയാണ് ഇക്കുറി കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം കുറിച്ചത് എന്ന് നമുക്കറിയാം. ഇക്കുറി 1000 കോടി എന്ന മാന്ത്രിക നമ്പർ തൊടാൻ കഴിഞ്ഞതും ഈ ചിത്രത്തിന് മാത്രമാണ്.
എന്നാൽ ലാഭകരമായ സിനിമയുടെ കാര്യം പറയുമ്പോൾ കൽക്കിയല്ല ഒന്നാമത് വരുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. അതിന്റെ കാരണം ഈ ചിത്രത്തിന്റെ മുതൽ മുടക്ക് ഏകദേശം 600 കോടി രൂപയോളമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1100 കോടിയിൽ അധികമാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ, അത് കൽക്കിയെ ഇന്ത്യയിലെ എക്കാലത്തെയും വലിയ നാലാമത്തെ പണംവാരി പടങ്ങളിൽ ഒന്നായി മാറ്റുന്നു.
ഇത് കൂടാതെ നിലവിൽ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം നടത്തുന്ന രാജ്‌കുമാർ റാവു, ശ്രദ്ധാ കപൂർ ചിത്രമായ സ്ത്രീ 2വും കളക്ഷനിൽ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ നേരത്തെ പറഞ്ഞത് പോലെ തന്നെ ബോളിവുഡിലെ ബജറ്റ് തന്നെയാണ് ലാഭം കൂടുതലാവുന്നതിൽ നിന്ന് ഈ ചിത്രത്തെയും തടഞ്ഞു നിർത്തിയത്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ഏകദേശം 600 കോടിയിലധികം രൂപയാണ് ഈ ചിത്രം നേടിയത്, ബജറ്റ് ആവട്ടെ 120 കോടിയോളമാണ്.












Click it and Unblock the Notifications