ആദ്യദിനം പ്രതീക്ഷിച്ച കളക്ഷൻ 275 കോടി..! പുഷ്‌പ രണ്ടാംഭാഗത്തിന് എട്ടിന്റെ പണിയോ? പ്രിന്റ് ഓൺലൈനിൽ
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ വരവേൽപ്പ് ഏറ്റുവാങ്ങി കൊണ്ടാണ് അല്ലു അർജുൻ നായകനായ പുഷ്‌പയുടെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തിയത്. തെലുങ്കിൽ മാത്രമല്ല, നോർത്ത് ഇന്ത്യയിലും കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ തരംഗമായ ഒന്നാം ഭാഗത്തിനെ കടത്തിവെട്ടുന്ന പ്രതികരണങ്ങളാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര ആശാവഹമല്ല എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
ഡിസംബർ അഞ്ച് വ്യാഴാഴ്‌ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ പ്രിന്റ് വിവിധ ഓൺലൈൻ സൈറ്റുകളിൽ മണിക്കൂറുകൾക്ക് അകം ചോർന്നുവെന്നതാണ് അണിയറപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന കാര്യം. ആന്റി പൈറസി നിയമങ്ങൾ ശക്തമാണെങ്കിലും അല്ലു അർജുന്റെ ബ്രഹ്മാണ്ഡ സിനിമയായ പുഷ്‌പ രണ്ടിന് ഓൺലൈൻ ചോർച്ച വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

റിലീസ് ചെയ്‌ത് കേവലം മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ചിത്രത്തിന്റെ പതിപ്പ് ഓൺലൈൻ സൈറ്റുകളിൽ വ്യാപകമാവുന്നത്. ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നിലവിൽ അഞ്ചോളം വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് തന്നെ ലഭ്യമാണ് എന്നതാണ്. ഇതിൽ മൂവീറൂൾസ്, തമിഴ്റോക്കേഴ്‌സ്, ഫിൽമിസില്ല എന്നീ വെബ്‌സൈറ്റുകൾ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.
ഇത് കൂടാതെ ടെലിഗ്രാമിലൂടെയും ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് പ്രചരിക്കുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ 720p, 1080p, 480p, 360p, 240p എന്നിങ്ങനെ എല്ലാവിധ റെസലൂഷനുകളിലും സിനിമയുടെ വ്യാജ പ്രിന്റ് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ 500 കോടി രൂപയോളം മുടക്കി നിർമ്മിച്ച ചിത്രത്തിനെ കളക്ഷനെ ഇത് സാരമായി ബാധിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ആശങ്ക.
നിലവിൽ ചിത്രത്തിന്റെ ആദ്യദിനത്തിൽ തന്നെ എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീമിയർ കാണാനെത്തിയവരിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അവരുടെ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. വിവിധ ഇടങ്ങളിൽ പോലീസും ആരാധകരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി.
ഇതിനിടയിലാണ് ചിത്രത്തിന്റെ പ്രിന്റ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ വലിയ ജനത്തിരക്കാണ് തിയേറ്ററുകൾക്ക് മുന്നിലുള്ളത്. റെക്കോർഡ് കളക്ഷൻ നേടി ചിത്രം ആദ്യദിനം തന്നെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. സ്‌ക്രീൻ കൗണ്ടും ഉയർന്ന ടിക്കറ്റ് നിരക്കും കണക്ക് കൂട്ടുമ്പോൾ ആദ്യദിനം തന്നെ ചിത്രം ആഗോള തലത്തിൽ 275 കോടിക്ക് മുകളിൽ നേടുമെന്നാണ് കരുതുന്നത്.
എന്നാൽ പൈറസി സൈറ്റുകളിൽ വന്ന എച്ച്ഡി പ്രിൻറ് ജനങ്ങളെ തിയേറ്ററിൽ നിന്ന് അകറ്റുമോ എന്നാണ് പ്രധാന ആശങ്ക. കൂടാതെ തെലുങ്ക് സംസ്ഥാനങ്ങളിൽ ചിത്രത്തിൽ 500 രൂപ മുതൽ 3000 രൂപ വരെയാണ് ആദ്യ ദിനങ്ങളിലെ ടിക്കറ്റ് നിരക്ക്. ഇതും ജനങ്ങളെ പിന്നിലേക്ക് വലിക്കുമോ എന്നതും ആശങ്കയാണ്. ഈ സാഹചര്യത്തിൽ ഓൺലൈനിൽ ചോർന്ന ചിത്രത്തിന്റെ പതിപ്പുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനാവും അണിയറപ്രവർത്തകർ ശ്രമിക്കുക.
സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ രണ്ടാം ഭാഗം ചന്ദനക്കള്ളക്കടത്തുകാരൻ പുഷ്‌പരാജിന്റെ കഥയാണ് പറയുന്നത്. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വില്ലൻ വേഷത്തിൽ മലയാളികളുടെ അഭിമാനമായ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും രശ്‌മിക മന്ദാന നായികയായും എത്തുന്ന ചിത്രത്തിൽ സുനിൽ, പ്രകാശ് രാജ്, ശ്രീതേജ്, അനസൂയ ഭരദ്വാജ്, പ്രിയാമണി, ജഗപതി ബാബു, അജയ് ഘോഷ്, റാവു രമേശ്, മൈം ഗോപി, അജയ് എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.












Click it and Unblock the Notifications