'മിഥുൻ മാനുവൽ ഒന്ന് ചിരിച്ചാൽ ആട് 3 ഉടൻ വരും...'; ആ സർപ്രൈസ് പുറത്തുവിട്ട് വിജയ് ബാബു
മലയാളികളുടെ പ്രിയ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയ് ബാബു ഒരുക്കിയത്. അക്കൂട്ടത്തിൽ മലയാളത്തിലെ പ്രമുഖ സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായ ആട് ഫ്രാഞ്ചൈസി നിർമ്മിച്ചതും വിജയ് ബാബു ആയിരുന്നു. ഇപ്പോഴിതാ അതിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് അദ്ദേഹം.
മലയാളി പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആട് 3. ഈ ചിത്രം വൈകാനുള്ള കാരണവും വിജയ് ബാബു വെളിപ്പെടുത്തുകയുണ്ടായി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇപ്പോൾ ത്രില്ലർ മോഡിൽ ആണെന്നും, എപ്പോഴാണ് അതിൽ നിന്ന് അദ്ദേഹം തിരിച്ചുവരികയെന്ന് അറിയില്ലെന്നും വിജയ് ബാബു പറയുന്നു. 'പോപ്പർ സ്‌റ്റോപ്പ് മലയാളം' എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ബാബു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'മിഥുൻ മാനുവൽ ചിരിച്ചോ..? ചിരിച്ചെങ്കിൽ കൊഴപ്പമില്ല. പുള്ളി ഇപ്പൊ ത്രില്ലർ മൂഡിലാണ്. ചിരിച്ചെങ്കിൽ ഹ്യൂമർ മൂഡിലേക്ക് എത്തിയെന്ന് മനസിലാക്കാം. അപ്പോൾ നടക്കും. ഞങ്ങൾ എല്ലാം അതേ പോലെ മൈന്റൈൻ ചെയ്‌തു പോവുകയാണ്, സൈജുവും ഞാനുമൊക്കെ. എല്ലാരും അതേ ലുക്ക് പിടിച്ചോണ്ട് ഇരിക്കുകയാണ്.' വിജയ് ബാബു പറയുന്നു.
'സൈജുവിനെ കാണുമ്പോൾ ഞാൻ പറയാറുണ്ട്. തടി കൂടല്ലേ എന്ന്. നമുക്ക് അബുവിന്റെ ചെയ്യാനുള്ളതാണെന്ന് പറയാറുണ്ട്. ജയനും, എല്ലാരും ചോദിക്കുന്ന ചോദ്യമാണ് ഇത്. റിയാലിറ്റിയിലേക്ക് വരികയാണെങ്കിൽ അതിന്റെ ഫസ്‌റ്റ് ഹാഫ് എഴുതി കഴിഞ്ഞതാണ്. പുള്ളിക്ക് സെക്കന്റ് ഹാഫിലേക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല' വിജയ് ബാബു ആട് മൂന്നാം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി.
'ഒരു റൈറ്ററുടെ സ്‌പേസ് ഉണ്ടല്ലോ. പുള്ളിക്ക് ആ ഹ്യൂമർ അവസ്ഥയിലേക്ക് എത്തണം. ഇതാണ് ഇനി പറയാനുള്ളത്. ഒരുപക്ഷേ ഓസ്‌ലർ കഴിഞ്ഞാൽ മിഥുൻ മനുവലിന്റെ കഥകൾ വരാനുണ്ട്. എന്തായാലും ആട് 3 ഉടനെ ഉണ്ടാകും' വിജയ് ബാബു പറഞ്ഞു.
അതേസമയം, യുവാക്കളും കുടുംബങ്ങളും ഏറ്റവും അധികമേറ്റെടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു ആട് 2. ഒന്നാം ഭാഗത്തിന് പ്രതീക്ഷിച്ച ജനപിന്തുണ തിയേറ്ററുകളിൽ കിട്ടിയില്ലെങ്കിലും ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് ശേഷം ചിത്രത്തിന് ഒരു കൾട്ട് പരിവേഷം തന്നെ കൈവന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയത്. ഇത് വലിയ രീതിയിൽ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇതോടെയാണ് മൂന്നാം ഭാഗവും പ്രഖ്യാപിച്ചത്.












Click it and Unblock the Notifications