തെലുഗിൽ ബമ്പർ ഹിറ്റായി പ്രേമലു; കളക്ഷനിൽ സകല മലയാള സിനിമകളെയും വെട്ടിച്ചു, നേടിയത് ഇത്ര കോടി?
മലയാള സിനിമയുടെ തലവര മാറ്റിയ മാസമാണ് ഫെബ്രുവരി. ഇടക്കാലത്ത് പല ചെറു ചിത്രങ്ങളും വന്ന് ബജറ്റിനെ അപേക്ഷിച്ച് ഹിറ്റടിക്കുകയും, മറ്റ് ഭാഷകളിൽ ഒടിടി റിലീസിലൂടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്‌തുവെങ്കിലും ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റാവാൻ മലയാള ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ കണ്ടന്റ് കൊണ്ടും, കളക്ഷൻ റെക്കോർഡ് കൊണ്ടും ഞെട്ടിച്ച മൂന്ന് ചിത്രങ്ങളാണ് ഫെബ്രുവരിയിൽ ഇറങ്ങിയത്.
അതിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു യുവനിരയിലെ പുത്തൻ താരോദയം നസ്ലനും, മമിതയും ഒന്നിച്ച് അഭിനയിച്ച പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്‌ത പ്രേമലു ഒരു റോം-കോം ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്ത് കൊണ്ടാണ് ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചത്. ആഗോള തലത്തിൽ നൂറ് കോടി കളക്ഷൻ എന്ന വമ്പൻ റെക്കോർഡാണ് ചിത്രം നേടിയെടുത്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു ഡബ്ബ് വേർഷൻ കളക്ഷനിൽ വലിയ നേട്ടം സ്വന്തമാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് സിനിമ ഇതുവരെ 15 കോടിയിലധികം രൂപയാണ് കളക്‌ട് ചെയ്‌തത്. ഇതോടെ തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
തമിഴ്‌നാട്ടിലും മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ തെലുഗു ഡബ്ബിംഗ് അവകാശം പ്രശസ്‌ത സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയയാണ് സ്വന്തമാക്കിയത് എന്നതാണ് പ്രത്യേകത. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയന്റ്സ് മൂവീസുമാണ്.
സിനിമയുടെ ആഗോള കളക്ഷൻ ഏകദേശം 130 കോടിയും കടന്നിരുന്നു. പത്ത് കോടി പോലും ബജറ്റ് ഇല്ലാത്ത ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടം തന്നെയാണ് സിനിമ സ്വന്തമാക്കിയത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ആകെ ചെലവായത് 3 കോടി രൂപയാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ ബ്ലോക്ക്‌ബസ്‌റ്റർ റിപ്പോർട്ട് തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
യുവനിരയിൽ നായക കഥാപാത്രങ്ങളിലേക്ക് പതിയെ ഉയർന്നു വരുന്ന നസ്ലനൊപ്പം മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഇവരെ കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ മറ്റ് താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുകയുണ്ടായി.
ഇതിന് പുറമെ കര്‍ണാടകത്തില്‍ നിന്ന് മാത്രം 'പ്രേമലു' ഇതുവരെ നേടിയത് 5.3 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്ന് 7.5 കോടിയും കളക്ഷൻ നേടിയിരുന്നു. 44 ദിവസം കൊണ്ട് പ്രേമലു ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 25.90 കോടിയിൽ അധികമാണ്.












Click it and Unblock the Notifications