'അവന് അഭിനയിക്കാൻ ഒന്നും അറിയില്ല'; സൂര്യയുടെ അച്ഛൻ ശിവകുമാറിന്റെ വാക്കുകൾ ഓർത്തെടുത്ത് സ്വർഗചിത്ര അപ്പച്ചൻ
മലയാളത്തിലെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രങ്ങളിൽ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയിൽ ഒന്നായിരുന്നു ഫ്രണ്ട്സ്. ഇതേപേരിൽ തന്നെ ചിത്രം തമിഴിലേക്ക് സിദ്ദിഖ് റീമേക്ക് ചെയ്‌തിരുന്നു. അതിൽ പ്രധാന വേഷത്തിൽ എത്തിയത് തമിഴിലെ സൂപ്പർ സ്‌റ്റാറുകളായ വിജയും സൂര്യയുമാണ്. ചിത്രത്തിന്റെ നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചൻ ഇപ്പോൾ സൂര്യ ഇതിലേക്ക് വന്നത് എങ്ങനെയാണെന്ന് തുറന്നുപറയുകയാണ്.
ചിത്രത്തിൽ അഭിനയിക്കാനായി സൂര്യയെ ക്ഷണിക്കാനായി ചെന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ശിവകുമാർ പറഞ്ഞ വാക്കുകളും അപ്പച്ചൻ ഓർത്തെടുത്തു. അന്ന് താരതമ്യേന പുതുമുഖം മാത്രമായിരുന്ന സൂര്യയെ അഭിനയിക്കാൻ വിടാൻ പിതാവ് ശിവകുമാറിന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ലെന്നും സൂര്യയുടെ അമ്മയുടെ നിർബന്ധമാണ് വിടാൻ കാരണമെന്നും അപ്പച്ചൻ പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ 4കെ പ്രസ് മീറ്റിലായിരുന്നു അപ്പച്ചൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. വേറെ ഏതെങ്കിലും നടനെ അഭിനയിപ്പിക്കാൻ നോക്കൂ എന്ന് പറഞ്ഞ് ശിവകുമാർ തങ്ങളെ തിരിച്ചയക്കാൻ ഒരുങ്ങിയെന്നും സ്വർഗചിത്ര അപ്പച്ചൻ പറയുകയുണ്ടായി.
'കാതലുക്ക് മര്യാദൈ എന്ന സിനിമ ഹിറ്റായപ്പോഴാണ് വിജയിയെ വെച്ച് തമിഴിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയത്. അങ്ങനെയാണ് ഫ്രണ്ട്സ് ഉണ്ടാവുന്നത്. സിദ്ദിഖ് തന്നെയായിരുന്നു അത് തമിഴിൽ സംവിധാനം ചെയ്‌തത്. വിജയ് അപ്പോൾ കരിയറിൽ ഉയർന്നുവരികയായിരുന്നു. സൂര്യ താരതമ്യേന പുതുമുഖവും ആയിരുന്നു' അപ്പച്ചൻ പറയുന്നു.
'ആ ചിത്രത്തിലേക്ക് സൂര്യയെ വിളിക്കാൻ പോയപ്പോൾ സംസാരിച്ചത് അദ്ദേഹത്തിന്റെ അച്ഛനുമായിട്ടാണ്. സൂര്യയുടെ അച്ഛൻ ശിവകുമാർ തമിഴിലെ പഴയ നടനായിരുന്നു. എന്നാൽ ഈ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ ശിവകുമാറിന് സൂര്യയെ അഭിനയിക്കാൻ വിടാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല' അദ്ദേഹം അന്നത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞു.
'അവന് അഭിനയിക്കാൻ ഒന്നും അറിയില്ല നിങ്ങൾ വേറെ നടനെ നോക്കിക്കോ എന്ന് പറഞ്ഞ ശിവകുമാർ ഞങ്ങളെ മടക്കി അയക്കാൻ നോക്കി. എന്നാൽ ഞങ്ങൾ വീണ്ടും കുറെ നിർബന്ധിച്ചു. അവന് പഠിക്കാനുണ്ട്, ക്രിക്കറ്റിലാണ് താൽപര്യം എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ശിവകുമാർ. ഞങ്ങളെ ഗെറ്റൗട്ട് അടിച്ചില്ലെന്ന് മാത്രമേയുള്ളൂ' അപ്പച്ചൻ മനസ് തുറന്നു.
'ഇതൊക്കെ കണ്ടുകൊണ്ട് സൂര്യയുടെ അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു. സൂര്യക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടെന്ന് അമ്മയ്ക്ക് അറിയാം. അങ്ങനെ അവരുടെ നിർബന്ധം കൊണ്ട് മാത്രമാണ് സൂര്യ ആ സിനിമയിൽ അഭിനയിച്ചത്. സ്വന്തം അച്ഛൻ പോലും അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ സൂര്യ ഇന്നെവിടെ എത്തി നിൽക്കുന്നു' സ്വർഗചിത്ര അപ്പച്ചൻ കൂട്ടിച്ചേർത്തു.
അതേസമയം, സ്വർഗ ചിത്ര അപ്പച്ചൻ നിർമ്മിച്ച സിദ്ദിഖ് സംവിധാനം ചെയ്‌ത ഫ്രണ്ട്സ് തമിഴ്‌നാട്ടിൽ വൻ ഹിറ്റായിരുന്നു. ഈ ചിത്രം വിജയുടെയും സൂര്യയുടെയും കരിയറിൽ വലിയ ബ്രേക്കാണ് നൽകിയത്. ഇരുവർക്കും ഒപ്പം രമേശ് ഖന്ന, വടിവേലു, ദേവയാനി തുടങ്ങിയ വൻ താരനിര തന്നെയാണ് അണിനിരന്നത്. ഇളയരാജയായിരുന്നു സംഗീത സംവിധാനം.












Click it and Unblock the Notifications