ബോക്‌സ് ഓഫീസ് കാട്ടുതീയായി പുഷ്‌പ 2; നെഗറ്റീവ് ഏശിയില്ല, 1000 കോടിയിലേക്ക്, ഈ റെക്കോർഡ് നേടുമോ?
ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിക്കൊണ്ടാണ് സ്‌റ്റൈലിഷ് സ്‌റ്റാർ അല്ലു അർജുൻ നായകനായ പുഷ്‌പ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയത്. ഹൈദരാബാദിൽ പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതിക്ക് ജീവൻ നഷ്‌ടമാവുകയും പലയിടത്ത് നിന്നും മോശം റിവ്യൂകൾ വരികയും ചെയ്‌തിട്ടും ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് കളക്ഷൻ കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്തകാലത്തായി ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഹൈപ്പുമായാണ് അല്ലു അർജുൻ നായകനായ ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ മുന്നൂറ് കോടിയിലധികം രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഇത് തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റെക്കോർഡ് കളക്ഷനുകളിൽ ഒന്നാണ്. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്ക് പോലും സാധിക്കാത്ത കാര്യമാണ് പുഷ്‌പയിലൂടെ അല്ലു നേടിയത്.

ഇപ്പോഴിതാ ട്രാക്കർമാർ പറയുന്നത് അനുസരിച്ച് ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ചിത്രമായി അടുത്ത ദിവസങ്ങളിൽ തന്നെ മാറുമെന്നാണ് വിവരം. നിലവിൽ റിലീസ് ചെയ്‌ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ കളക്ഷൻ കണക്കുകളിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പുഷ്‌പ രണ്ടാംഭാഗം.
നാലാം ദിനമായി ഇന്ന് തന്നെ ആഗോള തലത്തിൽ 800 കോടി കളക്ഷൻ എന്ന നേട്ടം ചിത്രം മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ നിന്ന് മാത്രം പുഷ്‌പ രണ്ടാം ഭാഗം 600 കോടി രൂപയിൽ അധികം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശ മാർക്കറ്റുകളിലും ചിത്രം വലിയ രീതിയിൽ വർക്കായിട്ടുണ്ട്.
അതുകൊണ്ട് തന്നെ അഞ്ചാം ദിവസമായി തിങ്കളാഴ്‌ചയോ ആറാം ദിനമായ ചൊവ്വാഴ്‌ചയോ ചിത്രത്തിന്റെ കളക്ഷൻ 1000 കോടി എന്ന മാന്ത്രിക സംഖ്യ മറികടക്കും എന്നാണ് കരുതപ്പെടുന്നത്. ഞായറാഴ്‌ച മാത്രം ചിത്രം 160 കോടിയോളം രൂപ കളക്ഷനായി സ്വന്തമാക്കിയിരുന്നു. ഇതോടെ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ എന്ന നേട്ടം അല്ലുവിന് അകലെയല്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
തെലുഗു ഭാഷയിലാണ് അല്ലു അർജുൻ ചിത്രങ്ങൾ പൊതുവെ കളക്ഷൻ നേടാറുള്ളതെങ്കിൽ ഇക്കുറി പുഷ്‌പ രണ്ടാം ഭാഗം നോർത്ത് ബെൽറ്റിൽ വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്. ഇതും ചിത്രത്തിന്റെ മുന്നേറ്റത്തിന് വലിയ രീതിയിൽ കാരണമായിട്ടുണ്ട്. വാരാന്ത്യത്തിൽ കളക്ഷനിൽ ഉൾപ്പെടെ പല വമ്പൻ ചിത്രങ്ങളെയും പുഷ്‌പ മറികടന്നുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകൾ വ്യക്തമാക്കുന്നത്.
അതേസമയം, അല്ലു അർജുൻ പുഷ്‌പരാജ് എന്ന ചന്ദനക്കള്ളക്കടത്ത് നടത്തുന്ന വ്യക്തിയായി നിറഞ്ഞാടുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഒന്നാം ഭാഗത്തിലും ഫഹദ് തന്നെയായിരുന്നു പ്രധാന വില്ലൻ. രശ്‌മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, റാവു രമേശ്, സുനിൽ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സുകുമാറാണ് സംവിധാനം.












Click it and Unblock the Notifications