ആടുജീവിതം അതിവേഗത്തില്‍ ഒന്നാമന്‍, പൃഥ്വിരാജിന്റെ ആദ്യ 100 കോടി ചിത്രം; വീണതൊക്കെ വമ്പന്‍മാര്‍
മലയാള സിനിമയിലെ നാഴികക്കല്ലായി ബ്ലെസ്സിയുടെ ആടുജീവിതം. ചിത്രം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ വര്‍ഷം മലയാള സിനിമയുടെ മൂന്നാമത്തെ നൂറ് കോടി ചിത്രമാണിത്. നേരത്തെ പ്രേമലുവും, മഞ്ഞുമ്മല്‍ ബോയ്‌സും നൂറുകോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും മറ്റ് സംസ്ഥാനങ്ങളിലും വലിയ ഹിറ്റുകളായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും പ്രേമലു ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായിട്ടാണ് നേട്ടമുണ്ടാക്കിയത്. എന്നാല്‍ നോമ്പ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടും ആടുജീവിതം അതിവേഗം നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

പൃഥ്വിരാജ് എക്‌സ് ഹാന്‍ഡിലില്‍ ചിത്രം നൂറ് കോടി ആഗോള തലത്തില്‍ നേടിയതായി പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് സ്ഥിരീകരിച്ചു. അതേസമയം മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി കളക്ട് ചെയ്യുന്ന ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ഒന്‍പത് ദിവസം കൊണ്ടാണ് ആടുജീവിതം നൂറുകോടി ക്ലബില്‍ ഇടംപിടിച്ചത്.
രണ്ടാം സ്ഥാനത്തുള്ളത് 2018 ആണ്. പതിനൊന്ന് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലെത്തിയത്. മോഹന്‍ലാലിന്റെ ലൂസിഫര്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ 12 ദിവസങ്ങള്‍ കൊണ്ടും പ്രേമലു 31 ദിവസങ്ങള്‍ കൊണ്ടും പുലിമുരുകന്‍ 36 ദിവസങ്ങള്‍ കൊണ്ടുമാണ് നൂറുകോടി ക്ലബില്‍ ഇടംപിടിച്ചത്.
അതേസമയം ഈ വര്‍ഷം എബ്രഹാം ഓസ്ലറിലാണ് മലയാള സിനിമയിലെ ഹിറ്റുകള്‍ ആരംഭിച്ചത്. ഫെബ്രുവരി മാസത്തില്‍ പ്രേമലു ഇറങ്ങിയതോടെ വമ്പന്‍ വിജയമായി. തൊട്ടുപിന്നാലെ തന്നെ ഭ്രമയുഗവും, മഞ്ഞുമ്മല്‍ ബോയ്‌സും എത്തി. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ 200 കോടിയോളം നേടുകയും ചെയ്തു.
ആടുജീവിതത്തിന് ഇനി മുന്നിലുള്ളത് 2018, ലൂസിഫര്‍, പുലിമുരുകന്‍, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളാണ്. 175 കോടിയാണ് 2018ന്റെ കളക്ഷന്‍. അതേസമയം ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെയാണ് ആടുജീവിതം ഇത്ര വലിയ ബോക്‌സോഫീസ് വിജയമായി മാറിയിരിക്കുന്നത്. പട്ടികയിലുള്ള മറ്റ് ചിത്രങ്ങളെല്ലാം ഇത്തരം ഘടകങ്ങള്‍ ഉള്ളതാണ്.
ആടുജീവിതത്തിന് കളക്ഷനില്‍ ഇനിയുമേറെ മുന്നേറാനാവുമെന്നാണ് അവധിക്കാലം സൂചിപ്പിക്കുന്നത്. ഏപ്രില്‍ പതിനൊന്ന് മുതല്‍ വിഷു ചിത്രങ്ങള്‍ തിയേറ്ററിലെത്തി തുടങ്ങും. ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളാണ് വിഷു റിലീസായി എത്തുന്നത്.
രണ്ടു ചിത്രങ്ങളും വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. ആടുജീവിതത്തിന് ഇത് വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ നോമ്പ് കാലമായി തിയേറ്ററിലെത്താതിരുന്ന പ്രേക്ഷകര്‍ പലരും ഈദ് കഴിയുന്നതോടെ തിയേറ്ററിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. അത് ആടുജീവിതത്തിന്റെ കളക്ഷനും വര്‍ധിപ്പിച്ചേക്കും.












Click it and Unblock the Notifications