'പൃഥ്വിരാജും ജോജുവുമാണ് റോൾ മോഡലുകൾ, മാർക്കോ വയലൻസ് സിനിമ ആണെന്ന് അറിഞ്ഞിട്ടും വിമർശിക്കുന്നു'; സാഗർ സൂര്യ
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് സാഗർ സൂര്യ. അടുത്തകാലത്തായി ഒരുപിടി മികച്ച വേഷങ്ങളുമായി താരം തന്റെ മികവ് തെളിയിച്ചിരുന്നു. സിനിമയിൽ ഗോഡ്‌ഫാദർമാർ ഇല്ലാതെ വളരുന്ന ചുരുക്കം അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് സാഗർ. സിനിമയിൽ സജീവമായി മാറുന്നതിന് മുൻപേ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് താരത്തെ നന്നായി അറിയാമായിരുന്നു. തട്ടിയും മുട്ടിയും എന്ന ജനപ്രിയ പരമ്പരയുടെ ഭാഗമായിരുന്നു സാഗർ സൂര്യ.
കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, നസീർ സംക്രാന്തി തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരന്ന സീരിയലിലെ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്‌തത് സാഗറായിരുന്നു. പിന്നീട് ചെറിയ റോളുകളിലേക്ക് സിനിമയിൽ എത്തി തുടങ്ങിയത്. പൃഥ്വിരാജ്, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കുരുതി എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏറ്റവും ഒടുവിൽ ജോജു ജോർജ് സംവിധാനം ചെയ്‌ത് താരം തന്നെ പ്രധാന വേഷത്തിൽ എത്തിയ പണി എന്ന ചിത്രത്തിലെ പ്രധാന വില്ലനായും സാഗർ അഭിനയിച്ചിരുന്നു. ഇതിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സാഗർ സൂര്യ. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സാഗർ സൂര്യയുടെ വാക്കുകൾ
മാർക്കോ സിനിമയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതൊരു വയലൻസ് സിനിമ ആണെന്ന്. പിന്നെ ഇത് കണ്ടിട്ട് എന്താണിത് കാണിച്ചുകൂട്ടിയിരിക്കുന്നെ എന്ന് പറയുന്നതിൽ അർത്ഥമില്ലലോ. അങ്ങനെ പറയുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. നേരത്തെ തന്നെ ഇത് പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ ഒരു ക്രാഫ്റ്റും ഉണ്ടാക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ഒട്ടുമിക്ക എല്ലാവരും വിദ്യാഭ്യാസമുള്ള ആളുകളാണ്.
എനിക്കൊക്കെ വീട്ടിൽ നിന്ന് ഒരുപാട് സ്നേഹം കിട്ടി വളർന്നതാണ്. മറ്റൊരു വഴിയിലേക്കും പോവാൻ തോന്നിയിട്ടില്ല. കുടുംബത്തിൽ നിന്നും സ്‌കൂളിൽ നിന്നുമൊക്കെയാണ് നമ്മളെ നേർവഴിക്ക് നടത്തേണ്ടത്. സിനിമ വളരെ മത്സരമുള്ള ഇടമാണ്. ഓരോ കാര്യങ്ങളും പുതുതായി പഠിച്ചില്ലെങ്കിൽ നമ്മൾ പിന്നിലാവും. അതിപ്പോൾ ഓരോ സീനിലെയും കൗണ്ടർ പോലെയുള്ളവ ആയിരിക്കാം. അങ്ങനെ ആവുന്നത് പുതുതായി പഠിക്കാൻ ശ്രമിക്കണം.
രാജു ചേട്ടന്റെ കൂടെയൊക്കെ വർക്ക് ചെയ്യുമ്പോൾ നമുക്ക് അത് മനസിലാവും. ആ സ്‌കിൽ ഉള്ള ആളാണ് പുള്ളി. സിനിമയിൽ എന്റെ റോൾ മോഡലുകൾ ജോജു ചേട്ടനും രാജു ചേട്ടനുമാണ്. അവരെയൊക്കെയാണ് എനിക്ക് ഭയങ്കര റോൾ മോഡലുകൾ ആയിട്ട് തോന്നിയത്. ജോജു ചേട്ടൻ ആണെങ്കിൽ സിനിമ, വണ്ടികളോട് താൽപര്യം ഉണ്ട്, പിന്നെ കുടുംബം.
രാജു ചേട്ടൻ ആണെങ്കിൽ നേരത്തെ പറഞ്ഞിട്ടുണ്ട്, ആദ്യം തനിക്ക് സിനിമയാണെന്ന്, പിന്നെ ഫാമിലിയും. ഇവരുടെ ഒക്കെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് മനസിലാവും. ചിലർക്ക് ഒരു സീൻ കഴിഞ്ഞാൽ പിന്നെ വേറെ ചിന്തകൾ ഒന്നുമില്ല. അവരൊക്കെ അത്രയും ഫോക്കസ്‌ഡ് ആണ്. ഇതുപോലെ ഒരു അനുഭവം ഇവരിൽ നിന്ന് മാത്രമേ എനിക്ക് കിട്ടിയിട്ടുള്ളൂ.












Click it and Unblock the Notifications