'സൂര്യയെ വെച്ച് ഒരു റൊമാന്റിക് സിനിമ ചെയ്യാനാണ് താൽപര്യം'; കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ
മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു പ്രമുഖ നടന്റെ മകനെന്ന നിലയിൽ അല്ലാതെ തന്റെ സ്വപ്രയത്നം കൊണ്ട് സിനിമയുടെ സകല മേഖലയിലും ശോഭിക്കുന്ന പൃഥ്വി ഇപ്പോൾ ഒരു പാൻ ഇന്ത്യൻ നായകൻ എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. അതിനെ കൂടുതൽ ആഴത്തിലേക്ക് ഊട്ടിയുറപ്പിക്കാൻ ബ്ലെസി ഒരുക്കുന്ന മാഗ്നം ഓപസ് ചിത്രം 'ആടുജീവിതം' ഉടൻ തിയേറ്ററുകളിൽ എത്തുകയാണ്.
ഇപ്പോഴിതാ നാടാണെന്നതിലുപരി ഒരു സംവിധായകൻ എന്ന നിലയിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച രാജു നിലവിൽ അതിന്റെ രണ്ടാം ഭാഗമായി എംപുരാന്റെ ചിത്രീകരണ തിരക്കുകളിലാണ്. അതിനിടയിൽ ആടു ജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തമിഴിലെ മുൻനിര നായകന്മാരിൽ ആരെയൊക്കെ നായകന്മാരാക്കി ഏതൊക്കെ ജോണറിൽ സിനിമ എടുക്കാനാണ് താൽപര്യപ്പെടുക എന്ന ചോദ്യത്തോടായിരുന്നു പൃഥ്വിരാജ് പ്രതികരിച്ചത്. സൂപ്പർതാരം സൂര്യയെ നായകനാക്കി ഒരു റൊമാന്റിക് ചിത്രം സംവിധാനം ചെയ്യാനാണ് തനിക്ക് ഇഷ്‌ടമെന്നായിരുന്നു പൃഥ്വിരാജ് മനസ് തുറന്നത്. അതിന്റെ കാരണവും താരം വെളിപ്പെടുത്തി.
'ഒരു ലവ് സ്‌റ്റോറി സംവിധാനം ചെയ്യണമെങ്കിൽ ഒരു നല്ല നടനെ നിങ്ങൾക്ക് ആവശ്യമാണ്. എന്നെ സംബന്ധിച്ച് സൂര്യ എന്ന നടൻ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ, ഏറ്റവും ഭംഗിയായി റൊമാൻസ് കൈകാര്യം ചെയ്യുന്ന നടന്മാരിൽ ഒരാളാണ്. പക്വതയുള്ള ഒരു പ്രണയകഥ സിനിമയാക്കുമ്പോൾ തീർച്ചയായും സൂര്യയെ നായകനാക്കണം എന്നാണ് എന്റെ ആഗ്രഹം' താരം ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അഭിമുഖത്തിൽ മറ്റ് നടന്മാരുടെ കാര്യവും പൃഥ്വി പറയുകയുണ്ടായി. തമിഴകത്തിന്റെ ദളപതി വിജയെ വച്ച് ഒരു ഡാർക്ക് ആക്ഷൻ സിനിമ ഒരുക്കണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറയുന്നു. കൂടാതെ സൂപ്പർസ്‌റ്റാർ രജനീകാന്തിനെ വെച്ച് ഒരു കോമഡി സിനിമയാണ് സംവിധാനം ചെയ്യാൻ താൻ താൽപ്പര്യപ്പെടുക എന്നും താരം പറഞ്ഞു.
അതേസമയം, പൃഥ്വി നായകനായി ബ്ലെസി സംവിധാനം ചെയ്‌ത മലയാള സിനിമ ഏറെക്കാലമായി കാത്തിരിക്കുന്ന ആടുജീവിതം ഈ മാസം 28ന് തിയേറ്ററുകളിൽ എത്തും. എആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. കൂടാതെ റസൂൽ പൂക്കുട്ടിയാണ് ശബ്‌ദ മിശ്രണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.












Click it and Unblock the Notifications